National
വോട്ട് ക്രമക്കേട്: ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു; രാഹുല്‍ ഗാന്ധി
ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ പുതിയ ആരോപണം.
ന്യൂഡല്‍ഹി| വോട്ട് ക്രമക്കേടില്‍ ബിജെപിക്ക് എതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ടുള്ള ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ പുതിയ ആരോപണം.
ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്തതായി എനിക്കറിയാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആരുടെയും പേരെടുത്ത് അദ്ദേഹം പറഞ്ഞില്ല. ഹരിയാനയിലെ രണ്ട് കോടി വോട്ടര്‍മാരില്‍ 29 ലക്ഷം വോട്ടര്‍മാര്‍ വ്യാജന്മാരായിരുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി വോട്ട് മോഷണം നടത്തി. ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കാനാണ് ശ്രമം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.





