Connect with us

From the print

ആശിര്‍വാദം തേടി ഉള്ളാള്‍ മഖ്ബറയില്‍

ഉള്ളാള്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനിയുടെ ആശിര്‍വാദങ്ങള്‍ നേടിയാണ് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മൂന്നാം കേരളയാത്ര ആരംഭിച്ചത്.

Published

|

Last Updated

കാസര്‍കോട് | ഉള്ളാള്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനിയുടെ ആശിര്‍വാദങ്ങള്‍ നേടിയാണ് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മൂന്നാം കേരളയാത്ര ആരംഭിച്ചത്. കഴിഞ്ഞ രണ്ട് യാത്രകളും ആരംഭിച്ചതും ഈ മഖ്ബറ സിയാറത്തോടെ തന്നെ.

സുന്നി പ്രസ്ഥാന നായകരും പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനായിരങ്ങള്‍ അനുഗ്രഹം തേടിയെത്തുന്ന ഈ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്‍ ആരാണ്? അഞ്ച് നൂറ്റാണ്ട് മുമ്പാണ് മദീനയില്‍ നിന്ന് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിന് സയ്യിദവര്‍കള്‍ ഉള്ളാളിലെത്തിയത്. കടലില്‍ മുസല്ല വിരിച്ച് അദ്ദേഹം ഉള്ളാളിലെത്തിയെന്നാണ് വിശ്വാസം. നിരവധി പ്രത്യേകതകള്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ നാട്ടുകാര്‍ക്ക് അദ്ദേഹം വളരെ പെട്ടെന്ന് സ്വീകാര്യനായി മാറി. നിര്‍ധന കുടുംബത്തില്‍ നിന്ന് അദ്ദേഹം വിവാഹം കഴിച്ചു.

നിരവധി കറാമത്തുകള്‍ കൊണ്ട് പ്രസിദ്ധിയാര്‍ജിച്ച മഹാനാണ് ഉള്ളാള്‍ സയ്യിദ് ശരീഫുല്‍ മദനി തങ്ങള്‍. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് ഇവിടത്തെ ഉറൂസ് നടക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം തേടി നാനാമത വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ആളുകളെത്തുന്നു.