Articles
കളിക്കളത്തിലെ കാവിക്കൈയേറ്റങ്ങള്‍
കലയെയും കായികത്തെയുമെല്ലാം വിനോദമായിട്ടെടുക്കുകയുംഅങ്ങനെ തന്നെ അതിനെ ആസ്വദിക്കുകയും ചെയ്യുകയെന്നല്ലാതെ അതില്‍ മതത്തെയും വിശ്വാസത്തെയും കൂട്ടിക്കുഴക്കുന്നത് പ്രഹസനമാണ്. ജാതിയും മതവും വര്‍ഗവും വര്‍ണവുമെല്ലാം മറന്ന് സ്‌കോറുകളിലേക്കും റണ്‍സുകളിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം ക്രിക്കറ്റടക്കമുള്ള കായിക വിനോദങ്ങള്‍.
വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ വിജയ കിരീടം ചൂടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ജമീമ റോഡ്രിഗസെന്ന ഇരുപത്തിയഞ്ചുകാരിയാണ്. ശക്തരായ ആസ്ത്രേലിയക്കെതിരെ നടന്ന നിര്‍ണായക സെമി ഫൈനലില്‍ സെഞ്ച്വറി പ്രകടനവുമായി ജമീമ കളം നിറഞ്ഞപ്പോള്‍ വാഴ്ത്തുപാട്ടുകളുമായി രാജ്യം ഈ മഹാരാഷ്ട്രക്കാരിയെ തോളിലേറ്റി. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ടീമിലെ സ്ഥാനം പോലും തുലാസിലായിരുന്നിടത്ത് നിന്ന് നിര്‍ണായക മത്സരത്തില്‍ രാജ്യത്തിനെ ഒറ്റക്ക് കരകയറ്റുന്ന മികവിലേക്ക് വളര്‍ന്ന ജമീമ അത് അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ ഈ പ്രോത്സാഹനങ്ങള്‍ക്കിടയിലും തലപെരുക്കുന്ന ചില ചിന്താ വൈകല്യങ്ങളെ ഇന്ത്യ കണ്ടു. ജമീമ റോഡ്രിഗസെന്ന പേരും മത്സര ശേഷം അവര്‍ പ്രസ്സ് മീറ്റില്‍ പറഞ്ഞ ചില വാക്കുകളും മതേതര ഇന്ത്യയിലെ ഒരുപറ്റം വര്‍ഗീയ വാദികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ആ വിരോധം സോഷ്യല്‍ മീഡിയയിലൂടെ പ്രകടമായപ്പോള്‍ ഇന്ത്യയുടെ പ്രസിദ്ധമായ മതേതരത്വത്തിന്റെ ഉള്ളുകള്ളികള്‍ ലോകം വ്യക്തമായി കണ്ടു.
ഫൈനലില്‍ ജമീമ കുറഞ്ഞ സ്‌കോറില്‍ പുറത്തായപ്പോഴാണ് പലയിടത്തും അസ്വാരസ്യങ്ങള്‍ പ്രകടമായി തുടങ്ങിയത്. സെമിയിലെ സെഞ്ച്വറിക്ക് ബൈബിള്‍ വാചകം തുണയായെന്ന് പറഞ്ഞ ജമീമ ദൈവത്തിന് നന്ദിയും പറഞ്ഞിരുന്നു. യേശുവാണ് തന്റെ വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജമീമ വിരോധം മറനീക്കി പുറത്ത് വരാന്‍ ഇത് ധാരാളമായിരുന്നു. പരിഹാസങ്ങളും പരിഭവങ്ങളുമായി അത് രാജ്യത്തോളം വളര്‍ന്നു. ഫൈനലിലെ മോശം പ്രകടനത്തിന് ശേഷം ‘പ്രബുദ്ധ’ മലയാളിയുടെ സോഷ്യല്‍ മീഡിയകളില്‍ പോലും യേശുവിനെ തിരഞ്ഞുള്ള പോസ്റ്റുകളെത്തി. ‘ഫൈനല്‍ യേശു അറിഞ്ഞിട്ടുണ്ടാകില്ല’യെന്ന് തുടങ്ങുന്ന പരിഹാസത്തെ കളിയാവേശം എന്നതിനപ്പുറം പച്ചവര്‍ഗീയതയായിട്ട് തന്നെയല്ലേ കാണേണ്ടത്. അല്ലെങ്കിലും ഇത്തരം വിഷയങ്ങളിലാണോ നര്‍മം കാണിക്കേണ്ടത്. മറ്റൊരു മതത്തെയോ മത നേതാക്കളെയോ വൃണപ്പെടുത്തുന്ന ഇത്തരം സമീപനം താഴ്ന്ന നിലവാരമാണെന്ന് പറയാതെ വയ്യ. ജമീമയുടെ രാജ്യസ്നേഹം മാത്രം ഇങ്ങനെ ഇഴകീറി പരിശോധിക്കേണ്ട ആവശ്യകതയെന്താണ്? ക്രിക്കറ്റ് ചരിത്രത്തിലും കായിക രംഗത്തും ഇതിന് മുമ്പും ദൈവത്തിന് നന്ദി പറഞ്ഞുള്ള ആഹ്ലാദ പ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും വിരാട് കോലിയുടെയുമെല്ലാം സെലിബ്രേഷനുകളില്‍ നാം അത് കണ്ടതുമാണ്. രാജ്യത്തോളം തന്റെ ദൈവത്തെയും സ്നേഹിക്കുന്നവര്‍ക്ക് അത് സാധാരണയുമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിജയശില്‍പ്പിയായി മാറിയിട്ടും ഒരു ഇരുപത്തിയഞ്ചുകാരിയായ പെണ്‍കുട്ടി സൈബറിടങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്നത്. ബി ജെ പി നേതാവും നടിയുമായ ഒരു സ്ത്രീയുടെ പോസ്റ്റിലെ വേവലാതി ആശ്ചര്യപ്പെടുത്തുന്നതാണ്. ജീസസിന് നന്ദി പറഞ്ഞതിന് പകരം ആരെങ്കിലും ജയ് ശ്രീറാം വിളിച്ചതാണ് സംഭവമെങ്കില്‍ എന്താകുമായിരുന്നെന്നാണ് ഇവരുടെവ്യാകുലത. അന്യന്റെ മതത്തിനെ വൃണപ്പെടുത്താത്ത രീതിയില്‍ ജയ് ശ്രീറാമോ മറ്റു വചനങ്ങളോ വിളിച്ചതിനെ എവിടെയും എതിര്‍ക്കപ്പെട്ടിട്ടില്ല. പകരം മറ്റുള്ളവരെ അപഹസിക്കാനോ ആക്രമിക്കാനോ ആണെങ്കില്‍ ജയ് ശ്രീറാമെന്നല്ല ഏത് മതവാക്യങ്ങളും അപകടം തന്നെയാണ്. ജമീമ റോഡ്രിഗസിന്റെ വിജയാഹ്ലാദത്തില്‍ താന്‍ വിശ്വസിക്കുന്ന മതത്തിന്റെ നേതാവിനെ കൂടി ചേര്‍ത്ത് പറഞ്ഞതില്‍ എന്തിനാണിവര്‍ വ്യാകുലപ്പെടുന്നത്.
കേരള യുക്തിവാദികളുടെ തല മുതിര്‍ന്ന നേതാവെന്ന് അവകാശപ്പെടുന്ന ഒരാള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. എതിര്‍ ടീമിലെ സത്യക്രിസ്ത്യാനികളെ ദൈവവും യേശുവും പരിഗണിച്ചില്ലെന്നായിരുന്നു ഇയാളുടെ പരിഹാസം. മതേതര രാജ്യത്തെ ഒരു പൗരന് തന്റെ വിശ്വാസം പ്രകടിപ്പിക്കാന്‍ പോലും ഇതരന്റെ യുക്തിക്ക് വിധേയനാകണമെന്ന അവസ്ഥ എത്ര ദയനീയമാണ്. ഏതൊരാള്‍ക്കും അവനിഷ്ടപ്പെട്ട മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അതിനെ പ്രചരിപ്പിക്കാനും അവകാശം നല്‍കുന്ന ശക്തമായ ഒരു ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ എന്നോര്‍ക്കണം. മറ്റൊരാളുടെ വിശ്വാസം നിങ്ങളെ പ്രതികൂലമായിബാധിക്കാത്ത കാലത്തോളം നിങ്ങളെന്തിനാണ് സമൂഹമേ വ്യാകുലപ്പെടുന്നത്? അവനവന്റെ വിശ്വാസങ്ങള്‍ ഓരോരുത്തര്‍ക്കും പ്രധാനമായത് പോലെ തന്നെ അനുഷ്ഠാനങ്ങളിലും വ്യക്തമായ വ്യക്തി സ്വാതന്ത്ര്യമില്ലേ? ഇതിനോടൊക്കെ പ്രതികരിക്കാതിരിക്കുക എന്ന സാമാന്യ മര്യാദ പ്രബുദ്ധത അവകാശപ്പെടുന്ന മലയാളികളെങ്കിലും കാണിക്കണ്ടേ?
ഈ ഒരു ലോക കപ്പോടെ മാത്രം വര്‍ഗീയ, മതവിരുദ്ധ വാദികളുടെ കണ്ണിലെ കരടായതല്ല ജമീമ റോഡ്രിഗസ്. പാകിസ്താന്‍ ക്രിക്കറ്റ് താരമായ മുഹമ്മദ് റിസ്്വാനോട് ഉപമിച്ച് കഴിഞ്ഞ വര്‍ഷവും ജമീമക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അന്ന് ജമീമയുടെ കുടുംബം ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നവരാണെന്ന് ആരോപിച്ചായിരുന്നുവേട്ട. ഇന്ത്യയുടെ മുഹമ്മദ് റിസ്്വാന്‍ എന്നായിരുന്നു അന്ന് സൈബറിടങ്ങള്‍ ജമീമക്കിട്ട പേര്. അതിന്റെ പേരില്‍ പല ആഭ്യന്തര ടീമുകളില്‍ നിന്നും ജമീമ പുറത്താക്കപ്പെട്ടിട്ടുമുണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഈ ഇരുപത്തിയഞ്ചുകാരി ഈ വര്‍ഷത്തെ വനിതാ ഏകദിന ലോകകപ്പിന് തിരഞ്ഞെടുക്കപ്പെടുന്നത്.
ജമീമ ഈ വിഷയത്തിലെ ആദ്യത്തെ ഇരയൊന്നുമല്ല. ഇന്ത്യന്‍പുരുഷ ടീം ട്വന്റി 20 ലോകകപ്പ് വിജയിച്ചപ്പോള്‍ ടീം അംഗമായിരുന്ന ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ് ‘അല്ലാഹുവിന് നന്ദി’യെന്ന് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചപ്പോഴും സമാന അവസ്ഥയായിരുന്നു. വിദ്വേഷ കമന്റുകളിലൂടെ അന്ന് തീവ്ര ഹിന്ദുത്വവാദികള്‍ സിറാജിനെ വരിഞ്ഞു മുറുക്കി. 2021ലെ ട്വന്റി 20 ലോകകപ്പില്‍ മുഹമ്മദ് ഷമിയായിരുന്നു ഇര. അന്ന് ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടപ്പോള്‍ പ്രതിക്കൂട്ടിലായത് ഇന്ത്യക്കായി പന്തെറിഞ്ഞ ഷമി. അയാളെ ഇന്ത്യയിലെ പാകിസ്താന്‍ ചാരനായിപോലും വിശേഷിപ്പിക്കാന്‍ സംഘ്പരിവാര്‍ മടി കാണിച്ചില്ല. ഷമി പാകിസ്താനില്‍ നിന്ന് പണം വാങ്ങിയെന്നും ആരോപണമുയര്‍ന്നു. സൈബര്‍ ആക്രമണം ശക്തമായപ്പോള്‍ സച്ചിനും കോലിയുമടക്കമുള്ള പ്രമുഖര്‍ ഷമിയെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും പാകിസ്താനെ ബന്ധിപ്പിച്ചുള്ള ആരോപണങ്ങള്‍ ഷമിയെ മാനസികമായി തളര്‍ത്തി. ഇതില്‍ മനംനൊന്ത് ഷമി ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നുവെന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വളരെ വേദനയോടെയാണ് കായികലോകം ശ്രവിച്ചത്. ആ കാലഘട്ടത്തില്‍ പീഡന ആരോപണമടക്കം പല പ്രതിസന്ധികളിലൂടെയും കടന്ന് പോയ ഷമിയെ ഏറ്റവും കൂടുതല്‍ വലച്ചത് ഈ ആരോപണമായിരുന്നെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന് പറയുന്നത് ഒട്ടും സഹിക്കാന്‍ കഴിയുന്നില്ലെന്ന് ഷമി തന്നോട് പറഞ്ഞതായും സുഭാന്ത്ര മിശ്രയെന്ന സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു.
കലയെയും കായികത്തെയുമെല്ലാം വിനോദമായിട്ടെടുക്കുകയും അങ്ങനെ തന്നെ അതിനെ ആസ്വദിക്കുകയും ചെയ്യുകയെന്നല്ലാതെ അതില്‍ മതത്തെയും വിശ്വാസത്തെയും കൂട്ടിക്കുഴക്കുന്നത് പ്രഹസനമാണ്. ജാതിയും മതവും വര്‍ഗവും വര്‍ണവുമെല്ലാം മറന്ന് സ്‌കോറുകളിലേക്കും റണ്‍സുകളിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം ക്രിക്കറ്റടക്കമുള്ള കായിക വിനോദങ്ങള്‍. അത് തന്നെയാണ് അതിന്റെ ഭംഗിയും.
വ്യക്തിപരമായ വിശ്വാസങ്ങള്‍ പലര്‍ക്കും വലിയ ഊര്‍ജമാണ് പകരാറുളളത്. അത് പലപ്പോഴും അവരുടെ ജീവിതത്തിന്റെ ഭാഗം കൂടിയായിരിക്കും. ആ പ്രേരണകളില്‍ കയറി ഉന്നതികള്‍ കീഴടക്കുമ്പോള്‍ അവര്‍ പിന്നെ ആരോടാണ് നന്ദി പറയേണ്ടത്?



