Kerala
സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി; മുഴുവന്‍ തെരുവുനായകളേയും മാറ്റുന്നത് പ്രായോഗികമല്ല: മന്ത്രി എംബി രാജേഷ്
എബിസി ഷെല്‍ട്ടര്‍ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി വിധി എങ്ങിനെ നടപ്പാക്കുമെന്ന് മന്ത്രി
പാലക്കാട് | പൊതു ഇടത്തില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ മുഴുവന്‍ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. എബിസി ഷെല്‍ട്ടര്‍ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി വിധി എങ്ങിനെ നടപ്പാക്കുമെന്ന് മന്ത്രി ചോദിച്ചു
സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് കൈയില്‍ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവന്‍ മാറ്റണമെന്ന നിര്‍ദേശം വന്നാല്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി കൂടുതല്‍ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങള്‍ പോലും കേരളത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഏറ്റവും ഒടുവില്‍ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തില്‍ 2.80 ലക്ഷത്തിലധികം തെരുവുനായകളുണ്ട് .ഒരു വര്‍ഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ ചിലത് പ്രവര്‍ത്തിക്കുന്നുമില്ല. ആനിമല്‍ ക്യാചര്‍മാരായി ആകെ 595 പേരാണ് ഉള്ളത്-എം ബി രാജേഷ് പറഞ്ഞു.മന്ത്രിതല യോഗങ്ങള്‍ക്കും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ കേരളം വഴി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി



