Kerala
തൃശൂരില്‍ വ്യാപാരി ജീവനൊടുക്കിയ സംഭവം; പ്രധാന പ്രതി മുംബൈയില്‍ പിടിയില്‍
നെന്മിനി തൈവളപ്പില്‍ പ്രഗിലേഷാണ് മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞുവരവെ അറസ്റ്റിലായത്
തൃശൂര്‍ | ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരിയായ മുസ്തഫ ജീവനൊടുക്കിയ കേസിലെ പ്രധാന പ്രതി മുംബൈയില്‍ അറസ്റ്റിലായി. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷാണ് മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞുവരവെ അറസ്റ്റിലായത്. പ്രഗിലേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഗുരുവായൂരില്‍ എത്തിക്കും.
ഒക്ടോബര്‍ പത്തിനാണ് കര്‍ണംകോട് ബസാറിലെ വാടകവീട്ടില്‍ മുസ്തഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണിയെതുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് മുസ്തഫ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ പ്രഗിലേഷ്, ദിവേക് എന്നിവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
ആറ് ലക്ഷം കടമെടുത്തതിന് 40 ലക്ഷത്തോളം തിരിച്ചടച്ചുവെന്നും ഭൂമി എഴുതി വാങ്ങിയെന്നും മുസ്തഫ കുറിപ്പില്‍ ആരോപിച്ചിരുന്നു.
കേസെടുത്തതിന് പിറകെ പ്രഗിലേഷും കുടുംബവും ഒളിവില്‍ പോയിരുന്നു. ഇരു പ്രതികളുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രഗിലേഷിനെ പിടികൂടിയത്.




