From the print
പൊരുതി, വീണു
കാഫ നാഷൻസ് കപ്പിൽ ഇറാനെതിരെ ഇന്ത്യക്ക് തോൽവി. സ്കോർ: 3-0

ഹിസോര്‍ (താജികിസ്താന്‍) | കാഫ നാഷന്‍സ് കപ്പ് ഫുട്ബോളില്‍ ഏഷ്യയിലെ രണ്ടാം നമ്പര്‍ ടീമായ ഇറാനോട് പൊരുതി വീണ് ഇന്ത്യ. ഗ്രൂപ്പ് ബി മത്സരത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ആദ്യ പകുതിയില്‍ ഇറാനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ച ഇന്ത്യ കളിയുടെ അവസാന ഏഴ് മിനുട്ടിനുള്ളിലാണ് രണ്ട് ഗോളുകള്‍ വഴങ്ങിയത്. രണ്ട് മത്സരങ്ങള്‍ ജയിച്ച ഇറാന്‍ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
60ാം മിനുട്ടില്‍ ആമിര്‍ഹുസൈന്‍ ഹുസൈന്‍സദയാണ് ഇറാന് ലീഡ് നല്‍കിയത്. 89ാം മിനുട്ടില്‍ അലി അലിപുര്‍ഗര ലീഡുയര്‍ത്തി. ഫൈനല്‍ വിസിലിനു തൊട്ടുമുമ്പ് മെഹ്ദി തരേമി മൂന്നാം ഗോള്‍ നേടി. സന്ദേശ് ജിങ്കനും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും മികച്ചുനിന്ന ആദ്യ പകുതിയില്‍ ലോക റാങ്കിംഗില്‍ 133ാം സ്ഥാനത്തുള്ള ഇന്ത്യ പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയില്‍ 20ാം റാങ്കുകാരായ ഇറാന്‍ ആധിപത്യം സ്ഥാപിച്ചു.
ഖാലിദ് ജമീല്‍ പരിശീലകനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ ഇന്ത്യ താജികിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. താജികിസ്താനെതിരെ ജയം നേടിയ നിരയില്‍ രണ്ട് മാറ്റങ്ങളുമായാണ് ഖാലിദ് ഇറാനെതിരായ മത്സരത്തിനിറങ്ങിയത്. ലാലിയന്‍സുവാല ചാംഗ്‌തെക്കും ജീക്സണ്‍ സിംഗിനും പകരം നിഖില്‍ പ്രഭുവും ഡാനിഷ് ഫാറൂഖും ആദ്യ പതിനൊന്നിലെത്തി. ഇന്ത്യയെ പ്രതിരോധത്തിലാഴ്ത്തിയാണ് ഇറാന്‍ മത്സരം തുടങ്ങിയത്. തുടക്കം മുതല്‍ ഇറാനില്‍ നിന്നുണ്ടായ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി കോര്‍ണറുകള്‍ക്ക് വഴിവെച്ചു. കടുത്ത സമ്മര്‍ദം ചെലുത്തിയ ഇറാന്റെ ആക്രമണങ്ങളുടെ കേന്ദ്രബിന്ദു അഫ്കാനായിരുന്നു. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും.