Connect with us

Articles

കാരുണ്യമാണ് തിരുനബി(സ)

തിരുനബി(സ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അവിടുന്ന് പറഞ്ഞ ഓരോ വാചകങ്ങളെയും ലോകം ഇഴകീറി പരിശോധിക്കുകയാണ്. രേഖപ്പെടുത്തപ്പെട്ട തിരുനബി(സ)യുടെ ജീവിതത്തില്‍ മനുഷ്യരിടപെടുന്ന സര്‍വ മേഖലകളുമുണ്ട്.

Published

|

Last Updated

തിരുനബി(സ)യുടെ പുണ്യജന്മത്തിന് ഒന്നര സഹസ്രാബ്ദം പൂര്‍ത്തിയായിരിക്കുന്നു. വിശുദ്ധ ഇസ്ലാമിലേക്ക് ഒരാള്‍ പ്രവേശിക്കാനുള്ള അടിസ്ഥാന തേട്ടം, അല്ലാഹുവില്‍ വിശ്വസിക്കുന്നതോടൊപ്പം തിരുനബി(സ) അല്ലാഹുവിന്റെ അന്ത്യ പ്രവാചകനാണെന്ന് വിശ്വസിക്കലാണ്. അഥവാ തിരുനബി(സ)യെ മാറ്റിനിര്‍ത്തി ഒരാളും ഇസ്ലാമിലേക്ക് പ്രവേശിക്കുന്നില്ല. അല്ലാഹുവിനോടൊപ്പം തിരുനബി(സ)യെ കൂടി ചേര്‍ത്തുപറഞ്ഞാലേ വിശ്വാസിയാകൂ.

ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായിട്ടാണ് അങ്ങയെ അയച്ചതെന്നാണ് ഖുര്‍ആന്റെ അധ്യാപനം. അതുകൊണ്ട് തന്നെ ഒരു വിഭാഗവും തിരുനബി(സ)യുടെ കാരുണ്യത്തിന്റെ പരിധിക്ക് പുറത്ത് പോയിട്ടില്ല. മറ്റുള്ളവരോട് അവിടുന്ന് കാണിച്ച കാരുണ്യം അടങ്ങാത്ത സ്നേഹമായിട്ടാണ് ജനങ്ങള്‍ തിരികെ നല്‍കിയത്. സ്വന്തത്തേക്കാള്‍ അവര്‍ തിരുനബി(സ)യെ സ്നേഹിച്ചു.

തിരുനബി(സ)യോടുള്ള ഇഷ്ടം
അതിരുകളില്ലാതെ, ഉപാധികളില്ലാതെ, തങ്ങളുടെ ജീവനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരാളെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് തിരുനബി(സ)യെ മാത്രമാണ്. എന്തുകൊണ്ടെന്നാല്‍, സ്‌നേഹിക്കപ്പെടാന്‍ കാരണമാകുന്നത് മാത്രമായിരുന്നു അവിടുത്തെ ജീവിതം. അനാവശ്യമെന്ന് തോന്നുന്ന ഒരു ചലനം പോലും ആ മഹിത ജീവിതത്തില്‍ നിന്നുണ്ടായിട്ടില്ല. എല്ലാം പാഠങ്ങളായിരുന്നു. മനുഷ്യരെ നേരായ മാര്‍ഗത്തില്‍ വഴിനടത്തി, അവരുടെ വിജയത്തില്‍ അതിയായി സന്തോഷിച്ച്, ജീവിതം മുഴുവന്‍ ലോക ജനതക്ക് മുമ്പില്‍ തുറന്നുവെച്ച പഠന പുസ്തകമായിരുന്നു തിരുനബി (സ). തിരുനബി(സ)യുമായി ഇടപെട്ടവരെല്ലാം ആ സ്നേഹവലയത്തില്‍ ആകൃഷ്ടരായിരുന്നു. അത്രയും മികച്ചതായിരുന്നു അവിടുത്തെ പെരുമാറ്റം. പുഞ്ചിരിയോടെയല്ലാതെ ആരെയും സ്വീകരിക്കുമായിരുന്നില്ല. അവിടുത്തോളം മികച്ച നല്ല സ്വഭാവമുള്ള മറ്റൊരാളെയും താന്‍ കണ്ടിട്ടില്ലെന്ന് പത്ത് വര്‍ഷത്തോളം പ്രവാചകര്‍ക്ക് സേവനം ചെയ്ത അനസ്(റ) പറഞ്ഞിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഒരു കാര്യം താന്‍ ചെയ്താല്‍ എന്തിന് നീ അങ്ങനെ ചെയ്തെന്നോ, ചെയ്യേണ്ട കാര്യം ചെയ്യാതിരുന്നാല്‍ എന്തുകൊണ്ട് നീ ചെയ്തില്ലെന്നോ മുത്തുനബി(സ) ഗൗരവത്തോടെ തന്നോട് ചോദിച്ചിരുന്നില്ലെന്ന് അനസ് (റ) കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തന്റെ സദസ്സില്‍ സ്ഥിരമായി വരുന്നവരെ കണ്ടില്ലെങ്കില്‍ അവിടുന്ന് അന്വേഷിക്കും. അവധി നീണ്ടാല്‍ അദ്ദേഹത്തെ തേടി വീട്ടിലേക്ക് പോകും. സ്ഥലത്തില്ലെങ്കില്‍ പ്രാര്‍ഥിച്ചു കൊടുക്കും.

യുദ്ധസമയത്ത് കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും അവിടുന്ന് പ്രത്യേകം പരിഗണിച്ചിരുന്നു. അവര്‍ക്ക് ആപത്ത് വരാതിരിക്കാന്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ അനുചരന്മാര്‍ക്ക് കൈമാറിയിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തോടെ കുട്ടികള്‍ തിരുനബി(സ)യെ സമീപിക്കും. എന്നിട്ടവര്‍ പറയും: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുമുണ്ട് യുദ്ധത്തിന്. ഞങ്ങള്‍ക്കും പോരാടണം. ശത്രുക്കളെ തോല്‍പ്പിക്കണം. ഞങ്ങള്‍ക്കതിന് അനുവാദം തരണം. എന്നാല്‍ തിരുനബി(സ) വിസമ്മതിക്കും. അവര്‍ക്ക് യുദ്ധത്തിന്റെ കെടുതികളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കും. കുട്ടികളായ നിങ്ങളെ സംരക്ഷിക്കാന്‍ അവിടെ മറ്റുള്ളവര്‍ക്ക് സമയമുണ്ടാകില്ലെന്ന് ഉപദേശിക്കും. അവരെ പിന്തിരിപ്പിക്കും.

എങ്ങനെയാണ് തിരുനബി(സ) രേഖപ്പെടുത്തപ്പെട്ടത്?
ലോകത്ത് തിരുനബി(സ)യോളം കൃത്യമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരാളും ഭൂജാതരായിട്ടില്ല. എത്ര സൂക്ഷ്മതയോടെയാണ് അവിടുത്തെ അടക്കവും അനക്കവും രേഖപ്പെടുത്തപ്പെട്ടത്. ലോകത്തുള്ള മിക്ക മതഗ്രന്ഥങ്ങളും അവയിലെ നിയമങ്ങളുമെല്ലാം ഫോക്ലോറുകളായിട്ടാണ് ഗണിക്കപ്പെടുന്നത്. നാടോടി വിജ്ഞാനീയമെന്നാണ് ഫോക്ലോറുകളെ പൊതുവെ മലയാളീകരിക്കാറുള്ളത്. ഉദാഹരണത്തിന്, ഒരു കഥ ഒരു തലമുറക്ക് കിട്ടിയാല്‍ ആ കഥ അവര്‍ക്ക് കിട്ടിയ അതേ രൂപത്തില്‍ അടുത്ത തലമുറക്ക് ലഭിക്കുകയില്ല. മറിച്ച് നിലവിലെ തലമുറയുടെ കൂട്ടിച്ചേര്‍ക്കലുകളും വകഭേദങ്ങളും നടത്തിയതിന് ശേഷമാണ് അടുത്ത തലമുറക്ക് ലഭിക്കുക.

അതുകൊണ്ടാണ് ഒരു കഥക്ക് തന്നെ പല നാടുകളിലും വകഭേദങ്ങള്‍ വരുന്നത്. മിക്ക മതഗ്രന്ഥങ്ങളും ഫോക്ലോറായി ഗണിക്കപ്പെടുമ്പോഴും വിശുദ്ധ ഖുര്‍ആനിനെ ഫോക്ലോറായി ഗണിക്കാത്തതിന്റെ കാരണം അതിന് ലോകത്താകമാനമുള്ള ഏകീകൃത സ്വഭാവമാണ്. ഇസ്ലാമിന്റെ അടിസ്ഥാനമായ എല്ലാ നിയമങ്ങളും ഇങ്ങനെ തന്നെയാണ്. അവകള്‍ക്കെല്ലാം ഒരു പൊതുസ്വഭാവം കാണാം. ഇതിന്റെ കാരണം തിരുനബി(സ)യുടെ ജീവിതം കൃത്യമായി രേഖപ്പെടുത്തപ്പെട്ടുവെന്നുള്ളതാണ്. ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടതിനാല്‍ തന്നെ മറ്റു പല ഇസങ്ങളിലും മതങ്ങളിലും കാണുന്നത് പോലെ അടിസ്ഥാന കാര്യങ്ങളിലുള്ള തര്‍ക്കം ഇസ്ലാമില്‍ തീരെയില്ല.

വിശുദ്ധ ഖുര്‍ആന്‍ പോലെ തന്നെ പരിശുദ്ധ ഹദീസുകളിലും ഇതുപോലെ കാണാം. അഥവാ, തിരുനബി(സ)യില്‍ നിന്ന് അവിടുത്തെ ചര്യകളെ അനുഭവിച്ച് പഠിച്ച സ്വഹാബാക്കള്‍ ഒരു അണു അളവ് മാറ്റം വാരാതെ താബിഉകള്‍ക്ക് പകര്‍ന്നുകൊടുത്തു. എന്നാല്‍ ഈ കൈമാറ്റ പ്രക്രിയയില്‍ നുഴഞ്ഞു കയറാനും തിരുഹദീസുകളില്‍ സംശയങ്ങള്‍ സൃഷ്ടിക്കാനും കുത്സിത ശ്രമങ്ങളുണ്ടായി. ഇത്തരം പ്രതിസന്ധികള്‍ രൂപപ്പെട്ടപ്പോഴാണ് തിരുനബി(സ)യുടെ വാക്കുകളും പ്രവൃത്തികളും അവിടുത്തെ ഓരോ അടക്കവും ഒതുക്കവും വരെ രേഖപ്പെടുത്തി വെക്കണമെന്ന ആലോചനയിലേക്ക് വരുന്നത്. അങ്ങനെയാണ് ഹദീസുകളുടെയും നബി ചരിത്രങ്ങളുടെയും കൃത്യമായ ക്രോഡ്രീകരണം വരുന്നത്.

തുടര്‍ന്ന് ലോകത്ത് പരിശുദ്ധ ഹദീസുകളുടെയും നബിചരിതങ്ങളുടെയും അമൂല്യമായ നിരവധി ഗ്രന്ഥങ്ങള്‍ പിറവിയെടുത്തു. ഇതിലൂടെ ഈ മേഖലകളില്‍ ശക്തമായ ഒരു വിമലീകരണം നടത്താന്‍ തന്നെ ഇസ്ലാമിക ലോകത്തെ സാത്വികരായ പണ്ഡിതര്‍ക്ക് സാധിച്ചു. അത്രമേല്‍ സൂക്ഷ്മതയോടെയാണ് ഈ പണ്ഡിത മഹത്തുക്കളെല്ലാം അവരവരുടെ മേഖലയെ കൈകാര്യം ചെയ്തത്. ഹദീസിനെ ക്രോഡീകരിച്ച പണ്ഡിതര്‍ അവരുടെ ക്രോഡീകരണത്തിന് പ്രത്യേക മാനദണ്ഡം കണ്ടെത്തി. ഇതുപോലെ നബി ചരിത്രരചന നടത്തിയവര്‍ അവരുടേതായ നിദാനശാസ്ത്രങ്ങളുണ്ടാക്കി. അങ്ങനെ വ്യക്തമായ അവബോധത്തോട് കൂടിയാണ് ഈ മേഖല ഇന്ന് കാണുന്നത് പോലെ ഫലഭൂയിഷ്ടമായത്.

അഥവാ, നബിയുടെ ജീവിതവും സംസാരവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടത് കൊണ്ടാണ് ഇന്ന് ലോകത്ത് ഇസ്ലാം ഇതര മതങ്ങളില്‍ നിന്നും ഇസങ്ങളില്‍ നിന്നും വ്യതിരിക്തമാകുന്നത്. വഫാത്തിന്റെ സമയത്തുണ്ടായിരുന്ന അവിടുത്തെ താടിരോമങ്ങളിലെ നരയുടെ എണ്ണത്തെ കുറിച്ച് പോലും രേഖകളുണ്ട്. ഇത്രമേല്‍ സൂക്ഷ്മതയോടെ രേഖപ്പെടുത്തപ്പെട്ട മറ്റൊരു ചരിത്രവുമില്ലായെന്നതും സത്യമാണ്.

സ്നേഹ നബി
രേഖപ്പെടുത്തപ്പെട്ട തിരുനബി(സ)യുടെ ജീവിതത്തില്‍ മനുഷ്യരിടപെടുന്ന സര്‍വ മേഖലകളുമുണ്ട്. അതില്‍ ഇണകളെ സന്തോഷിപ്പിക്കാനും സ്‌നേഹം വര്‍ധിപ്പിക്കാനും പ്രവാചകര്‍(സ) അവിടുത്തെ ജീവിതത്തിലൂടെ ഒരുപാട് മാതൃകകള്‍ കാണിച്ചുതന്നിട്ടുണ്ട്. തന്റെ പത്‌നിയുമായി ഓട്ടമത്സരം നടത്തി പ്രവാചകര്‍(സ). ആര്‍ത്തവകാരിയായ ഭാര്യയുടെ മടിയില്‍ തലവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. കുട്ടികള്‍ക്ക് ആനന്ദം പകരാന്‍ സമയം കണ്ടെത്തുന്നു. വെള്ളം കോരിവന്നും പാല്‍ കറന്നും മറ്റും വീട്ടുജോലികളില്‍ സഹായിക്കുന്നു. ഭാര്യ കുടിച്ച പാത്രത്തില്‍ നിന്ന് അതേസ്ഥലത്ത് അധരം വെച്ച് വെള്ളം കുടിക്കുന്നു. ഭാര്യയുടെ വായയില്‍ സ്‌നേഹത്തോടെ ഭക്ഷണം വെച്ചുകൊടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിലെ എന്ത് തിരക്കിനിടയിലും കുടുംബത്തോടുള്ള ബന്ധം മുറുകെ പിടിക്കാന്‍ സമയം കണ്ടെത്തുന്നു. ഭാര്യയോട് കര്‍ക്കശമായി പെരുമാറുന്നതും സംശയദൃഷ്ടിയാല്‍ പരസ്പരം ചിന്തിക്കുന്നതും അവിടുന്ന് എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഗൗരവമാകേണ്ട സമയത്ത് സൗമ്യനാകണം എന്നല്ല ഇതിന്റെയൊന്നും അര്‍ഥം. അത്തരം സമയങ്ങളില്‍ ഗൗരവക്കാരനായി മുത്ത്‌നബി(സ) നിന്നത് ചരിത്രത്തില്‍ വായിക്കാമല്ലോ.

പ്രവാചകരുടെ സ്വഭാവത്തെ കുറിച്ചറിയാന്‍ മൂന്ന് പ്രവാചകാനുചരര്‍ ആഇശ ബീവി(റ)യുടെ അടുക്കല്‍ വന്നു. ‘അവിടുന്ന് രാത്രി നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യും. ചില ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കും. വൈവാഹിക ജീവിതം ആസ്വദിക്കുകയും ചെയ്യും’. ഇതുകേട്ട് അവര്‍ തിരിച്ചുപോയി. ചില തീരുമാനങ്ങളെടുത്തിരുന്നു അവര്‍. രാത്രി ഉറക്കമില്ലാതെ നിസ്‌കരിക്കുമെന്ന് ഒന്നാമന്‍. പകല്‍ മുഴുവന്‍ നോമ്പുകാരനാകുമെന്ന് രണ്ടാമന്‍. കുടുംബ ജീവിതം വേണ്ടെന്ന് മൂന്നാമനും. ഇതറിഞ്ഞ പ്രവാചകര്‍(സ) മൂവരെയും വിളിച്ചുവരുത്തി താക്കീതിന്റെ സ്വരത്തില്‍ ഇപ്രകാരം പറഞ്ഞു: നിങ്ങളില്‍ ഏറ്റവും കൂടുതല്‍ വിവരമുള്ളവന്‍ ഞാനാണ്. നിങ്ങളേക്കാള്‍ അല്ലാഹുവിനെ അറിയുന്നവനും ഭയപ്പെടുന്നവനും ഞാനാണ്. ഞാന്‍ നിസ്‌കരിക്കാറുണ്ട്, ഉറങ്ങാറുണ്ട്, നോമ്പ് നോല്‍ക്കുകയും മുറിക്കുകയും ചെയ്യാറുണ്ട്. വൈവാഹിക ജീവിതം ആസ്വദിക്കാറുമുണ്ട്. എന്റെ ചര്യയെ വെറുക്കുന്നവന്‍ എന്നില്‍പ്പെട്ടവനല്ല. കുടുംബ ജീവിതം എന്റെ ചര്യ തന്നെയാണ്. (ബുഖാരി – കിതാബുന്നികാഹ്)

സ്ഥിരമായി നോമ്പ് അനുഷ്ഠിക്കുന്ന ഒരാളുടെ വീട്ടില്‍ ചെന്ന് പ്രവാചകര്‍(സ) താക്കീത് ചെയ്യുന്ന ഒരു സംഭവമുണ്ട് ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍. മാസത്തില്‍ മൂന്ന് നോമ്പ് മതിയെന്ന് പറഞ്ഞ പ്രവാചകരോട്, എണ്ണം കൂട്ടി ആവശ്യപ്പെട്ട് അഞ്ചാക്കുകയും പിന്നീട് ഒമ്പതാക്കുകയും ഇനിയും കൂടുതല്‍ നോല്‍ക്കാന്‍ കഴിവും ആരോഗ്യവുമുണ്ടെനിക്കെന്ന് പറയുകയും ചെയ്തു. എന്നാല്‍ ദാവൂദ് നബിയുടെ നോമ്പ് നീ നോല്‍ക്കുകയെന്നാണ് നബി(സ) ഉണര്‍ത്തിയത്. ദാവൂദ് നബി (അ) ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു.

ആരോഗ്യവാനായ വിശ്വാസി
പെട്ടെന്നുള്ള മരണത്തിന് കാരണം അന്വേഷിക്കുകയാണ് ലോകം. ചെറുപ്പക്കാര്‍ പെട്ടെന്ന് മരണപ്പെടുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരോഗ്യം അനിവാര്യ ഘടകമാണ്. ‘ആരോഗ്യവാനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയേക്കാള്‍ അല്ലാഹുവിനേറ്റവും ഇഷ്ടം’ എന്ന ഹദീസ് കാണാം. അഥവാ ആരോഗ്യമുള്ള സമയത്ത് അല്ലാഹുവിനെ ഓര്‍ക്കുന്നതാണ് അനാരോഗ്യ സമയത്ത് അവനെ ഓര്‍ക്കുന്നതിനേക്കാള്‍ അവനിഷ്ടം. ഈ തിരുവചനത്തിന്റെ വിവക്ഷയായി പണ്ഡിതര്‍ പറയുന്നത്, ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം നല്‍കുന്ന സൂചനായാണിതെന്നാണ്. നബി(സ)യുടെ എളാപ്പയായ അബ്ബാസ് (റ) നബിയോട് ചോദിച്ചു: എപ്പോഴും പ്രാര്‍ഥിക്കേണ്ട ഒരു കാര്യത്തെ കുറിച്ച് എനിക്ക് പറഞ്ഞു തന്നാലും. നബി(സ) പറഞ്ഞു: ‘എളാപ്പാ, എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമായി കൂടെ നിന്നവരാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് ആരോഗ്യത്തെ ചോദിക്കുക’.

ആരോഗ്യമേഖലയില്‍ തിരുനബി(സ)യെ നാം ഉള്ളറിഞ്ഞു വായിക്കേണ്ടതുണ്ട്. കായികത്തിനപ്പുറം ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും മറ്റൊരു മരുന്നു കൂടെ നാം സഗൗരവം പരിഗണിക്കേണ്ടതുണ്ട്. നമുക്കിടയിലെ ബന്ധങ്ങളുടെ സുദൃഢതയാണത്. നാം നമ്മുടെ ചുറ്റുപാടുമായി എത്രമേല്‍ ആരോഗ്യകരമായ സൗഹൃദത്തിലാണ് എന്ന ആലോചനയാണ് വേണ്ടത്. സൗഹൃദമാന്ദ്യത്തെ കുറിച്ച് ലോകത്ത് നടന്ന വിപുലമായ പഠനം വായിക്കാനിടയായി. അഥവാ, മനുഷ്യര്‍ക്കിടയിലുള്ള ബന്ധത്തിന്റെ കെട്ടുറപ്പ് എങ്ങനെയാണ് ജീവിതത്തെ ബാധിക്കുന്നത് എന്നതാണ് പഠനത്തിന്റെ അടിസ്ഥാനം. വിഖ്യാതമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയാണ് പഠനം നടത്തിയ ഒരു സ്ഥാപനം. ഏകദേശം 3,09,000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളാണ് അവര്‍ക്ക് ലഭിച്ചത്. കുടുംബം, സൗഹൃദം, സമൂഹം തുടങ്ങിയ ഇടങ്ങളില്‍ നല്ല ബന്ധം പുലര്‍ത്തുന്നവരില്‍ പൊതുവെ സന്തോഷം കൂടുതലും പ്രശ്നങ്ങള്‍ കുറവുമാണെന്നാണ് പഠനം കാണിക്കുന്നത്. അവര്‍ കൂടുതല്‍ കാലം ജീവിക്കുന്ന പ്രവണതയുമുണ്ട്. ഇതേ ഫലം ലഭിച്ച ഡസന്‍ കണക്കിന് പഠനങ്ങള്‍ വേറയും കാണുന്നു. 15 സിഗററ്റ് ദിവസവും വലിച്ചാല്‍ ഒരാളിലുണ്ടാകുന്ന ആരോഗ്യ പ്രശ്നത്തിന് തുല്യമാണത്രെ നല്ലബന്ധം സൂക്ഷിക്കാത്ത ഒരാളുടെ ആരോഗ്യത്തിലും ഉണ്ടാക്കുന്നത്. പെട്ടെന്നുള്ള മരണത്തിന് 50 ശതമാനം കൂടുതല്‍ സാധ്യതയാണ് ഇത്തരക്കാരില്‍ കാണുന്നത്. അമേരിക്കന്‍ പെഴ്സ്പെക്ടീവ് 2021ല്‍ നടത്തിയ മറ്റൊരു സര്‍വേ പറയുന്നത്, രാജ്യത്ത് ഉറ്റ സുഹൃത്തുക്കളില്ലാത്തവരുടെ എണ്ണം 1990നെ അപേക്ഷിച്ച് നാലിരട്ടി വര്‍ധിച്ചുവെന്നാണ്.

ഇമാം ബുഖാരി (റ) അബൂഹുറൈറ (റ)വിനെ തൊട്ട് റിപോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: മുഹമ്മദ് നബി (സ) പറയുന്നു: ഭക്ഷണം, ആരോഗ്യം, ദീര്‍ഘായുസ്സ് തുടങ്ങിയവയില്‍ വിശാലത ആഗ്രഹിക്കുന്നവര്‍ കുടുംബബന്ധം പുലര്‍ത്തട്ടെ. മറ്റു സന്ദര്‍ഭങ്ങളിലും ബന്ധം പുലര്‍ത്തുന്നതിനെ കുറിച്ച് പ്രവാചകര്‍ പറഞ്ഞിട്ടുണ്ട്. ബന്ധം വഷളാക്കുന്നവര്‍ക്ക് സ്വര്‍ഗനിഷേധവും താക്കീത് സ്വരത്തില്‍ പലയാവര്‍ത്തി ഓര്‍മപ്പെടുത്തലും ഹദീസുകളില്‍ കാണാം. തിരുനബി(സ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അവിടുന്ന് പറഞ്ഞ ഓരോ വാചകങ്ങളെയും ലോകം ഇഴകീറി പരിശോധിക്കുകയാണ്. നല്ല ആരോഗ്യമുള്ള സമുദായം വികസിത നാടുകളുടെ പ്രതിഫലനമാണ്. അതുകൊണ്ട് മുത്ത് നബി(സ)യുടെ ജന്മദിനത്തിന്റെ ഒന്നര സഹസ്രാബ്ദം ആഘോഷിക്കുന്ന ഈ വേളയില്‍ സൗഹൃദപൂര്‍ണമായ ബന്ധങ്ങള്‍ കൊണ്ട് ആരോഗ്യപൂര്‍ണമായ സമൂഹത്തെ സൃഷ്ടിക്കാന്‍ നാം ശ്രമിക്കണം.