Kerala
ലൈഫ് മിഷന്‍ കോഴക്കേസ്; സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍
കള്ളപ്പണം വെളുപ്പിക്കലില്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്. ഇന്ന് രാത്രി 9.30 ഓടെയാണ് അറസ്റ്റ് ചെയ്തത്.

കൊച്ചി | ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് എം ഡി. സന്തോഷ് ഈപ്പനെ ഇ ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലില്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് (ഇ ഡി) രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ചോദ്യം ചെയ്യാനായി ഇന്ന് ഈപ്പനെ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. രാത്രി 9.30 ഓടെയാണ് അറസ്റ്റ് ചെയ്തത്.
ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെയും പേരിലുള്ള ജോയിന്റ് ബേങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് കോഴപ്പണമാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ മൊഴി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സന്തോഷ് ഈപ്പന്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ ഡിയുടെ ആരോപണം. കേസില്‍ ഏഴാം പ്രതിയായ ശിവശങ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പി എസ് സരിത്തും സ്വപ്‌ന സുരേഷും മൂന്നും നാലും പ്രതികളാണ്. ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.