ആത്മായനം
മനുഷ്യനായിക്കൊണ്ടിരിക്കാം...
നമ്മൾ മനുഷ്യരായി തുടങ്ങുമ്പോൾ വിദ്വേഷവും വാശിയും അഹങ്കാരവും തുടങ്ങി ചെകുത്താൻ സ്വഭാവങ്ങളുടെയെല്ലാം അടിവേരുണങ്ങും. അതുകൊണ്ട് മുമ്പിലുള്ള ഓരോ നേരത്തും നമുക്ക് മനുഷ്യരാകാം.

ഏത് സമയത്തും ഒരു കുതിരയായിക്കൊണ്ടിരിക്കുകയെന്നതാണ് കുതിരയുടെ ദൗത്യം. സദാ സമയം ഒരു ഒട്ടകമായിരിക്കുകയെന്നതാണ് ഒട്ടകത്തിന്റെ ഉത്തരവാദിത്വം. ഏതു നേരത്തും സൃഷ്ടിക്കപ്പെട്ടതിന്റെ ലക്ഷ്യത്തിലെത്തുകയെന്നതാണ് ഓരോ സൃഷ്ടിയിലും അർപ്പണമായ കാര്യം. അനുനിമിഷം മനുഷ്യനായിക്കൊണ്ടിരിക്കുകയെന്നതാണ് മനുഷ്യരുടെ ദൗത്യം. ഓരോ സൃഷ്ടിയും നിയതമായ പൂർണതയിലേക്കുള്ള ചലനത്തിലാകണമെന്ന് സാരം. മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യത്തെ മനസ്സിലാക്കി ജീവിക്കുന്നവനാണ് യഥാർഥത്തിൽ മനുഷ്യൻ. ആ ഉത്തരവാദിത്വത്തെ അല്ലാഹു ഓർമപ്പെടുത്തുന്നുമുണ്ട്.
“നിങ്ങളെ വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങൾ നമ്മിലേക്ക് മടങ്ങിവരില്ലെന്നും കരുതുന്നുണ്ടോ?’ എന്ന സൂറ: മുഅ്മിനൂനിന്റെ 115ാം സൂക്തം അതാണ് ചോദിക്കുന്നത്. സൃഷ്ടിപ്പിന്റെ ലക്ഷ്യങ്ങളെ ബോധ്യപ്പെടുത്താൻ വന്ന പ്രവാചകന്മാർക്കോ വേദസന്ദേശങ്ങൾക്കോ ചെവി കൊടുക്കാത്തവരെ നാൽക്കാലികളെക്കാൾ അധഃപതിച്ചവർ എന്നാണ് ഖുർആൻ അപലപിച്ചത്. “അവരിലധികപേരും കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയേക്കാൾ വഴി തെറ്റിയവർ’ (സൂറ: ഫുർഖാൻ 44)
ഒരു സാമൂഹികജീവി എന്ന നിലക്ക് മനുഷ്യന് അനുനിമിഷം ചെയ്യാനുള്ളത് ധാരാളമാണ്. പാരസ്പര്യങ്ങളെ ഇണക്കിക്കൊണ്ടു പോകേണ്ടതിന്റെ അധിക ശ്രദ്ധ അവനുണ്ടാവേണ്ടതാണ്. കുറേ സാമൂഹിക കാര്യങ്ങൾ ചെയ്യുന്നതു മാത്രമല്ല സമൂഹത്തിൽ ഉടലെടുക്കുന്ന തെറ്റായ പ്രവണതകളെ തിരുത്തലും സാമൂഹിക പ്രതിബദ്ധതയാണ്. ഒരു കാൽപ്പനിക ഉദാഹരണത്തിലൂടെ റസൂൽ (സ) അതിനെ അവതരിപ്പിച്ചിട്ടുണ്ട്. നിവേദനം ചെയ്യുന്നത് നുഅ്മാനു ബ്നു ബശീർ (റ). തിരുദൂതർ (സ) പറഞ്ഞു: “അല്ലാഹുവിന്റെ നിയമങ്ങൾ പാലിക്കുന്നവരുടെയും അവ ലംഘിക്കുന്നവരുടെയും ഉദാഹരണം ഒരു കപ്പലിൽ യാത്ര ചെയ്യുന്ന യാത്രികരെപ്പോലെയാണ്. നറുക്കെടുപ്പിലൂടെ ചിലർക്ക് കപ്പലിന്റെ മുകളിലും മറ്റു ചിലർക്ക് താഴെയുമായി ഇരിപ്പിടങ്ങൾ ലഭിച്ചു.
താഴെയുള്ളവർക്ക് വെള്ളം ആവശ്യമുള്ളപ്പോൾ സ്വാഭാവികമായും അവർ മുകളിലേക്ക് കയറിപ്പോകേണ്ടി വന്നു. അപ്പോൾ അവിടെയുള്ളവർക്ക് അത് അവരെ ബുദ്ധിമുട്ടിക്കലായി തോന്നി. അപ്പോൾ താഴെയുള്ളവർ പറഞ്ഞു, “നമുക്ക് മുകളിലുള്ളവരെ ബുദ്ധിമുട്ടിക്കാതെ നമ്മുടെ ഭാഗത്തു തന്നെ കപ്പലിൽ ഒരു ദ്വാരമുണ്ടാക്കി വെള്ളമെടുക്കാം.’ അപ്പോൾ മുകളിലുള്ളവരെങ്ങാനും അവരെ അതിനനുവദിച്ചിരുന്നെങ്കിൽ, കപ്പലിലുള്ള എല്ലാവരും നശിച്ചുപോകുമായിരുന്നു. എന്നാൽ, അവരെ തടഞ്ഞതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു’ (ബുഖാരി: 2686). സമൂഹത്തെ അപകടത്തിലാക്കുന്ന തെറ്റുകളെ കണ്ടറിഞ്ഞ് തിരുത്തണമെന്ന പാഠമാണ് ഈ ഹദീസ് പങ്ക് വെക്കുന്നത്. തെറ്റുകൾ കാണുമ്പോൾ തിരുത്തുകയെന്നതാണ് മനുഷ്യധർമം.
സമൂഹത്തെ തർക്കങ്ങൾക്കനുവദിക്കാതിരിക്കുകയെന്നതും നമ്മുടെ ദൗത്യമാണ്. എരിതീയിൽ എണ്ണയൊഴിക്കുന്നവർ മനുഷ്യ പ്രവൃത്തിയല്ല ചെയ്യുന്നത്. റസൂൽ (സ) ശിഷ്യരോട് ചോദിച്ചു: “ഐച്ഛികമായ നോമ്പ്, നിസ്കാരം, സ്വദഖ എന്നിവയുടെ പദവിയേക്കാൾ ഉന്നതമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ?’
“അതെ അല്ലാഹുവിന്റെ ദൂതരേ’
“അത് പരസ്പര ബന്ധങ്ങൾ നന്നാക്കുകയെന്നതാണ്. ആളുകൾക്കിടയിലെ പാരസ്പര്യം മോശമാക്കുന്നത് അനേകം നന്മകളെ ഇല്ലാതാക്കും’ (തിർമിദി 4:279) നിസ്കാരത്തിന്റെ നേരമായിട്ടും തർക്കത്തിലേർപ്പെട്ട ഖുബാഇലെ രണ്ട് ഗോത്രങ്ങൾക്കിടയിൽ അനുരഞ്ജനത്തിന് ശ്രമിച്ച റസൂലിനെ നമുക്ക് വായിക്കാൻ കഴിയും. “നിങ്ങളിലാരും തന്നെ തനിക്ക് ഇഷ്ടപ്പെട്ടത് തന്റെ സഹോദരന് വേണ്ടി ഇഷ്ടപ്പെടും വരെ ഒരു നല്ല മനുഷ്യനാവുകയില്ല (മുഅ്മിനാവുകയില്ല)’ (ബുഖാരി 13, മുസ്്ലിം 45) എന്ന ഹദീസ് തന്നെ മനുഷ്യനെന്ന പൂർണതയിലേക്കുള്ള നമ്മുടെ സഞ്ചാരത്തെ ക്രമീകരിക്കുന്നുണ്ട്.
വാഹനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന നേരത്ത്, വഴിതിരിയാതെ നട്ടംതിരിയുന്ന അവസരത്തിൽ, സാമ്പത്തികമായി പ്രയാസപ്പെടുന്ന ഘട്ടത്തിൽ, ജോലിയില്ലാതെ ശങ്കിക്കുന്ന സമയത്ത്, വേണ്ടപ്പെട്ടവർ വേർപിരിയുന്ന സന്ദർഭത്തിൽ, അപരിചിതരായവർക്കിടയിൽ പെടുന്ന അവസരത്തിൽ തുടങ്ങി ജീവിതത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ചിലതില്ലേ; കനിവുള്ള ഒരു സഹായം, നനവുള്ള ഒരു പുഞ്ചിരി, സൗമ്യമായൊരു സംസാരം അങ്ങനെയങ്ങനെ പ്രതിസന്ധികളിൽ നിന്ന് തുറവി നൽകുന്ന പലതും നമ്മൾ ആഗ്രഹിക്കും. മറ്റുള്ളവരുടെ പ്രയാസഘട്ടങ്ങളിലും അവർക്ക് ലഭിക്കാൻ നമ്മളിഷ്ടപ്പെടേണ്ടതും ഇതു തന്നെയാണ്. അപ്പോഴാണ് നമ്മൾ മനുഷ്യരാകുന്നത്. നമ്മൾ മനുഷ്യരായി തുടങ്ങുമ്പോൾ വിദ്വേഷവും വാശിയും അഹങ്കാരവും തുടങ്ങി ചെകുത്താൻ സ്വഭാവങ്ങളുടെയെല്ലാം അടിവേരുണങ്ങും. അതുകൊണ്ട് മുമ്പിലുള്ള ഓരോ നേരത്തും നമുക്ക് മനുഷ്യരാകാം.