local body election 2025
നീലേശ്വരം നഗരസഭയില്‍ ഭരണത്തുടര്‍ച്ചക്ക് എല്‍ ഡി എഫ്; അട്ടിമറി വിജയം പ്രതീക്ഷിച്ച് യു ഡി എഫ്
2020ല്‍ 21 ഇടത്ത് ഇടതുമുന്നണിയും ഒമ്പതിടത്ത് യു ഡി എഫും ഒരോ വാര്‍ഡില്‍ കോൺ. വിമതയും എസ് ഡി പി ഐയുമാണ് ജയിച്ചുകയറിയത്
കാസര്‍കോട് | തുടര്‍ച്ചയായ നാലാം തവണയും നീലേശ്വരം നഗരസഭാ ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണി ശ്രമിക്കുമ്പോള്‍, ചരിത്രം തിരുത്തിക്കുറിക്കാനുള്ള ഭഗീരഥ പോരാട്ടത്തിലാണ് യു ഡി എഫ് പാളയം. നീലേശ്വരം നഗരസഭ രൂപീകരിച്ചത് മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച ചരിത്രമാണ് നീലേശ്വരത്തിന്റേത്. കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചും വീടുകള്‍ കയറിയിറങ്ങിയും ചിട്ടയോടെയുള്ള പ്രചാരണ പരിപാടികളാണ് ഇടതുമുന്നണി നടത്തുന്നത്. വരും ദിവസങ്ങളില്‍ എല്‍ ഡി എഫ് നേതാക്കള്‍ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ എത്തുന്നതോടെ പോര്‍ക്കളം കൂടുതല്‍ ചൂട് പിടിക്കും.
പൊതുപ്രവര്‍ത്തന രംഗത്ത് സുപരിചിതരായവരെയും യുവാക്കളെയും ഗോദയിലിറക്കിയാണ് നീലേശ്വരം നഗരസഭയില്‍ എല്‍ ഡി എഫ് ഭരണത്തുടര്‍ച്ചക്ക് തയ്യാറെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭയില്‍ നടപ്പാക്കിയ വികസന- ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഇടതുമുന്നണി വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നഗരസഭയിലെ കൂടുതല്‍ വാര്‍ഡുകളില്‍ ഇടത് തേരോട്ടം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതൃത്വം.
ആകെയുള്ള 32 വാര്‍ഡുകളില്‍ 2020ലെ തിരഞ്ഞെടുപ്പില്‍ 21 ഇടത്ത് ഇടതുമുന്നണിയും ഒമ്പത് ഇടത്ത് യു ഡി എഫും ഒരു വാര്‍ഡില്‍ കോണ്‍ഗ്രസ്സ് വിമതയും ഒരു സീറ്റില്‍ എസ് ഡി പി ഐയുമാണ് ജയിച്ചുകയറിയത്. നീലേശ്വരം പഞ്ചായത്ത് 2010ലാണ് നഗരസഭയായി ഉയര്‍ത്തിയത്. രൂപവത്കരണം മുതല്‍ പിന്നീടങ്ങോട്ട് നഗര ഭരണത്തിന്റെ കുത്തക നിലനിര്‍ത്തിയത് ഇടതുമുന്നണിയായിരുന്നു.
വാര്‍ഡ് വിഭജനത്തോടെ ഇത്തവണ രണ്ട് സീറ്റുകള്‍ കൂടി 34 വാര്‍ഡുകളായിട്ടുണ്ട്. വാര്‍ഡ് ഒന്ന്- പടിഞ്ഞാറ്റം കൊഴുവല്‍ വെസ്റ്റ്, രണ്ട്- പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റ്, മൂന്ന്-നീലേശ്വരം സെന്‍ട്രല്‍, നാല്- കിഴക്കന്‍ കൊഴുവല്‍, അഞ്ച്- പാലക്കാട്ട്, ആറ്- ചിറപ്പുറം, ഏഴ്- മാങ്കണ്ടം, എട്ട് -പട്ടേന, ഒന്പത് -സുവര്‍ണവല്ലി, 10 പാലാത്തടം, 11- പാലായി, 12-വള്ളിക്കുന്ന്, 13 -ചാത്തമത്ത്, 14- പൂവാലംകൈ, 15- കുഞ്ഞിപുളിക്കാല്‍, 16- കാര്യങ്കോട്, 17 – പേരാല്‍, 18 – തട്ടാച്ചേരി, 19 – പള്ളിക്കര ഫസ്റ്റ്, 20 – പള്ളിക്കര സെക്കന്റ്, 21 – കരുവാച്ചേരി, 22- കോയാമ്പുറം, 23 -ആനച്ചാല്‍, 24 – കോട്ടപ്പുറം, 25 -കടിഞ്ഞിമൂല, 26 -പുറത്തേക്കൈ, 27 -തൈക്കടപ്പുറം സൗത്ത്, 28 -തൈക്കടപ്പുറം സെന്‍ട്രല്‍, 29- തൈക്കടപ്പുറം നോര്‍ത്ത്, 30- തൈക്കടപ്പുറം സീ റോഡ്, 31-തൈക്കടപ്പുറം സ്റ്റോര്‍, 32- കൊട്രച്ചാല്‍, 33- കണിച്ചിറ, 34- നീലേശ്വരം ടൗണ്‍ എന്നിവയാണ് നഗരസഭാ വാര്‍ഡുകള്‍.
എല്‍ ഡി എഫില്‍ നിന്ന് ഇത്തവണ സ്വതന്ത്രരുള്‍പ്പെടെ 31 വാര്‍ഡുകളില്‍ സി പി എമ്മും ഒരിടത്ത് സി പി ഐയും രണ്ടിടത്ത് ഇന്ത്യന്‍ നാഷനല്‍ ലീഗും മത്സരിക്കുന്നു. സി പി എം ബഹുജന സംഘടനയായ കര്‍ഷകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന വനിതാ സബ് കമ്മിറ്റിയംഗം എം വി വാസന്തി സി പി എമ്മിന്റെ ശക്തികേന്ദ്രമായ പതിനാറാം വാര്‍ഡ് കാര്യങ്കോട്ട് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഔദ്യോഗിക പക്ഷത്തിന് തലവേദയായിട്ടുണ്ട്. സി പി എമ്മിലെ പി കെ ഷിജിതക്കെതിരെയാണ് വാസന്തി മത്സരിക്കുന്നത്.
ഇക്കുറി നീലേശ്വരം നഗരസഭാ ഭരണം എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് ക്യാമ്പുകള്‍ സജീവമായിരിക്കുന്നത്. തുടര്‍ച്ചയായ പതിനഞ്ച് വര്‍ഷം നഗരസഭ ഭരിച്ചിട്ടും ജനങ്ങള്‍ നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടതുഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന് യു ഡി എഫ് കുറ്റപ്പെടുത്തുന്നു. ജില്ലയുടെ സാംസ്‌കാരിക നഗരമായി അറിയപ്പെടുന്ന നീലേശ്വരത്തിന്റെ വികസന പിന്നാക്കാവസ്ഥയാണ് യു ഡി എഫ് പ്രചാരണായുധമാക്കുന്നത്. മാലിന്യ പ്രശ്‌നം, റോഡുകളുടെ തകര്‍ച്ച, കുടിവെള്ള ക്ഷാമം, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാതെ കിടക്കുകയാണെന്ന് യു ഡി എഫ് കുറ്റപ്പെടുത്തുന്നു.
നാഷനല്‍ ഹൈവേ നിര്‍മാണം തുടങ്ങിയതോടെ ടൗണ്‍ രണ്ടായി പിളര്‍ന്നത് കാരണം ജനങ്ങള്‍ കടുത്ത യാത്ര ദുരിതം അനുഭവിക്കുകയാണെന്നും ഇതിന് പരിഹാരമായി നളന്ദ റിസോര്‍ട്ട് മുതല്‍ തട്ടാച്ചേരി ജംഗ്ഷന്‍ വരെ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നഗരസഭ ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ലെന്നുമാണ് ഉയരുന്ന പ്രധാന പരാതി. രാജാസ് റോഡ് വികസനം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. ദേശീയ പാതയോരത്തെ മത്സ്യ വില്‍പ്പന വലിയ ദുരിതം സൃഷ്ടിക്കുകയാണെന്ന പരാതി ശക്തമാണ്.
മത്സ്യ മാര്‍ക്കറ്റ് നിര്‍മാണം ഇനിയും തുടങ്ങിയിട്ടില്ല. അച്ചാംതുരുത്തി പാലത്തില്‍ സ്ഥാപിച്ച സ്ട്രീറ്റ്‌ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായി. ഇതിന് ഫണ്ട് നീക്കിവെച്ചിട്ടില്ല. നഗരത്തിലെ പല വാര്‍ഡുകളിലും റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണെന്നും യു ഡി എഫ് കുറ്റപ്പെടുത്തുന്നു.
മുസ്‌ലിംലീഗിലും കോണ്‍ഗ്രസ്സിലും വനിതാലീഗിലും മഹിളാ കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തുള്ള പൊതുപ്രവര്‍ത്തകരെയാണ് യു ഡി എഫ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മികവും ചിട്ടയായ പ്രവര്‍ത്തനവും വഴി ഇടതുമുന്നണിയോടൊപ്പം പ്രചാരണ രംഗത്ത് ഒപ്പമെത്താന്‍ സാധിച്ചുവെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യു ഡി എഫില്‍ തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നേതൃത്വം ഇടപെട്ട് ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് ആവശ്യപ്പെട്ട അധിക സീറ്റുകള്‍ നല്‍കാത്തതില്‍ പാര്‍ട്ടിയില്‍ അസ്വാരസ്യമുണ്ടായിരുന്നു. 34-ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്കെതിരെ വിമതന്‍ രംഗത്തുള്ളത് വെല്ലുവിളിയായിട്ടുണ്ട്. 34 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് -29, മുസ്‌ലിം ലീഗ് -അഞ്ച് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കഴിഞ്ഞ ഭരണ സമിതിയില്‍ കോണ്‍ഗ്രസ്സിന് ഏഴ്, മുസ്‌ലിം ലീഗിന് രണ്ട് എന്ന നിലയിലായിരുന്നു കക്ഷി നില.




