Kerala
കസേര കൊണ്ട് വീട്ടുജോലിക്കാരിയുടെ കൈ അടിച്ചു പൊട്ടിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍
എഴുമറ്റൂര്‍ സ്വദേശി ഏലിക്കുഴ വീട്ടില്‍ ആദര്‍ശ് (28), ആറന്‍മുള നാല്‍ക്കാലിയ്ക്കല്‍ സ്വദേശി ശോഭാസദനത്തില്‍ നവനീത് (24) എന്നിവരാണ് അറസ്റ്റിലായത്.
തിരുവല്ല | വീട്ടുജോലിക്കെത്തിയ സ്ത്രീയുടെ കൈ കസേര കൊണ്ട് അടിച്ച് പൊട്ടിച്ച കേസിലെ പ്രതികളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂര്‍ സ്വദേശി ഏലിക്കുഴ വീട്ടില്‍ ആദര്‍ശ് (28), ആറന്‍മുള നാല്‍ക്കാലിയ്ക്കല്‍ സ്വദേശി ശോഭാസദനത്തില്‍ നവനീത് (24) എന്നിവരാണ് അറസ്റ്റിലായത്.
കുടുംബവുമായി പിണങ്ങി ഒറ്റക്ക് കഴിയുന്ന പിതാവ് കഴിയുന്ന വാടക വീട്ടില്‍ ഒന്നാം പ്രതിയായ ആദര്‍ശിന്റെ സഹോദരിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി കഴിഞ്ഞമാസം 11ന് ആദര്‍ശും സുഹൃത്തും കൂടി എത്തിയ സമയത്താണ് സംഭവം. ഇവരുടെ വീട്ടുജോലിക്കാരിയായ പരുമല സ്വദേശി ശ്യാമള (45)യുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ശ്യാമളയെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയും ആദര്‍ശ് കസേരയെടുത്ത് കൈയില്‍ അടിക്കുകയുമായിരുന്നു. അടിയേറ്റ് ശ്യാമളയുടെ കൈക്ക് പൊട്ടലുണ്ടായി. ശ്യാമളയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയി.
അന്വേഷണത്തിനിടെ പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ അജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ നൗഫല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, അരുണ്‍, സുദീപ്, രഞ്ചു, സുജിത്ത് എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

