Kerala
ഫെമ ചട്ടം ലംഘിച്ചിട്ടില്ല, ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധം; വിശദീകരണവുമായി കിഫ്ബി
മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ. ആരോപണവുമായി ബന്ധപ്പെട്ട് ഏത് തരം പരിശോധനക്കും വിധേയമാകാന്‍ തയ്യാറാണ്.
തിരുവനന്തപുരം | ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി കിഫ്ബി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ പുറപ്പെടുവിച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ആര്‍ ബി ഐ നിര്‍ദേശം കൃത്യമായി പാലിച്ചു തന്നെയാണ് കാര്യങ്ങള്‍ നീക്കിയത്. ആരോപണവുമായി ബന്ധപ്പെട്ട് ഏത് തരം പരിശോധനക്കും വിധേയമാകാന്‍ തയ്യാറാണ്.
തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം നോട്ടീസുകള്‍ അയക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ഇതിനു മുമ്പ് നോട്ടീസുകള്‍ അയച്ചത് 2021ലെ നിയമസഭ, 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ആണ്. നോട്ടീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് മനപ്പൂര്‍വമാണെന്നും കിഫ്ബി ആരോപിച്ചു.
കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചിരുന്നു. രേഖാമൂലമായ മറുപടി ഒരുമാസത്തിനകം നല്‍കണമെന്നാണ് നിര്‍ദേശം. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. 2,672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് കണ്ടെത്തല്‍. 2019ലെ കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ട ലംഘനം നടന്നെന്നും ഇ ഡി പറയുന്നു.

