Kerala
മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന തൃശൂര്‍ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം നേരത്തെ നിര്‍വഹിച്ച് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍
എം എല്‍ റോസിക്കൊപ്പം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

തൃശൂര്‍| മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടകയാകേണ്ട തൃശൂര്‍ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം നേരത്തെ നിര്‍വഹിച്ച് എല്‍ഡിഎഫ് ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി. തൃശൂര്‍ കോര്‍പ്പറേഷന്‍ ഞായറാഴ്ച്ചയായിരുന്നു ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിപിഐഎം നേതൃത്വം ഇടപെട്ട് അത് പന്ത്രണ്ടാം തിയതിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് ഡെപ്യൂട്ടി മേയര്‍ എംഎല്‍ റോസിയുടെ നേതൃത്വത്തില്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. റോസിക്കൊപ്പം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. അഞ്ചാം തിയതി മേയറാണ് ഈ റോഡ് ഉദ്ഘാടനം ചെയ്യാനിരുന്നത്. എന്നാല്‍ സിപിഐഎം നേതൃത്വം ഇടപെട്ട് തിയതി മാറ്റിവയ്ക്കുകയും മന്ത്രിയെ ഉദ്ഘാടകയാക്കുകയുമായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറുടെ വാര്‍ഡിലാണ് റോഡുളളത്.
അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി എം എല്‍ റോസി രംഗത്തെത്തി. കൗണ്‍സിലര്‍മാര്‍ ആരു വിളിച്ചാലും എത്തേണ്ടതാണ്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വിളിച്ചതനുസരിച്ചാണ് പോയത്. അവിടെയെത്തിയപ്പോഴാണ് ഈ കാര്യങ്ങളൊക്കെ അറിയുന്നത്. മന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതാണ് എന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. കൂട്ടായ ചര്‍ച്ച ഇല്ലാത്തതിന്റെ അപാകതയാണ് കോര്‍പ്പറേഷനില്‍ നിഴലിച്ചു കാണുന്നത്. ഇത്രയും മോശമായി ഭരിച്ച ഒരു ഭരണസമിതി എന്റെ രാഷ്ട്രീയ പ്രവര്‍ത്തനകാലത്ത് കണ്ടിട്ടില്ലെന്നും കമ്മറ്റികള്‍ വിളിച്ചാല്‍ വെറുതെ നോക്കുകുത്തിയായി പോയിരിക്കേണ്ട അവസ്ഥയാണെന്നും റോസി പറഞ്ഞു. തൃശൂര്‍ മേയര്‍ക്കെതിരെയും എം എല്‍ റോസി പ്രതികരിച്ചു. ഞാനിറങ്ങിയാല്‍ ഭരണം വീഴുമെന്നാണ് മേയര്‍ ഭീഷണിപ്പെടുത്തുന്നത്. കോര്‍പ്പറേഷനില്‍ മേയറുടെ ഞാന്‍ ഭരണമാണ് നടക്കുന്നതെന്നും ഡെപ്യൂട്ടി മേയര്‍ കൂട്ടിച്ചേര്‍ത്തു.