Connect with us

Ongoing News

കെ പി ഉദയഭാനു സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

ഇതിൽ വീണാ ജോർജ്,അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ.എസ് മനോജ്, പി ബി സതീഷ്‌ കുമാർ, ലസിതാ നായർ എന്നിവരാണ് പുതുമുഖങ്ങൾ.

Published

|

Last Updated

അടൂർ | സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനുവിനെ ഐകകണ്ഠ്യേന  തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാം തവണയാണ് ഉദയഭാനു (64) ജില്ലാ  സെക്രട്ടറിയാകുന്നത്. പി കെ കുമാരന്‍ ന​ഗറില്‍ (അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്റര്‍) ചേര്‍ന്ന സമ്മേളനം പുതിയ 34 അം​ഗ ജില്ലാ കമ്മിറ്റിയെയും 10 അം​ഗ ജില്ലാ സെക്രട്ടറിയറ്റിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ 33 അം​ഗ ജില്ലാ കമ്മിറ്റിയായിരുന്നു. നാലു പേര്‍ മാറി. പുതുതായി അഞ്ച് പേരെ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. എല്ലാ തിരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു.

ഏനാദിമംഗലം കുറുമ്പകര പുത്തൻവിളയിൽ പരമേശ്വരന്റെയും ലക്ഷ്‌മിയുടെയും മകനായ കെ പി ഉദയഭാനു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതു പ്രവര്‍ത്തന രം​ഗത്തേക്ക് വന്നത്. അടിയന്തരാവസ്ഥ കാലത്ത്‌ സിവിൽ എൻജിനീയറിംഗ് വിദ്യാർഥിയായിരിക്കെ ശൂരനാട് രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. 76 ദിവസം ജയിൽവാസം അനുഭവിച്ചു.  77-ൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് വീണ്ടും ജയിൽവാസം അനുഭവിച്ചു.

24-ാം വയസിൽ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഉദയഭാനു. പഞ്ചായത്തിന്റെ എല്ലാ മേഖലയിലും വികസനമെത്തിക്കാന്‍ പ്രവര്‍ത്തിച്ച തികച്ചും ജനകീയനായ പഞ്ചായത്ത് അധ്യക്ഷന്‍ കൂടിയായിരുന്നു.  1983ൽ പാർടി അടൂർ താലൂക്ക് കമ്മിറ്റി അംഗം. 1984ൽ കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയിലും അഖിലേന്ത്യാ കമ്മിറ്റിയിലും അംഗമായി. 97ൽ സിപിഐ എം  ജില്ലാ കമ്മിറ്റി അംഗമായി. 2000ൽ സിപിഐ എം അടൂർ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

കെ പി ഉദയഭാനു, എ പത്മകുമാർ, രാജുഏബ്രഹാം, പി ജെ അജയകുമാർ, ടി ഡി ബൈജു, അഡ്വ. ആർ സനൽകുമാർ, പി ബി ഹർഷകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, എസ്‌ നിർമലാദേവി, എൻ സജികുമാർ, അഡ്വ. ടി സക്കീർ ഹുസൈൻ, എം വി സഞ്ജു, കോമളം അനിരുദ്ധൻ, പി എസ് മോഹനൻ, എസ് ഹരിദാസ്, അഡ്വ. കെ യു ജനീഷ് കുമാർ, പ്രഫ. കെ മോഹൻകുമാർ, ആർ തുളസീധരൻ പിള്ള, കെ കെ ശ്രീധരൻ, എ എൻ സലീം, സി രാധാകൃഷ്ണൻ, അഡ്വ.ഫ്രാൻസിസ് വി ആന്റണി, ബാബു കോയിക്കലേത്ത്, കെ സി രാജഗോപാലൻ, ആർ അജയകുമാർ, ശ്യാംലാൽ, പി ആർ പ്രസാദ്, ബിനുവർഗീസ്, കെ കുമാരൻ,അഡ്വ. പീലിപ്പോസ് തോമസ്, വീണാ ജോർജ്, അഡ്വ.എസ് മനോജ്, പി ബി സതീഷ്‌ കുമാർ, ലസിതാ നായർ എന്നിവരാണ് പുതിയ 34 അംഗ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിൽ വീണാ ജോർജ്,അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ.എസ് മനോജ്, പി ബി സതീഷ്‌ കുമാർ, ലസിതാ നായർ എന്നിവരാണ് പുതുമുഖങ്ങൾ. പ്രഫ. ടി കെ ജി നായർ, അഡ്വ. കെ പ്രകാശ് ബാബു, അമൃതം ഗോകുലൻ, ജി അജയകുമാർ എന്നിവരാണ് നിലവിലുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത്. നേരത്തെ 33 അംഗ ജില്ലാ കമ്മിറ്റി എന്നത് ഒരെണ്ണം വർധിപ്പിച്ചാണ് 34 അംഗ ജില്ലാ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. 17 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു.

Latest