Kerala
കോഴിക്കോട് കാരശ്ശേരി സഹകരണ ബേങ്ക് വിവാദം; ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹിമാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്സ്
സി പി എമ്മുമായി ചേര്‍ന്ന് ബേങ്കിലെ യു ഡി എഫ് ഭരണസമിതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് അബ്ദുറഹിമാനെതിരായ ആരോപണം.
കോഴിക്കോട് | കാരശ്ശേരി സഹകരണ ബേങ്ക് ക്രമക്കേടില്‍ നടപടിയുമായി കോണ്‍ഗ്രസ്സ്. ബേങ്ക് ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹിമാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
സി പി എമ്മുമായി ചേര്‍ന്ന് ബേങ്കിലെ യു ഡി എഫ് ഭരണസമിതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് അബ്ദുറഹിമാനെതിരായ ആരോപണം. 13 അംഗ ഭരണസമിതിയിലെ ഒമ്പതുപേരും അറിയാതെ, കാരശ്ശേരി സഹകരണ ബേങ്കിനെ ചെയര്‍മാന്‍ സി പി എമ്മിന് വിറ്റെന്ന ഗുരുതര ആരോപണവുമായി ബേങ്ക് ജീവനക്കാരും യു ഡി എഫ് നേതാക്കളും രംഗത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ബേങ്കിന്റെ ഭരണസമിതി പിരിച്ചുവിടുകയും ഭരണം അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ കെ അബ്ദുറഹ്മാന്‍ ചെയര്‍മാനായ കാരശ്ശേരി സഹകരണബാങ്കിലെ നിലവിലെ ഭരണസമിതിക്ക് 2027 വരെ കാലാവധിയുണ്ടായിരുന്നു. ഈ സമിതി പിരിച്ചുവിട്ടാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം പ്രഖ്യാപിച്ചത്. സഹകരണ നിയമപ്രകാരം നോട്ടീസ് നല്‍കിയ ശേഷമായിരുന്നു നടപടി. സഹകരണവകുപ്പ് മാവൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ എന്‍ എം സനിതയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാണ് ഭരണ ചുമതല. സനിത തിങ്കളാഴ്ച വൈകീട്ട് തന്നെ ബേങ്കിലെത്തി ഭരണമേറ്റെടുക്കുകയും ബേങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.
ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ ബേങ്ക് ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരേ അവിശ്വാസം കൊണ്ടുവരാന്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഒമ്പത് അംഗങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായി യു ഡി എഫ് നേതാക്കള്‍ പറയുന്നു. ഇതിനിടെ, ബേങ്കിന്റെ നെല്ലിക്കാപറമ്പ് ശാഖയിലെ ഏഴ് ജീവനക്കാരുടെ ലോഗിന്‍ ഐ ഡി ഉപയോഗിച്ച്, അവധി ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ 829 പുതിയ എ ക്ലാസ് അംഗത്വം നല്‍കിയതോടെയാണ് സംഭവം വിവാദമായത്.
ശനിയാഴ്ച വൈകീട്ടുവരെ 770 എ ക്ലാസ് അംഗങ്ങളാണുണ്ടായിരുന്നത്. 829 പുതിയ അംഗങ്ങളെ കൂടി ചേര്‍ത്തതോടെ ആകെ അംഗങ്ങളുടെ എണ്ണം 1,599 ആയി. പുതുതായി അംഗത്വം നല്‍കിയവരില്‍ ഭൂരിഭാഗവും സി പി എമ്മുകാരാണെന്നും തിരഞ്ഞെടുപ്പു നടത്തിയാല്‍ ഭരണം സി പി എമ്മിന്റെ കൈയിലെത്തുമെന്നും യു ഡി എഫ് നേതാക്കള്‍ പറയുന്നു. 2,500 രൂപയാണ് ഒരു എ ക്ലാസ് അംഗത്വ ഫീസ്. 21 ലക്ഷത്തോളം രൂപയാണ് അംഗത്വം നല്‍കിയതോടെ ഒറ്റദിവസം കൊണ്ട് ബേങ്കിലെത്തിയത്.



