Kerala
ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി
ഇന്ന് രാവിലെ ആറോടെയാണ് വനപാലകര്‍ മടങ്ങിയെത്തിയത്. കനത്ത മഴ കാരണമാണ് ഇവരുടെ തിരിച്ചുവരവ് വൈകിയത്.
തിരുവനന്തപുരം | ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി. ഇന്ന് രാവിലെ ആറോടെയാണ് വനപാലകര്‍ മടങ്ങിയെത്തിയത്. കനത്ത മഴ കാരണമാണ് ഇവരുടെ തിരിച്ചുവരവ് വൈകിയത്.
കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് ഉള്‍വനത്തില്‍ പോയ പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബി എഫ് ഒ. രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെ ഇന്നലെ രാവിലെ കാണാതാവുകയായിരുന്നു. പിന്നീട് ആര്‍ ആര്‍ ടി സംഘം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുമായി സംഘം അടുത്ത ഷെല്‍ട്ടര്‍ ക്യാമ്പിലേക്ക് പോയി. കനത്ത മഴ പെയ്തതോടെ സംഘത്തിന്റെ മടക്കയാത്ര ദുഷ്‌കരമായി.
കേരള-തമിഴ്നാട് അതിര്‍ത്തി മേഖല കൂടിയായ ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് വനപാലകര്‍ കടുവകളുടെ എണ്ണമെടുക്കാന്‍ പോയത്. വൈകിട്ടോടെ ക്യാമ്പില്‍ വരേണ്ടവര്‍ മടങ്ങിയെത്താതെ വന്നതോടെ കടുത്ത ആശങ്കയുയര്‍ന്നിരുന്നു. റേഞ്ച് ഇല്ലാത്തത് കാരണം ഇവരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല.




