Connect with us

Malappuram

ചരിത്രത്തെ തനിമയോടെ നിലനിറുത്തുക: ഖലീല്‍ ബുഖാരി തങ്ങള്‍

പുസ്തക ചര്‍ച്ചയും ചരിത്ര സെമിനാറും പ്രൗഢമായി

Published

|

Last Updated

മലപ്പുറം | ചരിത്രത്തെ കളങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തില്‍ ചരിത്രത്തെ തനിമയോടെ നിലനിറുത്തുക എന്നതാണ് നമ്മുടെ കര്‍തവ്യമെന്ന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ മലപ്പുറം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയും ചരിത്രസെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവപണ്ഡിതനും മഅദിന്‍ അക്കാദമി ദഅവാ കോളജ് അധ്യാപകനുമായ അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍ എഴുതിയ മലയാളത്തിലെ നാനൂറോളം മഹാരഥന്മാരെ പരിചയപ്പെടുത്തുന്ന വിജ്ഞാനശിലകള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേരള മുസ്ലിം ചരിത്രവും പാരമ്പര്യവും എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. കെ.എസ്. മാധവന്‍ ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തി. വൈജ്ഞാനിക പ്രബുദ്ധതക്ക് ചരിത്ര പഠനം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷകന്‍ ഉമൈര്‍ ബുഖാരി പുസ്തക പരിചയം നടത്തി. അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍ മറുപടി പ്രസംഗം നിര്‍വ്വഹിച്ചു.

ഹിജ്റ 850 മുതല്‍ 1442 വരെയുള്ള കാലയളവില്‍ ജീവിച്ച മഹാരഥന്മാരെ കുറിച്ചുള്ള പുസ്തകമാണ് വിജ്ഞാന ശിലകള്‍. 495 പേജുകളുള്ള പുസ്തകത്തിന്റെ പ്രസാധനം മഅദിന്‍ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഉറവ പബ്ലിക്കേഷന്‍സ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

മലപ്പുറം പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് മുജീബ് പുള്ളിച്ചോല, മഅദിന്‍ മാനേജര്‍ സൈതലവി സഅദി, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, മഅ്ദിന്‍ മീഡിയാ കോഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി സ്വലാത്ത്നഗര്‍, രിള്വാന്‍ അബൂക്കര്‍ അദനി ആക്കോട്, മുഹമ്മദലി ശിഹാബ് അദനി എരഞ്ഞിമാവ്, നൗഫല്‍ അദനി താഴെക്കോട്, അഫ്സല്‍ അദനി കുഴിയംപറമ്പ്, ശാഫി ഫാളിലി പൈത്തിനിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.