National
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്സ്; രാജ്യവ്യാപകമായി പ്രതിഷേധിക്കും
നാളെ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കും തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസിലേക്കും മാര്‍ച്ച്

ന്യൂഡൽഹി | തിരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാളെ ആയിരങ്ങളെ അണിനിരത്തി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കും തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസിലേക്കും മാര്‍ച്ച് നടത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിക്കും. ഇതോടെ കള്ളി വെളിച്ചത്താകുമെന്നും ബി ജെ പിക്ക് പൊള്ളുമെന്നും വേണുഗോപാൽ പറഞ്ഞു. വോട്ട് ക്രമക്കേടെന്ന ഗുരുതര ആരോപണം ഉന്നയിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കത്തയച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരുടെയും അനര്‍ഹമായി ഉള്‍പ്പെട്ടവരുടെയും പേരുകള്‍ ഒപ്പിട്ട സത്യപ്രസ്താവനക്കൊപ്പം പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. എന്നാല്‍ താനൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നതെന്താണോ അതാണ് തന്റെ വാക്കെന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതികരിച്ചു. പറയാനുള്ളത് എല്ലാവരോടും പരസ്യമായി ഞാന്‍ പറഞ്ഞു. ഇതിനെ സത്യപ്രസ്താവനയായി എടുക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.