Connect with us

local body election 2025

കാഞ്ഞങ്ങാട് നഗരസഭ; വിജയം ആവർത്തിക്കാൻ എൽ ഡി എഫ്; തിരിച്ചുപിടിക്കാൻ യു ഡി എഫ്

10 വർഷക്കാലമായി കാഞ്ഞങ്ങാട് നഗരസഭ ഭരിക്കുന്നത് എൽ ഡി എഫാണ്

Published

|

Last Updated

കാഞ്ഞങ്ങാട് | കഴിഞ്ഞ 10 വർഷക്കാലം തുടർച്ചയായി കാഞ്ഞങ്ങാട് നഗരസഭ ഭരിച്ച എൽ ഡി എഫ് ഇത്തവണയും വിജയം ആവർത്തിക്കുമെന്ന ആത്മ വിശ്വാസത്തിൽ പടയോട്ടം തുടരുന്നു.
അതേസമയം നഗരസഭ ഭരണം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് പാളയം കളം നിറഞ്ഞ് പ്രചാരണം നടത്തുന്നത്. വി വി രമേശനാണ് എൽ ഡി എഫിന്റെ ചെയർമാൻ സ്ഥാനാർഥി. ഏഴാം വാർഡായ അതിയാമ്പൂരിൽ നിന്നാണ് രമേശൻ മത്സരിക്കുന്നത്.

രമേശനെ വീണ്ടും ഗോദയിൽ ഇറക്കിയത് തന്നെ നഗരസഭാ ഭരണം നിലനിർത്താനാണ്. സി പി എമ്മിന്റെ ഉറച്ച കോട്ടയാണ് അതിയാമ്പൂർ വാർഡ്. അതിനാൽ വി വി രമേശന്റെ വിജയം ഇപ്പോൾ തന്നെ ഉറപ്പിച്ചതായി എൽ ഡി എഫ് കേന്ദ്രങ്ങൾ പറയുന്നു. ഈ വാർഡിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് സി എം പിയിലെ പി പി നിവേദ് ആണ്. മുൻ ബി ജെ പി നേതാവ് ടി വി അജയകുമാർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.

2015ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് യു ഡി എഫിൽ നിന്ന് കാഞ്ഞങ്ങാട് നഗരസഭ പിടിച്ചെടുക്കുകയും വി വി രമേശൻ നഗരസഭ ചെയർമാനാകുകയും ചെയ്തു.
കാഞ്ഞങ്ങാട് മത്സ്യമാർക്കറ്റ് വികസനം, അലാമിപ്പള്ളി ബസ് സ്റ്റാൻഡ് കോംപ്ലക്സ് തുടങ്ങി ഒട്ടേറെ വികസനപദ്ധതികൾ വി വി രമേശന്റെ ഭരണകാലത്ത് നടപ്പാക്കിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ വീട് നിർമിച്ചുകൊടുത്ത നഗര സഭ എന്ന ഖ്യാതി കാഞ്ഞങ്ങാട് നഗരസഭക്ക് നേടി കൊടുത്തത് വി വി രമേശന്റെ ഭരണകാലത്താണ്. ഇതിന്റെ ഫലമായി 2020ലെ തിരഞ്ഞെടുപ്പിലും കാഞ്ഞങ്ങാട് നഗരസഭയിൽ എൽ ഡി എഫ് അധികാരത്തിൽ വന്നു. കെ വി സുജാതയാണ് ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടത്.

വി വി രമേശന്റെയും കെ വി സുജാതയുടെയും ഭരണത്തിൽ ഉണ്ടായ വികസനനേട്ടങ്ങൾ ഉയർത്തി കാണിച്ചാണ് ഇത്തവണ എൽ ഡി എഫ് വോട്ട് തേടുന്നത്. യു ഡി എഫ് ആകട്ടെ നഗര ഭരണം തിരിച്ച് പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. മുസ്്ലിം ലീഗിലെ എം പി ജാഫറാണ് യു ഡി എഫിന്റെ ചെയർമാൻ സ്ഥാനാർഥി.

യു ഡി എഫിന് നിർണായക സ്വാധീനമുള്ള വാർഡ് ഒന്ന് ബല്ല കടപ്പുറം വെസ്റ്റിലാണ് ജാഫർ മത്സരിക്കുന്നത്.രാഹുൽ നിലാങ്കരയാണ് എൽ ഡി എഫ് സ്ഥാനാർഥിയായി ഇവിടെ മത്സരിക്കുന്നത്. ബി ജെ പിക്ക് സ്ഥാനാർഥി ഇല്ല. 2020ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കാഞ്ഞങ്ങാട് നഗരസഭയിൽ 43വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ നാല് വാർഡുകൾ കൂടി 47 ആയി. 2020ലെ തിരഞ്ഞെടുപ്പിൽ 21 സീറ്റിൽ എൽ ഡി എഫും 13 സീറ്റിൽ യു ഡി എഫും അഞ്ച് സീറ്റിൽ എൻ ഡി എയുമാണ് വിജയിച്ചത്.

Latest