Connect with us

National

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

എന്‍ ഡി എ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെയാകും പത്രിക നല്‍കുക.

എന്‍ ഡി എ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. 1946 ജൂലൈ എട്ടിന് ആന്ധ്രാപ്രദേശിലാണ് സുദര്‍ശന്‍ റെഡ്ഡിയുടെ ജനനം. 1971ല്‍ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി ചേര്‍ന്നു. 1988 മുതല്‍ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായും 1990 ല്‍ ആറു മാസം കേന്ദ്ര സര്‍ക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.

1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബര്‍ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതല്‍ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ഥിയാക്കിയത് വഴി തെലുങ്ക് ദേശം പാര്‍ട്ടി, ടി ഡി പി, ബി ആര്‍ എസ് തുടങ്ങിയ കക്ഷികളില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.