Kuwait
കുവൈത്തില്‍ തൊഴില്‍ വിപണി പരിശോധിക്കാന്‍ ഇനി ജുഡിഷ്യല്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരും
തൊഴില്‍ വിപണിയുടെ സാഹചര്യങ്ങള്‍ നിയന്ത്രിക്കുകയും നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമാക്കുകയും ചെയ്യണമെന്നും മന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തി .

കുവൈത്ത് സിറ്റി | കുവൈത്തില്‍ തൊഴില്‍ വിപണിയിലെ പരിശോധനക്കായി ഇനി ജൂഡിഷ്യല്‍ പോലീസിന്റെ സാനിദ്യവും ഉണ്ടാവും.ഇതിനായി നിയമിക്കപ്പെട്ട മാനവ ശേഷി സമിതിയുടെ 76 ജൂഡീഷ്യല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന് മുന്നില്‍ സത്യ വാചകം ചൊല്ലി ജോലിയില്‍ പ്രവേശിച്ചു.തൊഴില്‍ വിപണിയുടെ സാഹചര്യങ്ങള്‍ നിയന്ത്രിക്കുകയും നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമാക്കുകയും ചെയ്യണമെന്നും മന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തി . നിയമലംഘനങ്ങളില്‍ നിന്ന് തൊഴില്‍ വിപണിയെ ശുദ്ധീകരിക്കുകയും ഉല്‍പ്പാദനത്തിലേക്ക് നയിക്കുകയും സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നി പറഞ്ഞു.
ചട്ടങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ തങ്ങളുടെ ജോലി നിര്‍വഹിക്കുകയും തങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങള്‍ ഉപയോഗിച്ച് എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് കൃത്യ നിര്‍വഹണം നടത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി . തങ്ങളില്‍ അര്‍പ്പിക്കപ്പെട്ട ദൗത്യം സത്യസന്ധമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്നും മന്ത്രിഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. പുതുതായി സ്ഥാനമേറ്റ ജൂഡിഷ്യല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ തൊഴില്‍ വിപണിയില്‍ നടക്കുന്ന പരിശോധനകളില്‍ പങ്കെടുക്കും