National
ഓപ്പറേഷൻ സിന്ദൂറിനിടെ മസൂദ് അസറിന്റെ കുടുംബം കൊല്ലപ്പെട്ടതായി സമ്മതിച്ച് ജയ്ഷെ മുഹമ്മദ് ഭീകര സംഘടന
മെയ് 7-ന് ബഹാവൽപൂരിലെ ജയ്ഷ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ മസൂദ് അസ്ഹറിൻ്റെ കുടുംബം "കഷണങ്ങളായി ചിതറിപ്പോയെന്ന്" ജയ്ഷിന്റെ ഉന്നത കമാൻഡറായ മസൂദ് ഇല്യാസ് കശ്മീരി

ന്യൂഡൽഹി | പാക് ഭീകരർക്ക് എതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ മസൂദ് അസ്ഹറിൻ്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി സമ്മതിച്ച് ജയ്ഷെ മുഹമ്മദ് ഭീകര സംഘടന. ജയ്ഷിന്റെ ഉന്നത കമാൻഡറായ മസൂദ് ഇല്യാസ് കശ്മീരിയാണ് ഇക്കാര്യം ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. വൈറലായ വീഡിയോയിൽ, തങ്ങളുടെ സംഘടനയ്ക്ക് നേരിട്ട നഷ്ടങ്ങൾ മസൂദ് ഇല്ല്യാസ് തുറന്നുസമ്മതിക്കുന്നുണ്ട്. മെയ് 7-ന് ബഹാവൽപൂരിലെ ജയ്ഷ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ മസൂദ് അസ്ഹറിൻ്റെ കുടുംബം “കഷണങ്ങളായി ചിതറിപ്പോയെന്ന്” ഇയാൾ പറയുന്നു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പഹൽഗാം ആക്രമണത്തിൽ 25 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. ബാഹവൽപൂർ കൂടാതെ എട്ട് ഭീകരകേന്ദ്രങ്ങൾ ഈ ഓപ്പറേഷനിൽ ഇന്ത്യ തകർത്തു.
പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമായ ബാഹവൽപൂരിൽ നടന്ന ആക്രമണത്തിൽ അസ്ഹറിൻ്റെ പത്ത് ബന്ധുക്കളാണ് കൊല്ലപ്പെട്ടത്. ഇതിൽ സഹോദരിയും അവരുടെ ഭർത്താവും മരുമകനും മരുമകളും കുട്ടികളും ഉൾപ്പെടുന്നു. പുലർച്ചെ നടന്ന ഈ ആക്രമണത്തിൽ അസ്ഹറിൻ്റെ നാല് സഹായികളും കൊല്ലപ്പെട്ടു.
ഉപഗ്രഹ ചിത്രങ്ങളിൽ ജയ്ഷ് ആസ്ഥാനത്തിന്റെ താഴികക്കുടത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചതായും, അകത്ത് വലിയ നാശനഷ്ടമുണ്ടായതായും വ്യക്തമായിരുന്നു. പാകിസ്ഥാൻ ഈ സംഭവം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകളും ദൃക്‌സാക്ഷികളുടെ മൊഴികളും അനുസരിച്ച് മെയ് മാസത്തിൽ അസ്ഹറിൻ്റെ കുടുംബാംഗങ്ങൾക്ക് സർക്കാർ തലത്തിലുള്ള ശവസംസ്കാര ചടങ്ങുകൾ നടന്നിരുന്നു. പൊതുവേദുരികളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന അസ്ഹർ, ഈ ചടങ്ങിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് പങ്കെടുത്തത്.
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച അസ്ഹർ, 2016-ലെ പത്താൻകോട്ട് ആക്രമണം, 44 സൈനികർ കൊല്ലപ്പെട്ട 2019-ലെ പുൽവാമ ആക്രമണം എന്നിവയുടെ സൂത്രധാരനാണ്. പാക് അധിനിവേശ കശ്മീരിലെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിലാണ് അസ്ഹറിനെ അവസാനമായി കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബാഹവൽപൂരിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയാണ് ഈ സ്ഥലം.