Kerala
സുഹൃത്തുക്കള്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍; മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താനായില്ല
ശക്തമായ മഴയില്‍ ചതുപ്പില്‍ വെള്ളം പൊങ്ങിയത് തിരച്ചില്‍ ദുഷ്‌കരമാക്കി. നാളെയും തിരച്ചില്‍ തുടരും.

കോഴിക്കോട് | സരോവരത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് വിജില്‍ എന്ന യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താനായില്ല. ഇന്ന് നടത്തിയ തിരച്ചിലും വിഫലമായി. ശക്തമായ മഴയില്‍ ചതുപ്പില്‍ വെള്ളം പൊങ്ങിയത് തിരച്ചില്‍ ദുഷ്‌കരമാക്കി. നാളെയും തിരച്ചില്‍ തുടരും. കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
ചുങ്കം വേളാത്തിപ്പടിക്കല്‍ വിജില്‍ (35)നെയാണ് കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറു വര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കുഴിച്ചു മൂടിയെന്നാണ് സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍. എലത്തൂര്‍ പോലീസ് തുടരന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്തിയിരുന്നില്ല. സ്റ്റേഷനില്‍ പുതുതായെത്തിയ എസ് എച്ച് ഒ. കെ ആര്‍ രഞ്ജിത്ത്, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്റെ നിര്‍ദേശ പ്രകാരം കേസ് ഏറ്റെടുത്തതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.
കേസില്‍ എരഞ്ഞിപ്പാലം വാഴതിരുത്തി കുളങ്ങരക്കണ്ടിയില്‍ കെ കെ നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കൊയിലാണ്ടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്േ്രടറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.