articles
യുദ്ധമാണ്; സമ്പദ് വ്യവസ്ഥയുടെ അടിത്തറയിളക്കും
യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപകര്‍ വൈമുഖ്യം കാണിക്കുകയും അവര്‍ ഇതിനകം നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ കൂടുതല്‍ അപകടത്തിലാഴ്ത്തുമെന്നതില്‍ സംശയമില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ നാല് വലിയ യുദ്ധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഓരോ യുദ്ധവും രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏത് സൈനിക മുന്നേറ്റവും വെറും അതിര്‍ത്തികളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. മറിച്ച്, അത് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറയെയും സാധാരണക്കാരുടെ ജീവിതത്തെയും ഒരുപോലെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. അതിവേഗം കുതിക്കുന്ന ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇതൊരു കനത്ത ആഘാതമായിരിക്കും സമ്മാനിക്കുക. വളര്‍ച്ചയുടെ വേഗം തകര്‍ച്ചയിലും പ്രതിഫലിക്കുമെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ പ്രമുഖ ബേങ്കുകളുടെ പ്രവര്‍ത്തനം താളം തെറ്റുകയും വ്യവസായങ്ങള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുന്നതോടെ ഓഹരി വിപണിയില്‍ വലിയ തകര്‍ച്ച സംഭവിക്കാനും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) വളര്‍ച്ച ഗണ്യമായി കുറയാനും സാധ്യതയേറെയാണ്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് മേല്‍ ഏല്‍പ്പിക്കുന്ന പ്രഹരം അതീവ ഗുരുതരമാണ്. ഭീമന്‍ വിപണി മൂലധനമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകള്‍ക്കും ഇത് വലിയൊരു വെല്ലുവിളിയായി മാറും. ഓഹരി വിപണിയില്‍ ഏകദേശം 20 ശതമാനം വരെ ഇടിവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ഓഹരി ഉടമകള്‍ക്കും നിക്ഷേപ സ്ഥാപനങ്ങള്‍ക്കും വലിയ സാമ്പത്തിക നഷ്ടം വരുത്തും. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപകര്‍ വൈമുഖ്യം കാണിക്കുകയും അവര്‍ ഇതിനകം നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ കൂടുതല്‍ അപകടത്തിലാഴ്ത്തും എന്നതില്‍ സംശയമില്ല.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നാല് വലിയ യുദ്ധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഓരോ യുദ്ധവും രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ മാത്രം ഏകദേശം 5,000 കോടി രൂപയാണ് ഇന്ത്യക്ക് ചെലവായത്. കഴിഞ്ഞ 57 വര്‍ഷത്തിനിടെ യുദ്ധ ഭീഷണികള്‍ കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 86 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ദുര്‍ബലതയുടെ ഒരു പ്രധാന സൂചനയായി വിലയിരുത്താവുന്നതാണ്. മാത്രമല്ല ഈ നഷ്ടക്കണക്കുകള്‍ കേവലം ഏകദേശ കണക്കുകള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ കണക്കുകളില്‍ ഉള്‍പ്പെടാത്ത നിരവധി നഷ്ടങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ വ്യവസ്ഥക്ക് സംഭവിക്കാം.
ഊര്‍ജ മേഖലയും സേവന മേഖലയുമാണ് യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവുമധികം അനുഭവിക്കാന്‍ സാധ്യതയുള്ളത്. ഇന്ത്യ അതിന്റെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ്. യുദ്ധം ആരംഭിച്ചാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 80 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് 90 ശതമാനം വരെ ഉയര്‍ത്തുകയും ജി ഡി പിയില്‍ 0.6 ശതമാനത്തിന്റെ കുറവുണ്ടാക്കുകയും ചെയ്യും. പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് ഗതാഗത ചെലവ് വര്‍ധിപ്പിക്കുകയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകുകയും ചെയ്യും. വിമാന ടിക്കറ്റ് നിരക്കുകള്‍ 25 ശതമാനം വരെ വര്‍ധിക്കാനും സാധ്യത കാണുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും യുദ്ധം വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും മെട്രോ നഗരങ്ങളില്‍ വലിയ തിരിച്ചടി നേരിടുകയും ചെയ്യും.
പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പൂര്‍ണമായി നിലച്ചു. ഇതിനോടകം തന്നെ നാമമാത്രമായി ചുരുങ്ങിയിരുന്ന സാമ്പത്തിക ബന്ധം ഇതോടെ പാടേ തകര്‍ന്നു. ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2018-19ല്‍ 2.5 ബില്യണ്‍ ഡോളറായിരുന്ന ഇരു രാജ്യങ്ങളുടെയും കച്ചവടമൂല്യം 2024 ആയപ്പോഴേക്കും 1.2 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കുള്ള കയറ്റുമതി മൂല്യം 447.7 മില്യണ്‍ ഡോളറും പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതി മൂല്യം വെറും 4,20,000 ഡോളറും മാത്രമായിരുന്നു. മരുന്നുകള്‍, ഓര്‍ഗാനിക് രാസവസ്തുക്കള്‍, പഞ്ചസാര, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിങ്ങനെയുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികള്‍ പാകിസ്താന്റെ ആരോഗ്യ, വ്യവസായ മേഖലകള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തതായിരുന്നു. അതേസമയം, പാകിസ്താനില്‍ നിന്നുള്ള കയറ്റുമതിയെ വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ഇന്ത്യ അവലംബിക്കുന്നത്.
അട്ടാരി-വാഗാ അതിര്‍ത്തി അടച്ചതും മറ്റു രാജ്യങ്ങള്‍ വഴി വരുന്നവ ഉള്‍പ്പെടെ എല്ലാ പാകിസ്താന്‍ ഉത്പന്നങ്ങളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചതും സ്ഥിതി കൂടുതല്‍ വഷളാക്കി. ദുബൈ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയുള്ള ഏകദേശം 500 മില്യണ്‍ ഡോളറിന്റെ അനൗപചാരിക കച്ചവടവും ഇതോടെ തടസ്സപ്പെട്ടു. ഇതിന് മറുപടിയായി പാകിസ്താന്‍ എല്ലാ വ്യാപാരവും നിര്‍ത്തിവെക്കുകയും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അവരുടെ വ്യോമപാത അടക്കുകയും ചെയ്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആഗോള കച്ചവടത്തിന്റെ വെറും 0.06 ശതമാനം മാത്രമാണ് പാകിസ്താനുമായുള്ള ഉഭയകക്ഷി വ്യാപാരം. അതിനാല്‍ ഈ വ്യാപാര സ്തംഭനം രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തികാവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നിരുന്നാലും, പഞ്ചാബ് പോലുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് അതിര്‍ത്തി വഴിയുള്ള കച്ചവടം നിലച്ചത് വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധിക്കിടയില്‍ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത് പാകിസ്താന്റെ സാമ്പത്തിക അടിത്തറക്ക് മറ്റൊരു തിരിച്ചടിയായി മാറിയിട്ടുണ്ട്. പാകിസ്താന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 24 ശതമാനം വരുന്ന അവരുടെ കൃഷിമേഖലയെ ഇത് സാരമായി ബാധിച്ചു.
ഏതൊരു യുദ്ധത്തിന്റെയും പരിസമാപ്തിയില്‍ ആരാണ് വിജയിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. വാസ്തവത്തില്‍ ഏതൊരു യുദ്ധത്തിലും വിജയിക്കുന്നത് യുദ്ധം നടക്കുന്ന രാജ്യങ്ങളല്ല, മറിച്ച് ആയുധ നിര്‍മാണ കമ്പനികളാണ് എന്നതാണ് യാഥാര്‍ഥ്യം. യുദ്ധകാലത്ത് ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നത് ആയുധ നിര്‍മാണ കമ്പനികളാണ്. ലോകമെമ്പാടും യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും ആവശ്യം കുതിച്ചുയരും. 2022ല്‍ റഷ്യ യുക്രൈനെ ആക്രമിച്ചതിന് ശേഷം, അമേരിക്കന്‍ ആയുധ നിര്‍മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന് വമ്പിച്ച ലാഭമാണ് ലഭിച്ചത്. 2023ല്‍ ഈ കമ്പനിയുടെ വരുമാനം 318 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. യുദ്ധത്തിന് ആയുധം വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് 40 ശതമാനം വരുമാന വര്‍ധനവുണ്ടായതായി സ്റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) റിപോര്‍ട്ട് ചെയ്യുന്നു. യുക്രൈനിന് അമേരിക്ക 44.2 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കി.
ഇതില്‍ 352 മില്യണ്‍ ഡോളറിന്റെ ജാവലിന്‍ മിസൈലുകളും 624 മില്യണ്‍ ഡോളറിന്റെ സ്റ്റിംഗര്‍ മിസൈലുകളും ഉള്‍പ്പെടുന്നു. ഈ മിസൈലുകള്‍ നിര്‍മിക്കുന്നത് ലോക്ഹീഡ് മാര്‍ട്ടിനും റേതിയോണും ചേര്‍ന്നാണ്. ഗസ്സയിലെ ആക്രമണവും സമാനമായ രീതിയില്‍ ഇസ്‌റാഈലിന്റെ ആയുധ ആവശ്യം വര്‍ധിപ്പിച്ചു. അമേരിക്കയില്‍ നിന്ന് 320 മില്യണ്‍ ഡോളറിന്റെ ഗൈഡഡ് മിസൈലുകളും ബോംബുകളുമാണ് ഇസ്‌റാഈലിന് നല്‍കിയത്. ആക്രമണം തുടരുമ്പോള്‍, നോര്‍ത്രോപ് ഗ്രമ്മന്റെ ഓഹരി 2022ഓടെ 40 ശതമാനം ഉയര്‍ന്നു. ലോക്ഹീഡ് മാര്‍ട്ടിന്റേത് 37 ശതമാനം വര്‍ധിച്ചു. യുദ്ധം ഇത്തരം കമ്പനികള്‍ക്ക് ഒരു സുവര്‍ണാവസരമാണ് സമ്മാനിക്കുന്നത്. ഈ കമ്പനികള്‍ക്ക് മാത്രമല്ല ഓഹരി വിപണികളിലെ നിക്ഷേപകര്‍ക്കും ഇതൊരു ലാഭകരമായ അവസരമാണ്. ആരാണ് ഇവിടുത്തെ യഥാര്‍ഥ നഷ്ടക്കാരെന്ന അവലോകനം പ്രസക്തമാണ്.