Connect with us

International

വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഗസ്സയിൽ കുരുതി തുടർന്ന് ഇസ്റാഈൽ സൈന്യം

ഗസ്സ സിറ്റിയിലെ ഷുജായിയ്യ പ്രദേശത്ത് ഇസ്റാഈൽ സൈന്യം നടത്തിയ വെടിവെപ്പിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്റാഈൽ സൈന്യം ആക്രമണങ്ങൾ തുടരുന്നു. ഗസ്സ സിറ്റിയിലെ ഷുജായിയ്യ (Shujayea) പ്രദേശത്ത് ഇസ്റാഈൽ സൈന്യം നടത്തിയ വെടിവെപ്പിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ഇസ്റാഈലിന്റെ വെടിവെപ്പിൽ രണ്ട് ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ല, എൽ-ബിറേ, ഹെബ്രോൺ ഉൾപ്പെടെയുള്ള പല നഗരങ്ങളിലും ഇസ്റാഈൽ സൈന്യം രാത്രികാല റെയ്ഡുകൾ നടത്തി. വീടുകളിൽ അതിക്രമിച്ചു കടക്കുകയും നിരവധി യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്തു. തുൽക്കറെമിലെ അനബ്തയിൽ ഇസ്റാഈലി സൈനികർ ഒരു യുവാവിന്റെ കൈക്ക് വെടിയുതിർത്തു.

ഇസ്റാഈൽ ജയിലുകളിൽ നിന്ന് മോചിതരായ ഫലസ്തീനികൾക്ക് മർദനമേൽക്കുകയും അപമാനിക്കപ്പെടുകയും ചെയ്തതായി അവർ വെളിപ്പെടുത്തി. നിയമവിരുദ്ധമായി 10,000-ത്തിലധികം ഫലസ്തീനികൾ ഇപ്പോഴും ഇസ്റാഈൽ ജയിലുകളിൽ കഴിയുന്നുണ്ട്.

വെടിനിർത്തൽ നിലവിൽ വന്നതിൽ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസമുണ്ടെങ്കിലും, സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുള്ള സാഹചര്യമില്ല. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. അവർ പട്ടിണിയിലാണ്. ഗസ്സയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഭവനരഹിതരാണ്. വെള്ളം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം തകർന്നു.

കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പരിക്കേറ്റവർ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. റഫ ക്രോസിംഗ് ഉടൻ തുറക്കുമെന്നും ആളുകൾക്ക് ഗസ്സയിലേക്ക് തിരികെ പോകാനും പുറത്തുപോകാനും കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.

വെടിനിർത്തലിന് ശേഷം എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് ഫലസ്തീനികൾക്കിടയിൽ അവശേഷിക്കുന്നത്.

 

Latest