International
ഗസ്സാ സിറ്റി കൊലക്കളമാക്കി ഇസ്റാഈൽ നരനായാട്ട്
ഇന്നലെ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സാ സിറ്റി | പശ്ചിമേഷ്യൻ സമാധാനം സംബന്ധിച്ച ചർച്ചകൾ യു എൻ പൊതുസഭയിൽ നടക്കുന്പോഴും ഗസ്സയിൽ ഇസ്റാഈൽ ആക്രമണത്തിന് ഒരു കുറവുമില്ല. ഇന്നലെ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സാ സിറ്റിയിൽ മാത്രം ഇന്നലെ 25 പേർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിനൊപ്പം ഗസ്സ സിറ്റി ലക്ഷ്യമിട്ടുള്ള കരയാക്രമണവും രൂക്ഷമാകുകയാണ്. ഖാൻ യൂനുസിൽ മൂന്ന് ഫലസ്തീനികളെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊന്നു. ഗസ്സാ സിറ്റിയിലൂടെ ഇസ്റാഈൽ ടാങ്കുകൾ പോകുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ഇവിടെയുള്ള അഭയാർഥി ക്യാന്പുകൾ ഇസ്റാഈൽ ആക്രമണത്തിൽ തകർന്നു.
തെക്കൻ ഗസ്സ സിറ്റിയിലെ തലാൽ- ഹവ മസ്ജിദിന് സമീപമെത്തിയ ഇസ്റാഈലിന്റെ മെർകാവ ടാങ്ക് യാസിൻ മിസൈൽ ഉപയോഗിച്ച് തകർത്തതായി ഹമാസ് സായുധ വിഭാഗമായ ഖസ്സം ബ്രിഗേഡ്സ് പറഞ്ഞു.
ഇന്ധനക്ഷാമം രൂക്ഷമായത് കാരണം അടച്ചുപൂട്ടേണ്ടിവരുന്ന ആശുപത്രികളിൽ രോഗികൾ മരണം മുന്നിൽ കാണുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ഗസ്സയിൽ പോഷകാഹാരക്കുറവ് മൂലം മൂന്ന് കുട്ടികൾ മരിച്ചു. ഒമ്പത് സ്കൂളുകളും രണ്ട് ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ ഗസ്സാ സിറ്റിയിലെ സംഘടനയുടെ 12 കേന്ദ്രങ്ങൾ കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇസ്റാഈൽ ആക്രമണത്തിൽ തകർന്നതായി യു എൻ ആർ ഡബ്ല്യു എ അറിയിച്ചു. ഗസ്സയിലേക്ക് പോകുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കപ്പലുകൾക്ക് മുകളിൽ തുടർച്ചയായ രണ്ടാം ദിവസവും ഡ്രോണുകൾ പറക്കുന്നത് കണ്ടെത്തി. ഗസ്സക്ക് മേൽ ഏർപ്പെടുത്തിയ നാവിക ഉപരോധം മറികടക്കുന്നെന്ന് ആരോപിച്ച് ഈ കപ്പലുകളെ ഇസ്റാഈൽ ഭീഷണിപ്പെടുത്തിയിരുന്നു.