International
ഐഡിഎഫ് മുന്നറിയിപ്പ് തള്ളി; ഗസ്സ സിറ്റി കൈയ്യടക്കാനൊരുങ്ങി ഇസ്‌റാഈല്‍
ഗസ്സ മുനമ്പ് പിടിച്ചടക്കുന്നത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

തെല്‍അവീവ്| ഗസ്സ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്‌റാഈല്‍ സുരക്ഷാ കാബിനറ്റ് അനുമതി നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് . ഗസ്സ മുഴുവന്‍ ഏറ്റെടുക്കുമെന്നായിരുന്നു നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയില്‍ ഗസ്സ സിറ്റി ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്‌റാഈല്‍ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകളേയും ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിസുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് നടപടി
ഗസ്സ മുനമ്പ് പിടിച്ചടക്കുന്നത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ്, ഗസ്സ മുഴുവനായും എന്നതിന് പകരം ഗസ്സ സിറ്റി എന്നതിലേക്ക് മാത്രമായി തീരുമാനിച്ചതെന്നും സൂചനയുണ്ട്.നിലവില്‍ ഗസ്സയുടെ 75 ശതമാനം ഭാഗങ്ങളും ഇസ്‌റാഈല്‍ കൈയടക്കിവെച്ചിരിക്കുകയാണ്.ഇതിനിടെ, സൈനികനടപടി തുടരുന്നതിനെ എതിര്‍ത്ത് ഇസ്‌റാഈലില്‍ അഭിപ്രായവോട്ടെടുപ്പുകള്‍ തുടങ്ങി.
അതേ സമയം ഗസ്സയില്‍ 24 മണിക്കൂറിനിടെ 5 പേര്‍ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ ആകെ പട്ടിണിമരണം193 ആയി. മരിച്ചവരില്‍ 96 പേര്‍ കുട്ടികളാണ്. ഗസ്സയിലെ 81% ജനങ്ങള്‍ക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴെന്ന് യുഎന്നിന്റെ ഓഫിസ് ഫോര്‍ കോഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് പറഞ്ഞു. പത്തില്‍ ഒന്‍പതു കുടുംബങ്ങളും ഒരുനേരം ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണ്