Connect with us

From the print

അഭയാര്‍ഥികളെ വിടാതെ ഇസ്‌റാഈല്‍ കൂട്ടക്കുരുതി

തെല്‍ അസ്സുല്‍ത്വാന്‍ അഭയാര്‍ഥി ക്യാമ്പില്‍ ആക്രമണം. ക്യാമ്പിന് തീപ്പിടിച്ച് 45 മരണം.

Published

|

Last Updated

അന്നം തേടി | ഇസ്റാഈൽ വ്യോമാക്രമണത്തിൽ തകർന്ന റഫയിലെ തെൽ അസ്സുൽത്വാൻ അഭയാർഥി ക്യാമ്പിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഭക്ഷണം തിരയുന്ന ഫലസ്തീനികൾ

ഗസ്സ/ ജെറൂസലം | അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്ത്യശാസനം അവഗണിച്ച് റഫയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്റാഈല്‍. തെക്കന്‍ ഗസ്സ നഗരമായ റഫയിലെ തെല്‍ അസ്സുല്‍ത്വാന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഞായറാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ജബാലിയ, നുസ്വയ്റാത്ത്, ഗസ്സ സിറ്റി എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ 160 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഫയിലെ സുരക്ഷിത മേഖലയെന്ന് കരുതിയിരുന്ന ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്.

മധ്യ റഫയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് മുളകൊണ്ടാണ് താത്കാലിക അഭയാര്‍ഥി ക്യാമ്പ് നിര്‍മിച്ചിരുന്നത്. ആക്രമണത്തിനു പിന്നാലെ ഇവിടെ വന്‍ തീപ്പിടിത്തമുണ്ടായി. ഭൂരിഭാഗം പേരും ടെന്റിനുള്ളില്‍ കിടന്ന് പൊള്ളലേറ്റാണ് മരിച്ചത്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഫലസ്തീന്‍ റെഡ്ക്രസന്റ്‌സൊസൈറ്റി അധികൃതര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് റഫയില്‍ കരയാക്രമണം തുടങ്ങിയതോടെ കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന പ്രദേശമാണ് തെല്‍ അസ്സുല്‍ത്വാന്‍.

നിയമങ്ങള്‍ ബാധകമല്ല
അഭയാര്‍ഥികള്‍ താമസിക്കുന്ന ടെന്റുകള്‍ക്ക് സമീപം യു എന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. യു എന്‍ ക്യാമ്പുകള്‍ക്ക് സമീപം ആക്രമണം നടത്തരുതെന്ന നിയമവും കാറ്റില്‍പ്പറത്തിയാണ് ഇസ്റാഈല്‍ ആക്രമണം. റഫയില്‍ നിന്ന് കഴിഞ്ഞ ദിവസം ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയിരുന്നുവെന്ന് ആരോപിച്ചാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് വലിയതോതിലുള്ള ആക്രമണം അഴിച്ചുവിട്ടത്. റഫയുടെ പടിഞ്ഞാറന്‍ മേഖല സുരക്ഷിതമാണെന്ന് ഇസ്റാഈല്‍ കള്ളം പറയുകയാണെന്ന് ആക്രമണത്തില്‍ മരിച്ചവരുടെ മയ്യിത്തുകള്‍ക്കരികില്‍ നിന്ന് സ്വദേശിയായ ആബിദ് മുഹമ്മദ് അല്‍ അത്താര്‍ പറഞ്ഞു. ഇയാളുടെ സഹോദരനുള്‍പ്പെടെ നിരവധി ബന്ധുക്കളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്), അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹമാസ് സായുധ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സ്റ്റാഫ് യാസീന്‍ റാബിയ ഉള്‍പ്പെടെ രണ്ട് പേരെ വധിച്ചതായി അവകാശപ്പെട്ടു. ഗസ്സ മുനമ്പിന്റെ കിഴക്കന്‍, മധ്യ മേഖലകളില്‍ ഇസ്റാഈല്‍ ടാങ്കുകള്‍ ബോംബാക്രമണം നടത്തുന്നുണ്ട്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരിടവും സുരക്ഷിതമല്ല
ആക്രമണത്തെ അപലപിച്ച് സഊദി അറേബ്യ, ഖത്വര്‍, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. റഫയില്‍ ഒരിടവും സുരക്ഷിതമല്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

മരണം 36,050
കൂട്ടക്കൊലയാണ് നടന്നതെന്നും ഇസ്റാഈലിന് പണവും ആയുധങ്ങളും നല്‍കി സഹായിക്കുന്ന അമേരിക്കയാണ് ആക്രമണത്തിന് ഉത്തരവാദിയെന്നും ഹമാസ് നേതൃത്വം പറഞ്ഞു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ അധിനിവേശത്തില്‍ ഇതുവരെ 36,050 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

 

---- facebook comment plugin here -----