Kozhikode
അന്താരാഷ്ട്ര സുസ്ഥിര വികസന കോണ്‍ഫറന്‍സ്: എന്‍ ഐ ടി കാലിക്കറ്റ് ഗവേഷക വിദ്യാര്‍ഥി ഷബീര്‍ നൂറാനി പങ്കെടുക്കും
നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ദോഹയിലെ പ്രസിദ്ധമായ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്കാണ് ഷബീറിന് അവസരം ലഭിച്ചത്.
 
		
      																					
              
              
            കോഴിക്കോട് | എന്‍ ഐ ടി കാലിക്കറ്റ് രസതന്ത്ര വിഭാഗം ഒന്നാം വര്‍ഷ പി എച്ച് ഡി വിദ്യാര്‍ഥിയായ മുഹമ്മദ് ഷബീര്‍ നൂറാനിക്ക് അന്താരാഷ്ട്ര സുസ്ഥിര വികസന കോണ്‍ഫറന്‍സില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം. നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ദോഹയിലെ പ്രസിദ്ധമായ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്കാണ് ഷബീറിന് അവസരം ലഭിച്ചത്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സ് റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി (RSC), യൂറോപ്യന്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് സൊസൈറ്റി (E-MRS), എന്നീ സംഘടനകള്‍ സംയുക്തമായി, ടെക്‌സാസ് എ & എം യൂണിവേഴ്‌സിറ്റി ഖത്വര്‍ (TAMUQ), ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി (HBKU) എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും എന്‍ജിനീയര്‍മാരും യുവ ഗവേഷകരും പങ്കെടുക്കുന്ന ഈ സമ്മേളനം, വസ്തു ശാസ്ത്രത്തിലും രസതന്ത്രത്തിലും സുസ്ഥിര സാങ്കേതികവിദ്യകളിലുമുള്ള പുതിയ സാധ്യതകളെ ക്കുറിച്ച് ചര്‍ച്ച ചെയ്യും.
ഡോ. എ സുജിത് പ്രൊഫസറുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുന്ന മുഹമ്മദ് ഷബീര്‍, താന്‍ വികസിപ്പിച്ച ‘സൂപ്പര്‍ഹൈഡ്രോഫോബിക് പോളിമര്‍ അടിസ്ഥാനത്തിലുള്ള മെംബ്രേന്‍ സാങ്കേതികവിദ്യ വഴി ഓയില്‍വാട്ടര്‍ ശുദ്ധീകരണം’ എന്ന ഗവേഷണ പഠനമാണ് അവതരിപ്പിക്കുന്നത്. സുസ്ഥിര വികസനത്തോടൊപ്പം, വര്‍ധിച്ചു വരുന്ന വ്യാവസായിക മാലിന്യ ശുദ്ധീകരണത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കാന്‍ ഇതിലൂടെ സാധിക്കും. മുഹമ്മദ് ഷബീര്‍ നൂറാനിയെ ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സൂപ്രവൈസര്‍ ഡോ. എ സുജിത്, എന്‍ ഐ ടി കെ രസതന്ത്ര വിഭാഗത്തിലെ മറ്റ് അധ്യാപകരും പ്രത്യേകം അഭിനന്ദിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


