National
ഇന്ത്യ-പാക് സംഘർഷം: വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സൈബർ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അവകാശവാദങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ. ഇതേത്തുടർന്ന്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സൈബർ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിൽ ഓൺലൈൻ സുരക്ഷയ്ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വ്യക്തമാക്കുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന് പിന്നാലെയാണ് സൈബറിടങ്ങളിൽ പാക്കിസ്ഥാന്റെ നേതൃത്വത്തിലും അല്ലാതെയും വ്യാജ വാർത്തകള പ്രചരിക്കുന്നത്.
“നിർണായക ഓൺലൈൻ സുരക്ഷാ മുന്നറിയിപ്പ്: സൈബർ സുരക്ഷാ മുൻകരുതലുകൾ എപ്പോഴും പാലിക്കുക. ഓൺലൈനിൽ ജാഗ്രത പുലർത്തുക—കെണികളിലോ തെറ്റായ വിവരങ്ങളിലോ വീഴരുത്. ദേശസ്നേഹം പുലർത്തുക, ജാഗ്രതയോടെയിരിക്കുക, സുരക്ഷിതരായിരിക്കുക” – ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം എക്സിൽ കുറിച്ചു. നമ്മുടെ ധീരജവാന്മാർ അതിർത്തി കാക്കുമ്പോൾ, നമ്മുടെ രാജ്യത്തെ ഓൺലൈനിൽ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ
ചെയ്യേണ്ട കാര്യങ്ങൾ
- ഓൺലൈനിൽ വിവരങ്ങൾ പങ്കുവെക്കുമ്പോൾ, ഔദ്യോഗിക അറിയിപ്പുകൾ, ഹെൽപ്പ് ലൈനുകൾ, സ്ഥിരീകരിച്ച ദുരിതാശ്വാസ വിവരങ്ങൾ എന്നിവ മാത്രം പങ്കുവെക്കുക.
- ഓൺലൈനിൽ എന്തെങ്കിലും പങ്കുവെക്കുന്നതിന് മുമ്പ്, ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് വാർത്തയുടെ വസ്തുത പരിശോധിക്കുക.
- തെറ്റായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക.
ചെയ്യരുതാത്ത കാര്യങ്ങൾ
- സൈനിക നീക്കങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് കർശനമായി ഒഴിവാക്കുക.
- സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഫോർവേഡ് ചെയ്യരുത്.
- അക്രമത്തിനും വർഗീയ സംഘർഷത്തിനും പ്രേരിപ്പിക്കുന്ന പോസ്റ്റുകൾ ഒഴിവാക്കുക.
“ജാഗ്രതയോടെയിരിക്കുക, ദേശസ്നേഹം പുലർത്തുക, ഉത്തരവാദിത്തത്തോടെ പെരുമാറുക,” എന്ന തലക്കെട്ടോടെയാണ് മന്ത്രാലയം പോസ്റ്റ് അവസാനിപ്പിക്കുന്നത്. തെറ്റായ വിവരങ്ങൾ ഓൺലൈനിൽ കണ്ടാൽ അറിയിക്കേണ്ട വിശദാംശങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്തകളെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തുറന്നുകാട്ടിയിരുന്നു. ഇന്ത്യക്കാർക്കിടയിൽ ഭയം സൃഷ്ടിക്കുക എന്ന ഏക ലക്ഷ്യത്തോടെ പാകിസ്ഥാനിലെ ചില സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും മുഖ്യധാരാ മാധ്യമങ്ങളും ചേർന്ന് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പിഐബി വ്യക്തമാക്കി.