Ongoing News
ഒമാനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി; കാഫയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം
രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യയുടെ ജയം. ആവേശകരമായ പോരാട്ടം പൂര്‍ണ സമയം പിന്നിടുമ്പോഴും സമനിലയില്‍ (1-1) നിന്നതോടെയാണ് ഷൂട്ടൗട്ട് ആവശ്യമായി വന്നത്.

ഹിസോര്‍ (താജികിസ്താന്‍) | കാഫ നേഷന്‍സ് കപ്പില്‍ കരുത്തരായ ഒമാനെ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം സ്ഥാനം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യയുടെ ജയം. ആവേശകരമായ പോരാട്ടം പൂര്‍ണ സമയം പിന്നിടുമ്പോഴും സമനിലയില്‍ (1-1) നിന്നതോടെയാണ് ഷൂട്ടൗട്ട് ആവശ്യമായി വന്നത്. ഒമാന്റെ അവസാന കിക്ക് രക്ഷപ്പെടുത്തി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
55-ാം മിനുട്ടില്‍ ഒമാനാണ് ആദ്യം സ്‌കോര്‍ ചെയ്തത്. അല്‍ യഹ്മാദിയാണ് ഗോള്‍ നേടിയത്. ഇന്ത്യക്കായി 80-ാം മിനുട്ടില്‍ ഉദാന്ത സിങ് സമനില ഗോള്‍ കണ്ടെത്തി. എക്‌സ്ട്രാ ടൈമില്‍ ഒമാന്‍ താരത്തിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം മുതലെടുത്ത് ലീഡ് നേടാന്‍ ഇന്ത്യക്ക് സാധിച്ചില്ല.
മത്സരത്തിന്റെ തുടക്കത്തില്‍ ഒമാനായിരുന്നു ആധിപത്യം. ഇന്ത്യ പ്രതിരോധത്തിലൊതുങ്ങി. 11-ാം മിനുട്ടില്‍ മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ ഇന്ത്യക്കായില്ല. ചാങ്തെ ഫാര്‍ എടുത്ത ഫ്രീകിക്ക് ഒമാന്‍ പ്രതിരോധ നിരയെ പരിഭ്രാന്തരാക്കിയെങ്കിലും ക്ലിയര്‍ ചെയ്യപ്പെട്ടു. രണ്ട് മിനുട്ടിനു ശേഷം ഇന്ത്യ വീണ്ടും ഒമാനെ വിറപ്പിച്ചു. ലോങ്ങ് ത്രോ ബോക്‌സിന് അടുത്തുനിന്ന് സ്വീകരിച്ച അന്‍വര്‍ അലി ഗോള്‍വല ലക്ഷ്യമാക്കി പന്തിന് തലവച്ചെങ്കിലും ഒമാന്‍ ഗോള്‍കീപ്പര്‍ അല്‍ മുഖൈനി തട്ടിയകറ്റി.
ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കേ ഇടതുവിംഗില്‍ നിന്ന് ലഭിച്ച കട്ട്ബാക്ക് പാസ് ഒമാന്റെ ഇര്‍ഫാന്‍ യദ്വാദ് വലയിലേക്ക് തൊടുത്തെങ്കിലും പുറത്തേക്കാണ് പോയത്. 55-ാം മിനുട്ടില്‍ ഇടതുവിംഗിലെ ക്രോസില്‍ നിന്ന് യഹ്മാദി ഉതിര്‍ത്ത ഷോട്ട് മനോഹരമായി ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങ് ഡൈവ് ചെയ്ത് സേവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിഫലമായി (1-0). 24 മിനുട്ടിനു ശേഷം ഇന്ത്യ തിരിച്ചടിച്ചു. ബോക്‌സിലേക്ക് വന്ന ത്രോ-ഇന്‍, ഡാനിഷ് ഹെഡ്ഡറിലൂടെ ഉദാന്തയ്ക്ക് കൈമാറി. കിടിലന്‍ ഡൈവിംഗ് ഹെഡ്ഡറിലൂടെ ഉദാന്ത പന്ത് വലയിലെത്തിച്ചു. (1-1).
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയത് ഒമാനായിരുന്നു. എന്നാല്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകാനാണ് ഇന്ത്യ ശ്രമിച്ചത്. രണ്ടാം പകുതിക്ക് ശേഷം അഞ്ച് മിനുട്ട് ഇഞ്ച്വറി ടൈം അനുവദിച്ചെങ്കിലും ഇരു ടീമുകള്‍ക്കും കൂടുതല്‍ ഗോള്‍ കണ്ടെത്താനായില്ല.