Kerala
സംസ്ഥാന സ്‌കൂള്‍ കായികമേള: മലപ്പുറം വീണ്ടും അത്ലറ്റിക്സ് ചാംപ്യന്മാര്‍
പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ചാണ് അത്ലറ്റിക്സ് കിരീടം നേടിയത്.
തിരുവനന്തപുരം| സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മലപ്പുറം വീണ്ടും അത്ലറ്റിക്സ് ചാംപ്യന്മാര്‍. പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ചാണ് അത്ലറ്റിക്സ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും മലപ്പുറം സ്വന്തമാക്കിയത്. സീനിയര്‍ റിലേ മത്സരത്തിന് മുന്‍പ് പാലക്കാടിനായിരുന്നു മുന്‍തൂക്കം. അത്ലറ്റിക്സിലെ അവസാന പോരാട്ടമായ സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും റിലേയില്‍ പാലക്കാടിനെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കി മലപ്പുറം അത്ലറ്റിക്സില്‍ ആധിപത്യം ഉറപ്പിച്ചു.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിനാണ് ഓവറോള്‍ കിരീടം. ദിവസങ്ങള്‍ക്ക് മുമ്പേ മറ്റു ജില്ലകളെ പിന്നിലാക്കി വലിയ കുതിപ്പ് കാഴ്ചവെച്ച് തിരുവനന്തപുരം കിരീടം ഉറപ്പിച്ചിരുന്നു. കായികമേള ഇന്ന് വൈകീട്ടോടെ അവസാനിക്കും. വൈകീട്ട് 4.30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും. കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ തിരുവനന്തപുരം ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് ഗവര്‍ണര്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും.


