Connect with us

Kerala

സൈബര്‍ തട്ടിപ്പുകളില്‍ വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി കെ ഇ ബൈജു

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്സ്പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. ജില്ലയിലെ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി കെ ഇ ബൈജു പറഞ്ഞു. ദക്ഷിണേന്ത്യയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും തടയാനുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഐഫോര്‍സിയെന്നും റൂറല്‍ ജില്ല പോലീസ് മേധാവി വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ 4083 പരാതികളില്‍ 13 കോടിയിലധികം രൂപയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ കൈക്കലാക്കിയത്. വ്യാജ ട്രേഡിംഗുകളുടെയും മറ്റ് നിക്ഷേപങ്ങളുടെയും പേരു പറഞ്ഞാണ് കൂടുതല്‍ തുകകളുടെ തട്ടിപ്പുകള്‍ നടക്കുന്നത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായി ബേങ്ക് അക്കൗണ്ടുകളും എടിഎം കാര്‍ഡുകളും കൈമാറുന്നവര്‍ക്കെതിരെയും ഇടനിലക്കാര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. അതുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിരവധി പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും റൂറല്‍ എസ്പി അറിയിച്ചു.

കോഴിക്കോട് റൂറലില്‍ മാത്രം തട്ടിപ്പിനിരയായവര്‍ക്ക് ഒരുകോടിയോളം രൂപ തിരിച്ചു നല്‍കാന്‍ സാധിച്ചിട്ടുണ്ട്. സൈബര്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചതോടെ സൈബര്‍ രംഗത്ത് പോലീസ് അന്വേഷണം ശക്തമാക്കുകയാണെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി കെ ഇ ബൈജു കൂട്ടിച്ചേര്‍ത്തു.