Connect with us

National

മുസ്ലിം വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികളെ കൊണ്ട് തല്ലിപ്പിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ യു പി സര്‍ക്കാറിന് നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | യു പിയിലെ മുസഫര്‍ നഗറില്‍ മുസ്ലിം വിദ്യാര്‍ഥിയെ അടിക്കാന്‍ അധ്യാപിക മറ്റു കുട്ടികളോട് ആവശ്യപ്പെട്ടതില്‍ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ യു പി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. അധ്യാപികക്കെതിരെ സ്വീകരിച്ച നടപടിയും അന്വേഷണ പുരോഗതിയും അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവമുണ്ടായത്. അധ്യാപിക തൃപ്ത ത്യാഗിയാണ് മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചത്. വീഡിയോ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ക്ലാസില്‍ ടീച്ചറുടെ സമീപം നിര്‍ത്തിയ വിദ്യാര്‍ഥിയെ നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി വിതുമ്പിക്കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

Latest