Organisation
ഉത്തേരന്ത്യയിലെ വൈജ്ഞാനിക മുന്നേറ്റത്തില്‍ ഐ സി എഫിന്റെ പങ്ക് നിസ്തുലം: ഡോ. ഫാറൂഖ് നഈമി
'ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കേരളത്തില്‍ ഉണ്ടാക്കിയെടുത്ത സാമൂഹിക മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ ഉത്തരേന്ത്യന്‍ സമൂഹം വലിയ പ്രതീക്ഷകളോടെയാണ് മലയാളികളുടെ സേവന പ്രവര്‍ത്തനങ്ങളെ കാണുന്നത്.'

റിയാദ് | വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും ഉത്തേരേന്ത്യയെ മാറ്റിയെടുക്കാന്‍ സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ന്റെ വിവിധ ഇന്റര്‍നാഷണല്‍ കമ്മിറ്റികള്‍ നല്‍കിവരുന്ന പിന്തുണ തുല്യത ഇല്ലാത്തതാണെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി പറഞ്ഞു. ഐ സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കായി നടത്തിയ ഏകദിന ക്യാമ്പ്-മുറാഫിഖയില്‍ സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലൂടെ സംഘടിപ്പിച്ച സംവിധാന്‍ യാത്രയുടെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കേരളത്തില്‍ ഉണ്ടാക്കിയെടുത്ത സാമൂഹിക മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ ഉത്തരേന്ത്യന്‍ സമൂഹം വലിയ പ്രതീക്ഷകളോടെയാണ് മലയാളികളുടെ സേവന പ്രവര്‍ത്തനങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഫലമായി മുറിഞ്ഞുപോയ മനുഷ്യ ഹൃദയങ്ങളെ കൂട്ടി യോജിപ്പിക്കുവാനും നശിച്ചുപോയ ചരിത്ര സ്മൃതികളെ വീണ്ടെടുക്കാനുമുള്ള എസ് എസ് എഫിന്റെ ശ്രമങ്ങള്‍ക്ക് ഐ സി എഫ് റിയാദ് കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന മുറാഫിഖ ക്യാമ്പില്‍ ഐ സി എഫ് റിയാദിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വരാനിരിക്കുന്ന കാലയളവിലേക്കുള്ള വ്യത്യസ്തമായ പദ്ധതികള്‍ വിവിധ സമിതികള്‍ രൂപകല്‍പ്പന ചെയ്തു. ഐ സി എഫ് സെന്‍ട്രല്‍ സെക്രട്ടറി മജീദ് താനാളൂര്‍ ലീഡ് ചെയ്ത മുറാഫിഖ ക്യാമ്പില്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.
ഷമീര്‍ രണ്ടത്താണി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ബദിയ, ബഷീര്‍ മിസ്ബാഹി, ലത്വീഫ് മിസ്ബാഹി, അസീസ് മാസ്റ്റര്‍ പാലൂര്‍, ഇബ്രാഹിം കരീം, റസാഖ് വയല്‍ക്കര, ഇസ്മായില്‍ സഅദി, ജബ്ബാര്‍ കുനിയില്‍, അഹമ്മദ് റഊഫ്, കാദര്‍ പള്ളിപറമ്പ, ലത്വീഫ് മാനിപുരം, ഹസൈനാര്‍ ഹാറൂനി പങ്കെടുത്തു.