articles
തെരുവുനായ്ക്കളുടെ സ്വന്തം നാട്
തെരുവുനായ ശല്യത്തില്‍ മനുഷ്യന്‍ നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മനുഷ്യനെ ഉപദ്രവിക്കുന്ന തെരുവുനായ്ക്കളെ എന്താണ് ചെയ്യേണ്ടത്? മനുഷ്യന്റെ മൗലികാവകാശമായ വഴിനടക്കാനുള്ള അവകാശത്തെ നായ്ക്കള്‍ കവരുമ്പോള്‍, മനുഷ്യന്റെ ജീവനുതന്നെ ഭീഷണിയാകുമ്പോള്‍ ഈ വിഷയത്തില്‍ നാം എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?

പേപ്പട്ടിയുടെ കടിയേറ്റ് ദിവസങ്ങള്‍ നീണ്ട നരകയാതനക്കു ശേഷം അഭിരാമി എന്ന പന്ത്രണ്ടുകാരി വേദനകളില്ലാത്ത ലോകത്തേക്ക് വിടവാങ്ങിയത് മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചുകൊണ്ടാണ്. കഴിഞ്ഞ ഒരു വര്‍ഷം നായയുടെ കടിയേറ്റു മരിച്ചവരില്‍ മൂന്നില്‍ ഒരുഭാഗം ആളുകള്‍ക്കും വീട്ടില്‍ വളര്‍ത്തുന്ന നായകളില്‍ നിന്ന് തന്നെയാണ് കടിയേറ്റിട്ടുള്ളത്. ഇതിനിടയില്‍ ചില മൃഗസ്‌നേഹികള്‍ ഈ പ്രശ്‌നത്തെ ലളിതവത്കരിക്കുന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കണമെന്ന പ്രചാരണം മറ്റൊരു ഭാഗത്ത് ശക്തിപ്പെടുന്നു.
പ്രശ്‌നം ഗുരുതരം
പ്രളയവും കൊവിഡും കഴിഞ്ഞ് ഒരുപക്ഷേ, കേരളം അഭിമുഖീകരിക്കുന്ന മൂന്നാമത്തെ പ്രശ്‌നമായി തെരുവുനായ്ക്കളുടെ ശല്യത്തെ വിലയിരുത്താം. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട ചില ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ എന്നും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ ഗൗരവകരമായ വിഷയമായി അതൊന്നും മാറിയിരുന്നില്ല. ഒരു ജീവി അസ്വാഭാവികമായി മറ്റൊരു ജീവിയുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുമ്പോള്‍ അവിടെ ഇടപെടേണ്ടത് മനുഷ്യനെ സംബന്ധിച്ച്, ബൗദ്ധികമായി വികസിക്കപ്പെട്ട ജീവിയെന്ന തരത്തില്‍, അത്യന്താപേക്ഷിതമാണ്. ആ അര്‍ഥത്തില്‍ തെരുവുനായ ശല്യത്തില്‍ മനുഷ്യന്‍ നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
മനുഷ്യനെ ഉപദ്രവിക്കുന്ന തെരുവുനായ്ക്കളെ എന്താണ് ചെയ്യേണ്ടത്? മനുഷ്യന്റെ മൗലികാവകാശമായ വഴിനടക്കാനുള്ള അവകാശത്തെ നായ്ക്കള്‍ കവരുമ്പോള്‍, മനുഷ്യന്റെ ജീവനുതന്നെ ഭീഷണിയാകുമ്പോള്‍ ഈ വിഷയത്തില്‍ നാം എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?
മരണം തുടര്‍ക്കഥയാകുമ്പോള്‍
ഓണത്തിന്റെ തലേദിവസം മാത്രം 26 പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കഴിഞ്ഞ നാല് മാസങ്ങളില്‍ നായയുടെ കടിയേറ്റു മരിച്ചത് ഏഴ് പേരാണ്. ഇതില്‍ ഒരാളൊഴികെ എല്ലാവരും റാബീസ് വാക്‌സീന്‍ എടുത്തിരുന്നവരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ റാബീസ് പിടിപെടുന്ന നായ്ക്കളുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗം ബാധിച്ചെന്ന് കരുതപ്പെടുന്ന 300 സാമ്പിളുകളില്‍ 168 എണ്ണവും പോസിറ്റീവ് ആയിരുന്നു.
എന്നാല്‍ 2016ല്‍ 150 സാമ്പിളുകളില്‍ വെറും 48 എണ്ണം മാത്രമായിരുന്നു പോസിറ്റീവ് റിസല്‍ട്ട് കാണിച്ചിരുന്നത്. നായ്ക്കളില്‍ കുറഞ്ഞുവന്ന വാക്‌സീനേഷനും ക്രമാതീതമായി കൂടിവന്ന തെരുവുനായ്ക്കളുടെ എണ്ണവുമാണ് ഇത്തരത്തില്‍ റാബീസ് വൈറസുകള്‍ നായ്ക്കളില്‍ പെരുകാന്‍ കാരണമായത്.
എന്തുകൊണ്ട് നായ്ക്കള്‍ മാത്രം സംരക്ഷിക്കപ്പെടുന്നു?
നമ്മുടെ നാട്ടില്‍ എത്രയോ കോഴികളും താറാവുകളും കാളകളും പോത്തും പന്നികളുമാണ് മനുഷ്യന് ഭക്ഷണമാകുന്നത്. ഇവയൊന്നും മനുഷ്യന്റെ ജീവന് ഭീഷണിയാകാത്ത സാഹചര്യത്തില്‍ പോലും ആയിരക്കണക്കിന് ജീവികളെ ആഹാരത്തിനായും അല്ലാതെയും കൊന്നൊടുക്കുന്നു. പക്ഷേ, മനുഷ്യനെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന നായ്ക്കളെ മാത്രം തൊടുമ്പോഴാണ് മൃഗസ്‌നേഹികളുടെ വേലിയേറ്റം ഉണ്ടാകുന്നത്. എന്തുകൊണ്ടാണിങ്ങനെ നായകള്‍ക്കു മാത്രമായി മൃഗസംരക്ഷകര്‍ ശബ്ദമുയര്‍ത്തുന്നത്?
ചില പ്രഗത്ഭരുടെ തുറന്നുപറച്ചിലുകള്‍ ഉന്നംവെക്കുന്നത് ഇതിനു പിന്നിലെ ഗൂഢമായ ചില ലക്ഷ്യങ്ങളിലേക്കാണ്. ആടോ പശുവോ കടിച്ചാല്‍ പേവിഷബാധ ഉണ്ടാകില്ലെന്നും നായ കടിച്ചാല്‍ മാത്രമേ ആയിരങ്ങള്‍ വിലവരുന്ന ആന്റിറാബീസ് മരുന്നുകള്‍ വിപണിയില്‍ വിറ്റുപോകൂ എന്നുമുള്ള മരുന്നു കമ്പനികളുടെ ലാഭേച്ഛയാണ് ഇത്തരത്തില്‍ നായ്ക്കളോടുള്ള സ്‌നേഹത്തിനു പിന്നിലുള്ളതെന്ന് കാര്യകാരണ സഹിതം ചിലര്‍ സമര്‍ഥിക്കുന്നുണ്ട്. ഇന്ത്യയില്‍ 2,800 കോടി രൂപയുടെ ആന്റിറാബീസ്, ആന്റിഇമ്മ്യൂണോ ഗ്ലോബുലിന്‍ ബിസിനസ്സാണ് ഓരോ വര്‍ഷവും നടക്കുന്നതെന്നാണ് കണക്കുകള്‍. ഈ കമ്പനികളാണ് ഈ നായ സ്‌നേഹികളായ മനുഷ്യരുടെ പിന്നിലെന്നാണ് ആക്ഷേപമുള്ളത്. മൂവായിരത്തോളം രൂപ വിലയുള്ള ആന്റിഇമ്മ്യൂണോ ഗ്ലോബുലിന്‍ നമ്മുടെ മെഡിക്കല്‍ കോളജുകള്‍ വഴി നിര്‍ലോഭം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇത്രയേറെ കിടമത്സരമുള്ള, കമ്മീഷനുകള്‍ ഉള്ള ഈ രംഗത്തെ താങ്ങിനിര്‍ത്തണമെങ്കില്‍ നായകള്‍ ഇത്തരത്തില്‍ ഒരു പേടിസ്വപ്‌നമായി നിലനിന്നേ മതിയാകൂ. അത് ആ കമ്പനികളുടെ മാത്രം ആവശ്യമാണ്. അതിനൊപ്പം അവര്‍ ഫിനാന്‍സ് ചെയ്യുന്ന, ഓരോ കപട മൃഗസ്‌നേഹികളുടെ കൂടി ആവശ്യമായി വേണം കണക്കാക്കാന്‍.
എ ബി സി പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. നായകളുടെ വന്ധ്യംകരണം നടത്താനായി തൊഴില്‍ ഏറ്റെടുത്ത ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പോലും സംശയത്തിന്റെ നിഴലിലാണ്. മാത്രമല്ല, ആ പദ്ധതി ഏറെക്കുറെ പാളിപ്പോയ നിലയില്‍ ആണു താനും.
മൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തടയുന്ന നിയമങ്ങളില്‍ പോലും മനുഷ്യന്റെ ജീവനു ഭീഷണിയുണ്ടാക്കുന്നവക്കെതിരെ നടപടികള്‍ സ്വീകരിക്കാം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത്, നായകള്‍ മനുഷ്യന് ഭീഷണിയായാല്‍ അതിനെ കൊല്ലുന്നതിനു പോലും നിയമസാധ്യത ഉണ്ടെന്നര്‍ഥം. എന്നാല്‍, നായകളെ കൊല്ലുന്നതിനെതിരെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ ഇത്തരം ശ്രമങ്ങളെ ദുര്‍ബലമാക്കുകയാണ്. ഇന്ത്യയിലെ തന്നെ സംസ്ഥാനമായ നാഗാലാന്‍ഡിലെ പ്രധാന ഭക്ഷണമാണ് നായ്ക്കളുടെ മാംസം. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ നായ്ക്കളെ ഭക്ഷിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലാത്ത മൃഗസ്‌നേഹികള്‍ക്ക് ഇവിടെ മാത്രം ഇത്രയധികം നായസ്‌നേഹം ഉണ്ടാകുന്നതിന്റെ കാരണമാണ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളത്.
പ്രഥമ ശുശ്രൂഷ പ്രധാനം
നായകള്‍ കടിച്ചാല്‍ പ്രഥമ ശുശ്രൂഷ ഏറെ പ്രധാനമാണ്. കടിയേറ്റാല്‍ ആ സ്ഥലം 15 മിനുട്ടോളം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയാണ് ആദ്യം വേണ്ടത്. ഇത്തരത്തില്‍ കഴുകുന്നതിലൂടെ റാബീസ് വൈറസുകള്‍ ശരീരത്തിലേക്ക് കടക്കുന്നത് തടയാനാകും. വൈറസിനു പുറത്തുള്ള ആവരണത്തെ നശിപ്പിക്കാന്‍ സോപ്പിനു കഴിയും. മുറിവു കഴുകിക്കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് വാക്‌സീന്‍ നല്‍കുകയാണ് അടുത്ത നടപടി. മുറിവ് വലുതാണെങ്കില്‍ മുറിവില്‍ത്തന്നെ എടുക്കാന്‍ കഴിയുന്ന ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവെപ്പ് എടുക്കണം. പേവിഷബാധ വൈറസുകള്‍ക്കെതിരെയുള്ള പ്രതിരോധം ശരീരത്തിന് ഉണ്ടാക്കിയെടുക്കുക എന്നതാണ് വാക്‌സീനുകളുടെ ധര്‍മം. എന്നാല്‍ വൈറസുകളുടെ രീതിയനുസരിച്ച് കടിയേറ്റ ഭാഗത്തു തന്നെ നിന്നുകൊണ്ട് അവയുടെ എണ്ണം പെരുകുന്നതിനാല്‍ പ്രതിരോധ വാക്‌സീന്‍ എടുക്കാത്തവരിലായാലും കടിയേറ്റതിനുശേഷം നല്‍കുന്ന ഈ വാക്‌സീനുകള്‍ പ്രവര്‍ത്തിക്കാറുണ്ട്. കടിയേല്‍ക്കുമ്പോഴും അതിനു ശേഷം 3, 7, 28 ദിവസങ്ങളിലും വാക്‌സീനുകള്‍ വീണ്ടും എടുക്കണം.
വാക്‌സീന്‍ എടുത്താലും മരണം?
അഭിരാമി വാക്‌സീന്‍ എടുത്തിരുന്നു. എന്നിരുന്നാലും മരണത്തിന് കീഴടങ്ങേണ്ടിവന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഭിരാമിയെ സംബന്ധിച്ച് കടിയേറ്റത് മുഖത്തും കഴുത്തിലുമൊക്കെയാണ്. അവിടെ നിന്ന് എളുപ്പത്തില്‍ തലച്ചോറില്‍ വൈറസുകള്‍ എത്തിയതായിരിക്കാം വാക്‌സീനുകള്‍ക്കു പോലും പ്രതിരോധം തീര്‍ക്കാന്‍ കഴിയാതിരുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മാത്രമല്ല, കടിയേറ്റതിനു ശേഷം ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ കഴുകാനുള്ള സോപ്പ് പോലും രക്ഷകര്‍ത്താക്കള്‍ പുറത്തുനിന്ന് വാങ്ങേണ്ടിവന്നു എന്നതും ഗൗരവകരമായി കാണേണ്ടതുണ്ട്. അഭിരാമിയടക്കം മരിച്ച മറ്റെല്ലാവര്‍ക്കും വാക്‌സീന്‍ എടുത്തിരുന്നതാണെങ്കിലും മരണം സംഭവിച്ചത് അവര്‍ക്ക് മുഖത്തും മറ്റു സമീപ ഭാഗങ്ങളിലും കടിയേറ്റതിനാല്‍ ആണെന്നത് ഇക്കാര്യം ശരിവെക്കുന്നു.
വളര്‍ത്തുമൃഗങ്ങളെയും സൂക്ഷിക്കണം
മേല്‍സൂചിപ്പിച്ച പോലെ മരിച്ചവരില്‍ മൂന്നിലൊന്നും വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് കടിയേറ്റവരാണ് എന്നത് അവയെ കൂടുതല്‍ ശ്രദ്ധയോടെ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നത്. അവയ്ക്ക് കൃത്യമായ വാക്‌സീനും ബൂസ്റ്റര്‍ ഡോസുകളും നല്‍കിയിരിക്കണം. വളര്‍ത്തുനായ്ക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനുള്ള മടി, ഉത്സാഹക്കുറവ്, വായില്‍ നിന്ന് പതയും നുരയും വരുന്നത്, ശബ്ദമാറ്റം, പിന്‍കാലുകളുടെ തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ മൃഗഡോക്ടറുടെ സഹായം തേടണം.
മാരകമാണ്; സൂക്ഷിക്കണം
പേവിഷബാധയേറ്റാലുള്ള മരണം ഏറെ വേദനയേറിയതും മാരകവുമാണ്. അതുകൊണ്ടുതന്നെ കടിയേല്‍ക്കുന്നതിനു മുമ്പ് തന്നെ വാക്‌സീന്‍ എടുക്കുകയും, അഥവാ കടിയേറ്റാല്‍ കൃത്യമായ ചികിത്സ തേടുകയും വേണം. മാത്രമല്ല, തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ലെങ്കില്‍ കേരളം നായ്ക്കളുടെ സ്വന്തം സംസ്ഥാനമായി മാറുകയും പേപ്പട്ടി കടിച്ചുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.