Connect with us

Articles

വിശുദ്ധി മുറുകെപ്പിടിക്കുക

അക്രമവും അനീതിയും അരും കൊലകളും വര്‍ധിക്കുകയാണ്. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്താനുള്ള ഗൂഢശ്രമങ്ങള്‍ തത്പര കക്ഷികള്‍ നടത്തുന്നു. സമാധാനം തകര്‍ക്കാനുള്ള ഹീന ശ്രമങ്ങള്‍ക്ക് തടയിടേണ്ടതുണ്ട്. മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഈദ് ആഹ്വാനം ചെയ്യുന്നത്.

Published

|

Last Updated

നസ്സും ശരീരവും ശുദ്ധീകരിച്ച് ഹൃദയ വിശുദ്ധിയോടെയും നവോന്മേഷത്തോടെയും വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു. ആഘോഷത്തിനായുള്ള കേവലമായ ആഘോഷമല്ല ചെറിയ പെരുന്നാള്‍. ആരാധനയുടെയും സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആഘോഷമാണ്. അതിരറ്റ നന്ദി പ്രകടനത്തിലൂടെ വിശ്വാസി സ്രഷ്ടാവിനെ പുകഴ്ത്തുമ്പോള്‍ തന്റെ കല്‍പ്പനകള്‍ അനുസരിച്ച് വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയ അടിമക്ക് സ്രഷ്ടാവില്‍ നിന്ന് അനുഗ്രഹത്തിന്റെ സമ്മാനപ്പെരുമഴ വര്‍ഷിക്കുന്ന ദിനം.

ചെറിയ പെരുന്നാള്‍ ദിനം ആഘോഷ സുദിനമാക്കാന്‍ ഒരു പ്രധാന കാരണമുണ്ട്. വിശുദ്ധ റമസാന്‍ മോചനത്തിന്റെ മാസമാണ്. ആരാധനകളിലും പ്രാര്‍ഥനകളിലും നിരതരായി പകല്‍ മുഴുവന്‍ സ്രഷ്ടാവിനു വേണ്ടി അന്നപാനീയാദികള്‍ ഉപേക്ഷിച്ച് രാത്രി നിസ്‌കാരങ്ങളില്‍ മുഴുകി പാപങ്ങളില്‍ നിന്ന് പാശ്ചാത്തപിച്ചു മടങ്ങുന്ന വിശ്വാസികള്‍ക്ക് പാപത്തില്‍ നിന്നും നരകത്തില്‍ നിന്നും മോചനം നല്‍കുന്ന മാസമാണ് റമസാന്‍. അതിനു സമാപ്തി കുറിച്ചു കൊണ്ടാണ് ഈദുല്‍ ഫിത്വര്‍ വരുന്നത്. വിശുദ്ധ മാസത്തെ വേണ്ട വിധം സ്വീകരിച്ച് യാത്രയാക്കാന്‍ അനുഗ്രഹിച്ച സ്രഷ്ടാവിനോടുള്ള അതിരറ്റ നന്ദി രേഖപ്പെടുത്തുന്ന ദിനമാണിത്. അല്ലാഹുവാണ് ഏറ്റവും മഹാന്‍ എന്ന് ആവര്‍ത്തിച്ചു ഉരുവിട്ട് കൊണ്ടാണ് ഈദുല്‍ ഫിത്വറിന്റെ പ്രഖ്യാപനം വരുന്നത്. ശവ്വാല്‍ പിറവിയോടെ പള്ളികളില്‍ നിന്നും വീടുകളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ ഉയരുന്നു. അതാകട്ടെ പലപ്പോഴും വിശ്വാസി ഉരുവിട്ടു കൊണ്ടിരിക്കുന്നതുമാണ്. പ്രാര്‍ഥനകളില്‍, പ്രാര്‍ഥനകള്‍ക്കുള്ള വിളികളില്‍ എല്ലാം. അല്ലാഹുവിലുള്ള ആ വിശ്വാസം പൂര്‍ണമായും അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കഴിഞ്ഞു പോയ ഒരു മാസക്കാലം. അവനു വേണ്ടി എല്ലാം ത്യജിക്കാന്‍ വിശ്വാസി തയ്യാറായി. പകല്‍ മുഴുവന്‍ അന്ന പാനാദികള്‍ വെടിഞ്ഞും രാത്രികളില്‍ നീണ്ട നിസ്‌കാരം നിര്‍വഹിച്ചും ദാന ധര്‍മങ്ങള്‍ ചെയ്ത് മനസ്സും ശരീരവും ശുദ്ധീകരിച്ചുമാണ് ഒരു മാസം മുന്നോട്ട് നീങ്ങിയത്. അത് സാധ്യമാക്കിയതാകട്ടെ അല്ലാഹുവല്ലാതെ മറ്റാരുമല്ല. തന്റെ കഴിവ് കൊണ്ടല്ല. കാരണം മറ്റ് മാസങ്ങളെ അപേക്ഷിച്ചു ചിന്തിക്കുമ്പോള്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങളാണ് നേടിയെടുത്തത്. അതിന് അവസരം ലഭിച്ചതിലുള്ള സന്തോഷം നിറഞ്ഞു തുളുമ്പുമ്പോള്‍ വിശ്വാസി ഉറക്കെ പ്രഖ്യാപിക്കുന്നു, അല്ലാഹു അക്ബര്‍.. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്. അല്ലാഹുവാണ് ഏറ്റവും മഹാന്‍, സര്‍വ സ്തുതികളും അവനു മാത്രമാണ്. ‘നിങ്ങളുടെ പെരുന്നാള്‍ ദിനങ്ങളെ തക്ബീര്‍ കൊണ്ട് അലങ്കരിക്കുക’ (ത്വബ്റാനി) എന്ന് തിരുനബി (സ) അരുളിയിട്ടുണ്ട്.

അതിരറ്റ നന്ദി പ്രകടനമാണ് ഈദ് ആഘോഷം. അളവറ്റ അനുഗ്രഹങ്ങള്‍ നല്‍കിയതിന്, സത്കര്‍മങ്ങള്‍ വാരിക്കൂട്ടാനും മനസ്സും ശരീരവും ശുദ്ധീകരിക്കാനുമുള്ള അവസരം നല്‍കിയതിന്, കര്‍മങ്ങള്‍ക്കെല്ലാം കണക്കറ്റ പ്രതിഫലം നല്‍കിയതിന് സ്രഷ്ടാവിനോടുള്ള നന്ദി പ്രകടനം. ആ ആനന്ദത്തിന്റെ ബഹിര്‍സ്ഫുരണമാണ് പ്രകടിപ്പിക്കുന്നത്. അത്യധികം നന്ദിബോധത്തോടു കൂടിയാണ് വിശ്വാസികള്‍ ഈ സുദിനത്തെ വരവേല്‍ക്കുന്നത്. തക്ബീര്‍, ഫിത്വര്‍ സകാത്ത്, പെരുന്നാള്‍ നിസ്‌കാരം, പ്രാര്‍ഥന, ദാന ധര്‍മങ്ങള്‍, കുടുംബ സന്ദര്‍ശനം, സൗഹൃദം പുതുക്കല്‍ ആദിയായവയാണ് ഇവിടെ നന്ദിപ്രകടനങ്ങള്‍. റമസാനിന്റെ അന്തിമാര്‍ക്കന്‍ പശ്ചിമ ചക്രവാളത്തെ പ്രാപിക്കുന്നതോടെ തക്ബീര്‍ തുടങ്ങുകയായി. ഈ തക്ബീര്‍ പെരുന്നാള്‍ നിസ്‌കാരം തുടങ്ങുന്നത് വരെ എല്ലായിടത്തും എല്ലാ സമയത്തും എല്ലാവര്‍ക്കും സുന്നത്താണ്. വീടുകളും പള്ളികളും അങ്ങാടികളും തക്ബീര്‍ കൊണ്ട് മുഖരിതമാകണം. സ്രഷ്ടാവിനോടുള്ള നന്ദി പ്രകടനം പൂര്‍ത്തിയാക്കണമെങ്കില്‍ സൃഷ്ടികളോട് നന്ദി പ്രകടിപ്പിക്കണം. അവരോട് കരുണ കാണിക്കണം. സഹ ജീവികളെ പരിഗണിക്കണം. സൃഷ്ടികളോട് നന്ദി കാണിക്കാത്തവന്‍ സ്രഷ്ടാവിനോട് നന്ദിയുള്ളവനല്ല എന്നാണ് തിരുനബി (സ) അരുളിയിട്ടുള്ളത്.

പാവപ്പെട്ടവരെ പരിഗണിക്കാനുള്ള വലിയ സന്ദേശമാണ് പെരുന്നാള്‍ മുന്നോട്ട് വെക്കുന്നത്. അതിനാണ് ഫിത്വര്‍ സകാത്ത്. അത് പാവങ്ങളുടെ അവകാശമായാണ് മതം പഠിപ്പിച്ചിട്ടുള്ളത്. ഫിത്വര്‍ സകാത്ത് നല്‍കാന്‍ കടമപ്പെട്ടവര്‍ അത് അവകാശികള്‍ക്ക് എത്തിച്ചു നല്‍കിയിട്ടാകണം പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കേണ്ടത് എന്നാണ് കല്‍പ്പന. അതുകൊണ്ട് തന്നെ പെരുന്നാള്‍ ദിനം ആരും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധമാണ് ഈ കര്‍മത്തിന് പിറകിലുള്ള ഉദ്ദേശ്യം. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ തന്റേതായി കണ്ട് അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇവിടെ ചെയ്യേണ്ടത്. ഇതാണ് സഹാനുഭൂതി. താന്‍ തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും വേണ്ടി ഇഷ്ടപ്പെടുന്നത് വരെ ആരും സത്യവിശ്വാസിയാകുകയില്ല എന്ന തിരുനബി (സ) വചനം ഇവിടെ സ്മരണീയമാണ്. തനിക്കായി ആഗ്രഹിക്കുന്നത് മറ്റുള്ളവനും വേണ്ടി ആഗ്രഹിക്കുക, അന്യന്റെ കഷ്ടപ്പാടുകള്‍ തന്റേതു തന്നെയായി കാണുക.

പെരുന്നാള്‍ സുദിനത്തിലെ സുപ്രധാന കര്‍മമാണ് പെരുന്നാള്‍ നിസ്‌കാരം. സൂര്യോദയം കഴിഞ്ഞ് അല്‍പ്പ സമയത്തിന് ശേഷം മുതല്‍ മധ്യാഹ്നം വരെയാണ് പെരുന്നാള്‍ നിസ്‌കാരത്തിന്റെ സമയം. ചെറിയ പെരുന്നാളിനു ലഘുഭക്ഷണം കഴിച്ച ശേഷമാണ് നിസ്‌കാരത്തിനു പോകേണ്ടത്. നബി(സ)യുടെ പതിവ് അങ്ങനെയായിരുന്നു (ത്വബ്റാനി). ആഹാരം കാരക്കയായിരിക്കുന്നത് കൂടുതല്‍ പുണ്യകരമാണ്. തിരുനബിയുടെ പെരുന്നാള്‍ പ്രാതല്‍ കാരക്കയായിരുന്നു. ഒറ്റയായിട്ടായിരുന്നു അവിടുന്ന് കഴിച്ചിരുന്നത്. പെരുന്നാള്‍ നിസ്‌കാരം വരെ പെരുന്നാളിനു ഭാഗിക വ്രതമുണ്ടെന്ന ധാരണ വരാതിരിക്കാനാണ് നിസ്‌കാരത്തിന് മുമ്പ് ഭോജനം സുന്നത്താക്കിയിട്ടുള്ളത്. ബലി കര്‍മത്തിന്റെ സൗകര്യത്തിനു വേണ്ടി ബലി പെരുന്നാള്‍ നിസ്‌കാരം നേരത്തേ നിര്‍വഹിക്കുന്നതാണ് ഉത്തമമെന്ന പോലെ ഫിത്വര്‍ സകാത്തിന്റെ വിതരണ സൗകര്യത്തിനു വേണ്ടി ചെറിയ പെരുന്നാള്‍ നിസ്‌കാരം കുറച്ചു പിന്തി ക്കുന്നതും സുന്നത്താണ്. കുളിക്കുക, പുതുവസ്ത്രം ധരിക്കുക, സുഗന്ധം പൂശുക എന്നിവ പെരുന്നാളിനു പ്രത്യേകം സുന്നത്താണ്.

പെരുന്നാള്‍ ദിനത്തില്‍ ദാന ധര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലമുള്ളതാണ്. കുടുംബങ്ങളെയും ബന്ധുക്കളെയും അയല്‍വാസികളെയും സന്ദര്‍ശിക്കുകയും രോഗികളെയും കഷ്ടപ്പെടുന്നവരെയും സമാശ്വസിപ്പിക്കുകയും ചെയ്യണം. തിരുനബി (സ) തന്നെ അതിന് വലിയ മാതൃക കാണിച്ചിട്ടുണ്ട്. ഒരു പെരുന്നാള്‍ ദിനം തെരുവില്‍ നിന്ന് കരയുകയായിരുന്ന ഒരു കുട്ടിയെയുമായാണ് പ്രവാചകര്‍ വീട്ടിലേക്ക് കയറി വന്നത്. കുട്ടിയെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ അണിയിപ്പിച്ചു വീട്ടുകാരോടൊപ്പം പെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളിയാക്കി സന്തോഷിപ്പിച്ച ചരിത്രം എല്ലാവര്‍ക്കും പാഠമാണ്. ആഘോഷങ്ങള്‍ മതി മറന്ന് ആഹ്ലാദിക്കാനുള്ള അവസരമല്ല, പെരുന്നാള്‍ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമാണ്. അന്ന് വ്രതം നിഷിദ്ധമാണ്. അനുവദനീയമായ വിനോദങ്ങള്‍ ആകാവുന്നതാണ്. പക്ഷേ, ആഘോഷവും വിനോദവും കാടുകയറാന്‍ പാടില്ല. ആരെയെങ്കിലും അന്ധമായി അനുകരിച്ച് നമ്മുടെ സാംസ്‌കാരിക വ്യക്തിത്വം കളഞ്ഞു കുളിക്കാന്‍ പാടില്ല. മദ്യപാനം, ചൂതാട്ടം, സംഗീതമേള തുടങ്ങി നിഷിദ്ധ വിനോദങ്ങളിലേക്ക് കുട്ടികള്‍ നീങ്ങാനിടവരരുത്. പെരുന്നാള്‍ സുദിനം സകല വിധ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യ ദിനമാക്കിമാറ്റാന്‍ യുവാക്കളെ അനുവദിക്കരുത്. ഇസ്ലാം അനുവദിച്ച കലാവിനോദങ്ങളില്‍ നിന്നോ സിയാറത്തുകളില്‍ നിന്നോ അവരെ തടയുകയുമരുത്. മറിച്ച് വിശുദ്ധ റമസാനില്‍ കൈവരിച്ച ഹൃദയ ശുദ്ധിയും സംസ്‌കരണവും ഇനിയും കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍.

അനുവദനീയമായ ആഘോഷങ്ങള്‍ മാത്രമേ പാടുള്ളൂ. ഭക്ഷണ പാനീയങ്ങള്‍ തിന്നും കുടിച്ചും ഇതര സമുദായങ്ങളടക്കമുള്ള എല്ലാവരെയും സത്കരിച്ചും അവരുടെ വീടുകള്‍ സന്ദര്‍ശിച്ചും സന്തോഷം പങ്കിടാം. അതുകൊണ്ടാണ് പെരുന്നാള്‍ ദിനം വ്രതമെടുക്കുന്നത് ഇസ്ലാം വിലക്കിയിട്ടുള്ളത്. കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കാനും സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്താനും പ്രായമായവരെയും കുട്ടികളെയും സന്തോഷിപ്പിക്കാനും രോഗികളെ സമാശ്വസിപ്പിക്കാനും ഈദിന്റെ ആഹ്ലാദ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്തണം.

അക്രമവും അനീതിയും അരും കൊലകളും വര്‍ധിക്കുകയാണ്. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്താനുള്ള ഗൂഢശ്രമങ്ങള്‍ തത്പര കക്ഷികള്‍ നടത്തുന്നു. സമാധാനം തകര്‍ക്കാനുള്ള ഹീന ശ്രമങ്ങള്‍ക്ക് തടയിടേണ്ടതുണ്ട്. മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഈദ് ആഹ്വാനം ചെയ്യുന്നത്. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. സമൂഹങ്ങള്‍ക്കിടയില്‍ സ്നേഹ സമ്മാനങ്ങള്‍ കൈമാറി പരസ്പരം മനസ്സിലാക്കി മുന്നോട്ട് നീങ്ങണം. വ്രതം നല്‍കിയ സഹനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം കൈവിടാതെ ഹൃദയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഈദ് ആഘോഷം നിമിത്തമാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.

 

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി