From the print
കേരളയാത്രാ ഡയറി: വിദ്വേഷത്തിന്റെ കനലെരിഞ്ഞ്...
കാന്തപുരത്തിന്റെ ഒന്നാം കേരളയാത്ര കാസർകോട് നിന്ന് സമാരംഭം കുറിച്ചത് ആ ദിവസമാണ്.
കോഴിക്കോട് | വൃശ്ചിക തണുപ്പിന്റെ കാലം. കൃത്യമായി പറഞ്ഞാൽ 26 വർഷം മുമ്പ്, 1999 നവംബർ 15ന്. കാന്തപുരത്തിന്റെ ഒന്നാം കേരളയാത്ര കാസർകോട് നിന്ന് സമാരംഭം കുറിച്ചത് ആ ദിവസമാണ്.
ഒരുപാട് യാത്രകൾ കണ്ട ഭൂമികയാണ് കേരളം. അധികാരമുറപ്പിക്കാനും അധികാരമൊഴിപ്പിക്കാനുമുള്ള രാഷ്ട്രീയപാർട്ടികളുടെ യാത്രകൾക്ക് അക്കാലത്ത് പഞ്ഞമേ ഉണ്ടായിരുന്നില്ല. എന്നാൽ, അരുത്…. സഹോദരാ, വെട്ടരുത്, കൊല്ലരുത് എന്ന് പറഞ്ഞ് തലയെടുപ്പുള്ള ഒരു മത പണ്ഡിതൻ തെരുവിലിറങ്ങിയ ചരിത്ര സംഭവത്തിന് അന്ന് നാട് സാക്ഷിയായി.
അന്നേക്ക്, 20 വർഷം കൊണ്ട് കണ്ണൂർ എന്ന മലയാളത്തിന്റെ ഹൃദയഭൂമിയിൽ പിടഞ്ഞുവീണത് 120 ജീവനുകളായിരുന്നു. രാഷ്ട്രീയപകയുടെയും വിദ്വേഷത്തിന്റെയും വൻമതിലുകൾ കൂൺ പോലെ മുളച്ചു പൊന്തിയ കാലം. വെട്ടും കുത്തും ബോംബേറും കൊണ്ട് കലുഷിതമായ സാമൂഹികാന്തരീക്ഷത്തിൽ ഒരു രാഷ്ട്രീയക്കാരൻ തന്റെ പ്രതിയോഗിയുടെ മുഖത്ത് പോലുംനോക്കാത്ത അവസ്ഥ. ചായപ്പീടികയിൽ കയറുന്നത് പോലും രാഷ്ട്രീയ നിറം നോക്കി. ഭൗതിക രാഷ്ട്രീയ പൈശാചികത അതിന്റെ എല്ലാ സംഹാര ശക്തിയോടെയും ബന്ധങ്ങളുടെ വലക്കണ്ണികൾ പൂർണമായും വിച്ഛേദിച്ചു കളഞ്ഞിരിക്കുന്നു.
രാഷ്ട്രീയ അങ്കക്കളരിയിൽ പൊലിഞ്ഞുപോയവരെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന വിധവകളുടെയും അനാഥകളുടെയും നൊന്തുപെറ്റ മക്കളുടെ കുരുതിയോർത്ത് കരയുന്ന മാതാപിതാക്കളുടേയും കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയത് കണ്ണുനീരായിരുന്നില്ല, കട്ട ചോര തന്നെ.
ഇടതും വലതും നോക്കാതെ ഇതിനെതിരെ ശബ്ദിക്കാൻ ആരുണ്ട്? എന്ന ചോദ്യത്തിന് അധികം ഉത്തരമൊന്നും ഉണ്ടായിരുന്നില്ല. കാന്തപുരം ഉസ്താദിലേക്ക് തന്നെ ആ മറുപടി പ്രതിധ്വനിച്ചു. 1999 നവംബർ 16നാണ് സമാധാനത്തിന്റെ ശീതളിമയുമായി കേരളയാത്ര കണ്ണൂരിലെത്തുന്നത്. പൈശാചിക രാഷ്ട്രീയ ഇരുട്ടിന്റെ കൂടാരമായി മാറിയിരുന്ന പാനൂരിലേക്ക് യാത്ര എത്തിയത് വൈകിട്ടാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് കുപ്രസിദ്ധമായിരുന്നു പാനൂർ. നജാത്ത് നഴ്‌സറി ഗ്രൗണ്ടിൽ പതിനായിരങ്ങളാണ് കാന്തപുരത്തിന്റെ യാത്രാസംഘത്തെ വരവേൽക്കാനെത്തിയത്. അന്യോന്യം മുഖത്ത് പോലും നോക്കാൻ മടിച്ച രാഷ്ട്രീയ നേതാക്കളെ ഒരേ വേദിയിലിരുത്തിയ ശേഷം കാന്തപുരം അവിടെ നടത്തിയ പ്രസംഗം ഇന്നും ചരിത്രതാളുകളിൽ സുപ്രസിദ്ധമാണ്.
അമ്മമാരുടെ കണ്ണുനീരോർത്ത്, മക്കളുടെ അനാഥത്വമോർത്ത്, യുവതികളുടെ വൈധവ്യമോർത്ത്, നിങ്ങൾ രാഷ്ട്രീയക്കാർ, ഈ ചോരക്കളി നിർത്തണം. ഈ നാടിനെ കാലുഷ്യത്തിൽ നിന്ന് കരകയറ്റണം. ഈ പൈശാചിക രാഷ്ട്രീയത്തിന്റെ കുരുതിക്കല്ലിൽ ഇനിയൊരു ജീവിതവും ഹോമിക്കപ്പെടരുത്. ഇനിയൊരു കുടുംബവും ഇവിടെ നിരാലംബരാകരുത്.
പിന്നീട് യാത്ര കടന്നുപോയത് തലശ്ശേരിയിലേക്കായിരുന്നു. നിയമം കൊണ്ടു മാത്രം ഇവിടെ സമാധാനം പുലരില്ലെന്നും ഈ കഠാര സ്വന്തം നെഞ്ചിനു നേരെയാണ് താഴുന്നതെങ്കിലെന്ന് കൊല്ലുന്നവൻ ചിന്തിക്കണമെന്നും കാന്തപുരം ഒാർമിപ്പിച്ചു. മൂല്യബോധമുള്ളവനെ മാത്രമേ മനുഷ്യനായി കാണാനാകൂവെന്നും ആശയവൈരുധ്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ മനുഷ്യർ ഐക്യപ്പെടണമെന്നും അദ്ദേഹംതുറന്നടിച്ചു. മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ എന്നതായിരുന്നു യാത്രയുടെ പ്രമേയം.


