International
ബംഗ്ലാദേശിൽ ഇനി താരീഖ് യുഗം; ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ ഭാവി എന്ത്?
അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിനുള്ള സ്വീകാര്യത രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകർ, യൂനുസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല
ധാക്ക | ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിലുള്ള കാലാവധി അവസാനിക്കാനിരിക്കെ, നോബേൽ ജേതാവായ പ്രൊഫസർ മുഹമ്മദ് യൂനുസിന്റെ അടുത്ത നീക്കത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. ചൊവ്വാഴ്ച അധികാരമേൽക്കുന്ന താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ, യൂനുസിനെ ഏതെങ്കിലും ഭരണഘടനാ പദവിയിലോ ഉപദേശക സ്ഥാനത്തോ നിയമിച്ചേക്കുമെന്ന് സൂചനകളുണ്ട്.
അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിനുള്ള സ്വീകാര്യത രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകർ, യൂനുസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാൽ, താരിഖ് റഹ്മാൻ മികച്ച പ്രതിഭകളെ ഭരണത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിൽ ആർക്കും പ്രത്യേക പദവികൾ ഉറപ്പുനൽകിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കാര്യ ഉപദേഷ്ടാവ് ഹുമയൂൺ കബീർ വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയത്തിലേക്കോ പുതിയ ഭരണഘടനാ പദവികളിലേക്കോ പ്രവേശിക്കാൻ തനിക്ക് താത്പര്യമില്ലെന്നാണ് മുഹമ്മദ് യൂനുസിന്റെ ഔദ്യോഗിക നിലപാട്. കാലാവധി പൂർത്തിയായാൽ തന്റെ പഴയ മേഖലകളിലേക്ക് മടങ്ങാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം അറിയിച്ചു.
ദാരിദ്ര്യനിർമ്മാർജ്ജനം, തൊഴിലില്ലായ്മ പരിഹരിക്കൽ, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള തന്റെ ‘ത്രീ സീറോസ്’ ദർശനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. രാജ്യത്തെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ സമാധാനത്തിലേക്ക് നയിക്കാൻ സാധിച്ചുവെന്ന സംതൃപ്തിയോടെ അധികാരം കൈമാറാനാണ് യൂനുസ് കാത്തിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
എങ്കിലും, പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ അദ്ദേഹം സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.


