From the print
മുസ‌്ലിം ലീഗ്- ഇ കെ വിഭാഗം ഭിന്നത മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും
സത്യപ്രതിജ്ഞാ അനുമോദന ചടങ്ങില്‍ പങ്കെടുത്ത് ലീഗ് വിരുദ്ധ വിഭാഗവും
മലപ്പുറം | മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സത്യപ്രതിജ്ഞാ ചടങ്ങും മുസ‌്ലിം ലീഗ് – ഇ കെ വിഭാഗം ഭിന്നതയുടെ വേദിയായി. ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂല വിഭാഗം നേതാക്കളാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സത്യപ്രതിജ്ഞക്ക് ശേഷം നടന്ന അനുമോദന ചടങ്ങിൽ വേദി പങ്കിട്ടത്. ഇ കെ വിഭാഗം എസ് വൈ എസ് സംസ്ഥാന നേതാവ് കെ എ റഹ‌്മാന്‍ ഫൈസി ചടങ്ങില്‍ അനുമോദന പ്രസംഗം നടത്തി. സി ഐ സി ജനറല്‍ സെക്രട്ടറി ഹകീം ഫൈസി ആദൃശ്ശേരി, സലീം എടക്കര, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, ബി എസ് കെ തങ്ങള്‍ എടവണ്ണപ്പാറ എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അനുമോദന പ്രാസംഗികരായെത്തല്‍ സ്വാഭാവികമാണെങ്കിലും മതസംഘടനാ നേതാക്കള്‍ വേദിയിലെത്തിയതിൽ ലീഗ് അണികളില്‍ തന്നെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.
ഇ കെ വിഭാഗം- മുസ‌്ലിം ലീഗ് ഭിന്നതയുടെ നേര്‍ചിത്രമാണ് ഇന്നലെ ജില്ലാ പഞ്ചായത്തില്‍ കണ്ടത്. സംഘടനക്കകത്ത് ലീഗ് അനുകൂല വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നവരാണ് അനുമോദന ചടങ്ങില്‍ പങ്കെടുത്തത്.
ഇ കെ വിഭാഗത്തിനകത്തെ ഭിന്നതക്കിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി എ ജബ്ബാര്‍ ഹാജി സംഘടനക്കകത്തെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. രണ്ട് കൂട്ടരും നടത്തിയ ആദര്‍ശ സമ്മേളനങ്ങളിലടക്കം ലീഗ് അനുകൂല വിഭാഗത്തിന്റെ മുഖ്യ സംഘാടകനായി ജബ്ബാര്‍ ഹാജിയുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ജബ്ബാര്‍ ഹാജി ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ സംസാരിച്ചത് സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പകരം വീട്ടുക എന്ന നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അരീക്കോട് ഡിവിഷനില്‍ നിന്ന് മത്സരിക്കുമ്പോള്‍ ജബ്ബാര്‍ ഹാജിക്കെതിരെ ലീഗ് വിരുദ്ധ വിഭാഗം (ഷജറ വിഭാഗം) രംഗത്ത് വന്നിരുന്നു.
ലീഗ് വിരുദ്ധ വിഭാഗം നിലവില്‍ ഇ കെ വിഭാഗം ഔദ്യോഗിക പക്ഷമായാണ് പറയപ്പെടുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ജബ്ബാര്‍ ഹാജിക്കെതിരെ ക്യാമ്പയില്‍ തന്നെ ഇവർ നടത്തി. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന് മാത്രമല്ല, ജബ്ബാർ ഹാജി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ആകുകയും ചെയ്തു. ഇവര്‍ക്കെതിരെ തങ്ങളുടെ നീക്കം വിജയിച്ചെന്ന സന്തോഷത്തിലാണ് ലീഗ് അനുകൂല വിഭാഗം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
കോ-ഒാര്‍ഡിനേഷന്‍ ഓഫ് ഇസ‌്ലാമിക് കോളജസു (സി ഐ സി -വാഫി വഫിയ്യ സ്ഥാപനങ്ങള്‍) മായി ബന്ധപ്പെട്ടാണ് ഇ കെ വിഭാഗത്തിനകത്തെ ഭിന്നത പരസ്യമാകുന്നത്. സി ഐ സി “സമസ്ത’യുടെ ചട്ടക്കൂടിന് എതിരാണെന്ന് പറഞ്ഞ് നടപടി എടുക്കുകയും സ്ഥാനവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. സി ഐ സി ജനറല്‍ സെക്രട്ടറിയായിരുന്ന ഹകീം ഫൈസി ആദൃശ്ശേരിക്കെതിരെ നടപടി എടുക്കുകയും ചെയ്തു.
ഈ വിഷയത്തില്‍ മുസ‌്ലിം ലീഗ് സി ഐ സിക്കൊപ്പമാണ് നിലകൊണ്ടത്. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് സി ഐ സി പ്രസിഡന്റ്. ഇ കെ വിഭാഗം നിലപാടിനെ തള്ളി ഹകീം ഫൈസിയെ സ്വാദിഖലി തങ്ങള്‍ ഇടപെട്ട് വീണ്ടും സി ഐ സിയുടെ ചുമതലയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതോടെയാണ് ഇ കെ വിഭാഗത്തിനകത്ത് ലീഗ് വിരുദ്ധ- അനുകൂല വിഭാഗങ്ങള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പോര് ശക്തമായത്. ഈ ഭിന്നതക്ക് വഴിമരുന്നിട്ട ഹകീം ഫൈസി ജബ്ബാര്‍ ഹാജിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അനുമോദന പ്രാസംഗികനായെത്തിയത് ഭിന്നതയുടെ കടുപ്പം വിളിച്ചറിയിക്കുന്നതായി. ഉച്ചക്ക് ശേഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്അഡ്വ. എ പി സ്മിജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന അനുമോദന ചടങ്ങിൽ ഇ കെ വിഭാഗം നേതാക്കളാരും പങ്കെടുത്തിട്ടില്ല. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഇ കെ വിഭാഗത്തിലെ ഒരു വിഭാഗത്തിന്റെ പ്രസിഡന്റ്മാത്രമാണോ എന്നാണ് അണികള്‍ ചോദിക്കുന്നത്.


