From the print
ഗസ്സയിലേക്ക് 30 ടൺ സഹായവുമായി യു എ ഇ
20,000 കുട്ടികൾക്കും സ്ത്രീകൾക്കും ആശ്വാസം
ഗസ്സ | യുദ്ധം നാശം വിതച്ച ഗസ്സയിലേക്ക് യു എ ഇയുടെ കാരുണ്യഹസ്തം. “ഓപറേഷൻ ഷിവൽറസ് നൈറ്റ് മൂന്നി’ ന്റെ ഭാഗമായി 30 ടൺ ചികിത്സാ, പോഷകാഹാര സാമഗ്രികൾ ഗസ്സയിലേക്ക് അയച്ചു. ഗസ്സയിലെ 20,000 ത്തോളം കുട്ടികൾക്കും സ്ത്രീകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് സഹായം എത്തിച്ചിരിക്കുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ പോഷകാഹാരങ്ങളാണ് പാക്കേജിലുള്ളത്.
നിലക്കടല, പാൽ തുടങ്ങിയവ ഉപയോഗിച്ച് രാജ്യാന്തര നിലവാരത്തിൽ തയ്യാറാക്കിയ ഇവ വിവിധ ഘട്ടങ്ങളിലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കാൻ സഹായകമാകും. പ്രത്യേക വിമാനത്തിൽ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലാണ് സഹായം എത്തിച്ചത്. യു എ ഇ ജീവകാരുണ്യ സംഘം സഹായ ഹസ്തം ഏറ്റുവാങ്ങി സംഭരണ നടപടികൾ പൂർത്തിയാക്കി. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇത് ഗസ്സയിലെത്തിച്ച് അർഹരായവർക്ക് വിതരണം ചെയ്യും. സഖർ ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ചാണ് യു എ ഇ ദൗത്യം നടപ്പാക്കിയത്.


