Connect with us

Travelogue

ബരടാംഗിലെ ചരിത്രവീഥി

ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന വലിയൊരു കൂട്ടം ദ്വീപ് സമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ.

Published

|

Last Updated

ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന വലിയൊരു കൂട്ടം ദ്വീപ് സമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ. ചൈനീസ്, അറബ്, യൂറോപ്യൻ സഞ്ചാരികൾ നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ദ്വീപ് സമൂഹങ്ങളെ കുറിച്ച് അവരുടെ യാത്രാ വിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്ര രേഖകൾ പരിശോധിച്ചാൽ വിവിധ കാലങ്ങളിൽ ചുരുക്കം സഞ്ചാരികൾ ഈ ദ്വീപ് സമൂഹങ്ങളിൽ എത്തിയതായി രേഖപ്പെടുത്തലുകളുണ്ട്. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ഗവർണർ ജനറലായിരുന്ന കോൺവാലീസ് പ്രഭുവിന് ഈ ദ്വീപ് സമൂഹങ്ങളിൽ കോളനി സ്ഥാപിക്കാൻ വളരെ താത്പര്യമുണ്ടായിരുന്നു. അതിനാൽ 1788ൽ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ തീരുമാന പ്രകാരം ക്യാപ്ടൻ ആർക്കിബോൾഡ് ബ്ലയറും കുറെയാളുകളും ഈ ദ്വീപ് സമൂഹങ്ങളിൽ സർവേ നടത്താൻ എത്തിച്ചേർന്നു.

1790ൽ, ഇവിടെയൊരു സ്ഥിരം നാവികത്താവളം വേണമെന്ന ആവശ്യം ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഉന്നത വൃത്തങ്ങളിലുണ്ടായി. ഇതേതുടർന്ന് ബംഗാളിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന കുറച്ചു തടവുപുള്ളികളുമായി ക്യാപ്ടൻ കീഡ് ആന്തമാനിലെത്തി. പക്ഷേ, താമസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ദുഷ്കരമായ കാലാവസ്ഥയും കൊടും വനവും മലേറിയ വ്യാപനവും കാരണം നിരവധിയാളുകൾ മരണപ്പെട്ടു. എങ്കിലും ഈസ്റ്റ്‌ ഇന്ത്യാ കമ്പനി തീരുമാനത്തിൽ നിന്നും പുറകോട്ട് പോയില്ലെന്ന് മാത്രമല്ല നാവിക ആസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. ക്യാപ്ടൻ ആർക്കിബോൾഡ് ബ്ലയർ നൽകിയ സേവനങ്ങളെ മുൻനിർത്തി ഈ സ്ഥലത്തിന്റെ പേര് പോർട്ട്‌ കോൺവാലീസ് എന്നത് മാറ്റി പോർട്ട്‌ ബ്ലയർ എന്ന് പുനർ നാമകരണം ചെയ്യുകയും തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.

ചാട്ടം ദ്വീപ്

പോർട്ട്‌ ബ്ലയറിലെ ബ്രിട്ടീഷ് അധികാരികൾക്ക് വേണ്ടത്ര തൊഴിലാളികളെ കിട്ടാതെ വന്നപ്പോൾ അവർ കണ്ടെത്തിയ മാർഗമാണത്രെ കൂടുതൽ തടവുകാരെ കൊണ്ടുവരികയെന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത 200 പേരെ 1858 മാർച്ച് മാസം പോർട്ട്‌ ബ്ലയറിലെത്തിച്ചു. പക്ഷേ, പ്രാഥമിക സൗകര്യങ്ങൾ മാത്രമല്ല കുടിക്കാൻ വെള്ളം പോലുമുണ്ടായിരുന്നില്ല. അതിഭീകരമായ പീഡനങ്ങളായിരുന്നു തടവുകാരായി ഇവിടെയെത്തിയവർ അനുഭവിച്ചത്.

ചാത്തം (ചാട്ടം) എന്ന പേരുള്ള ദ്വീപ് അക്കാലത്ത് കൊടും വനമായിരുന്നു. കനത്ത മഴയും മലേറിയയുടെ ആക്രമണവും കൂടാതെ ആന്തമാനീസ്, ജരവ എന്നീ ഗോത്ര വർഗങ്ങളുടെ ആക്രമണവും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കനത്ത ശാരീരിക – മാനസിക പീഡനങ്ങളും കാരണം അനേകം ആളുകൾ മരണപ്പെട്ടു. അവശേഷിച്ചവരുടെ കണ്ണീരും വിയർപ്പും ചോരയും കൊണ്ടാണ് ചാട്ടം ദ്വീപ് താമസിക്കാനുള്ള ഇടമായി മാറ്റിയെടുത്തതും ഇവിടെ ഏഷ്യയിലെ ഏറ്റവും വലിയ തടി മില്ല് സ്ഥാപിച്ചതും. 1858ൽ തടവുകാരായെത്തിയവർക്ക് വേണ്ടിയും ചാട്ടം തടിമില്ല് സ്ഥാപിക്കാൻ ജീവനുൾപ്പെടെ ത്യാഗം ചെയ്തവർക്ക് വേണ്ടിയും സ്മാരകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ബരടാംഗ് യാത്ര

മോഹൻപുര ബസ് ടെർമിനലിൽ നിന്നും കാലത്ത് 6.45 ന് ഡിഗ്ലിപുരിലേക്ക് പോകുന്ന ബസിലായിരുന്നു. ബരടാംഗിലേക്ക് പോയത്. ബസിൽ കണ്ടക്ടർ ഇല്ല. ഡ്രൈവർ മാത്രം. പോർട്ട്‌ ബ്ലയർ എക്സ്പ്രസ്സ്‌ എന്ന് പേരുള്ള ബസ് കൃത്യ സമയത്ത് തന്നെ ബരടാംഗിലേക്ക് പുറപ്പെട്ടു. ഇനി നാല് മണിക്കൂർ യാത്രയുണ്ട്. മൊബൈൽ ഫോണെടുത്ത് ജീവിതത്തിന്റെയും ഗവേഷണത്തിന്റെയും കുറിപ്പുകൾ തയ്യാറാക്കാൻ തുടങ്ങി.

മോഹൻപുര ബസ് ടെർമിനലിൽ നിന്നും പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറായപ്പോൾ ജിർക്കടാംഗ് എന്ന സ്ഥലത്തെത്തി. ഇവിടെയാണ് ജിർക്കടാംഗ് റിസർവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ്‌. ഇവിടെ നിന്നാണ് ജരവ ഫോറസ്റ്റ് റിസർവ് ആരംഭിക്കുന്നത്. ജരവ ഗോത്ര വർഗക്കാരുടെ വനപ്രദേശമാണ്. ടിക്കറ്റും ആധാർ കാർഡും ബസ് ഡ്രൈവറെ കാണിക്കണം. അതുകഴിഞ്ഞാൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം, അല്ലെങ്കിൽ റിഫ്രഷ് ആകാനുള്ള മറ്റ് സൗകര്യങ്ങളുണ്ട്. ഞാൻ ബസിൽ തന്നെയിരുന്നു. പിന്നെ പതിയെ പുറത്തിറങ്ങി ഫോട്ടോകളെടുത്തു. ജിർക്കടാംഗിൽ നിന്നും കോൺവോയ് രീതിയിലാണ് ബസുകളും മറ്റ് വാഹനങ്ങളും പോകുന്നത്. ഞാൻ കയറിയ ബസ് ഏറ്റവും മുന്നിലായതിനാൽ ഞങ്ങളുടെ ബസിലും ഏറ്റവും പുറകിലുള്ള ബസിലും തോക്കുധാരികളായ പോലീസുകാർ കയറിയിരുന്നു. ഈ യാത്രക്കിടയിൽ ജരവ ഗോത്ര വർഗക്കാരുടെ ആക്രമണമുണ്ടായാൽ സുരക്ഷക്കും യാത്രക്കാർ ജരവ ഗോത്ര വർഗക്കാരുമായും വന്യജീവികളുമായും ഇടപഴകുന്നത് ഒഴിവാക്കാനും വേണ്ടിയാണ് പോലീസുകാർ അകമ്പടിയായി വരുന്നത്.

ജരവ ഫോറസ്റ്റ് റിസർവ്

ജരവ ഫോറസ്റ്റ് റിസർവ് വളരെ മനോഹരമാണ്. 1028 സ്‌ക്വയർ കിലോമീറ്ററാണ് റിസർവ് ഫോറസ്റ്റിന്റെ വലിപ്പം. ഈ വനപ്രദേശത്താണ് ജരവ ഗോത്ര വിഭാഗത്തിൽപ്പെട്ട 625 പേർ ജീവിക്കുന്നത്. വനത്തിലൂടെ പോകുന്ന റോഡ് വീതി കുറഞ്ഞതും കുഴികൾ നിറഞ്ഞതുമാണ്. റിസർവ് വനത്തിലെ വൻ മരങ്ങളിൽ പലതും നൂറ്റാണ്ടുകൾ പഴക്കം തോന്നിക്കുന്നവയാണ്. റിസർവ് ഫോറസ്റ്റിലെ വെള്ളം പലയിടത്തും ചെളിവെള്ളത്തിന് സമാനമാണ്. ബസ് അത്യാവശ്യം വേഗതയിലാണ് പോകുന്നത്.

പക്ഷികളെയും വന്യമൃഗങ്ങളെയും കാണാൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലുമൊരു മാൻ റോഡരികിൽ നിൽക്കുന്നത് കണ്ടു. വനത്തിൽ നാം ഇതുവരെ കാണാത്ത സസ്യലതാദികളും നാട്ടിൽ കാണുന്ന ചെടികളുമുണ്ട്. ഇടതൂർന്നു നിൽക്കുന്ന വനത്തിനുള്ളിൽ സൂര്യപ്രകാശം കടന്നുവരാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നും. ഒട്ടും ചൂട് തോന്നാത്ത കാലാവസ്ഥയായിരുന്നു. ചുരുക്കം ചിലയിടങ്ങളിൽ ഒഴിച്ചു നിർത്തിയാൽ എല്ലായിടത്തും ജിയോ നെറ്റ് വർക്ക് ഉണ്ടായിരുന്നു. ജിർക്കടാംഗിൽ നിന്നും 45 – 55 കിലോമീറ്റർ വേഗത്തിൽ നിർത്താതെ ഒന്നര മണിക്കൂർ ബസ് ഓടിയാൽ മിഡിൽ സ്ട്രൈറ്റ് എന്ന സ്ഥലത്തെത്തും.

ജരവകൾ

ബരടാംഗ് യാത്രയുടെ യഥാർഥ ഉദ്ദേശ്യം പ്രകൃതി ഭംഗിയെയും കാടിനെയും വ്യത്യസ്തങ്ങളായ ജീവിത രീതികളും ജരവ ഗോത്ര വർഗത്തിൽപ്പെട്ടവരെയും സൂക്ഷ്മമായി പഠിക്കാൻ വേണ്ടിയായിരുന്നു. നിബിഡ വനത്തിലൂടെയായിരുന്നു യാത്ര. ഈ സമയങ്ങളിൽ ബസും ലോറിയും മറ്റ് വാഹനങ്ങളും കടന്നുപോയിരുന്നു. ഏകാഗ്രതയോടെ ലോറിയുടെ പുറകിലേക്ക് നോക്കി. അപ്പോഴാണ് ലോറിയുടെ പുറകിലുള്ള കൈവരിയിൽ മുറുകെ പിടിച്ചുകൊണ്ട്‌ നിൽക്കുന്ന നിഷ്കളങ്കനായൊരു കൊച്ചു കുട്ടിയെ കണ്ടത്. വളരെ ഓമനത്തം നിറഞ്ഞ മുഖം, ചുരുണ്ട തലമുടി, അത്ഭുതം നിറഞ്ഞു വിടർന്ന കണ്ണുകൾ. ആ കുട്ടി ബസിനെ നോക്കി നിൽക്കുന്ന അതിമനോഹരമായ രംഗം.

എന്റെ മനസ്സിൽ ഒരു നിമിഷനേരത്തേക്ക് ആനന്ദത്തിന്റെ വർണമഴ പെയ്തിറങ്ങി. ആ കാഴ്ചയിൽ നിന്നും മനസ്സിനെ മാറ്റി മൊബൈൽ ഫോണിലേക്ക് പിടിവീഴുമ്പോഴേക്കും ആ ലോറി ബസിനെ മറികടന്നുപോയിരുന്നു. ഇതെല്ലാം രണ്ടോ മൂന്നോ സെക്കൻഡ് സമയത്തിനുള്ളിൽ സംഭവിച്ചു. ജരവ വിഭാഗത്തിൽപ്പെട്ടവരുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതും ഇടപഴകാൻ ശ്രമിക്കുന്നതുമെല്ലാം നിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. എന്റെ തൊട്ടടുത്തിരുന്ന ആയുധധാരിയായ പോലീസുകാരനോട് ഇക്കാര്യങ്ങളെല്ലാം ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു.

മിഡിൽ സ്ട്രൈറ്റ്

ജിർക്കടാംഗിനും ബര ബരടാംഗിനുമിടയിലുള്ള സ്ഥലമാണ് മിഡിൽ സ്ട്രൈറ്റ്. ഇവിടെ ഇറങ്ങിയതിന് ശേഷം അവിടെ നിന്നും വലിയ കടത്തു ബോട്ട് അല്ലെങ്കിൽ കപ്പലിലായിരിക്കും ബരടാംഗിലേക്ക് പോകാനാകുക. നമ്മൾ വന്ന ബസും കപ്പലിൽ കയറ്റും. ഒരു കപ്പലിൽ രണ്ട് ബസും അതിലുള്ള ആളുകളും മറ്റ് സ്വകാര്യ വാഹനങ്ങളും കയറ്റും. ചിലപ്പോൾ ഒരു ബസും മറ്റ് വാഹനങ്ങളുമായിരിക്കും കപ്പലിൽ കയറ്റുന്നത്. ബരടാംഗിലേക്ക് ബസ് ടിക്കറ്റ് എടുത്തവർക്ക് കപ്പലിൽ പ്രത്യേകം ടിക്കറ്റിന്റെ ആവശ്യമില്ല. കപ്പലിൽ യാത്ര ചെയ്യുമ്പോൾ സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന അനേകം വിനോദ സഞ്ചാരികളെ കാണാം. പുഴയുടെ തീരത്ത് നിറഞ്ഞു നിൽക്കുന്ന കണ്ടൽ കാടുകളാണ് അതിമനോഹരമായ മറ്റൊരു കാഴ്ച.

കപ്പലിന്റെ മുകളിലെ ഡക്കിൽ പോയി ഫോട്ടോസും വീഡിയോസും പകർത്തിയെടുത്തു. കപ്പലിലെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ആൾ എന്നെയൊന്ന് ശ്രദ്ധിക്കുന്ന തരത്തിൽ “എന്താ ഇവിടെയെന്ന” ചോദ്യത്തെ ധ്വനിപ്പിക്കുന്ന മട്ടിൽ കൈകൊണ്ടൊരു ആക്്ഷൻ കാണിച്ചു. ഒന്നുമില്ലെന്ന മട്ടിൽ തലയാട്ടിയെങ്കിലും ഞാനവിടെ തന്നെ തട്ടീംമുട്ടീം നിന്നു. കപ്പലോടിക്കുന്നത് കാണാൻ വേണ്ടിയാണ് ഞാനവിടെ നിന്നത്.

അവിടെയും ഒരു നിലമ്പൂർ

നിലമ്പൂർ ജെട്ടിയിൽ കപ്പൽ നിർത്തിയപ്പോൾ വാഹനങ്ങളും ആളുകളുമെല്ലാം ഇറങ്ങി. ചിലർ കടംതല, മായബന്തർ, ഡിഗ്ലിപൂർ എന്നീ സ്ഥലങ്ങളിലേക്ക് യാത്ര തുടർന്നു. ഞാൻ കയറിയ പോർട്ട്‌ ബ്ലയർ എക്സ്പ്രസ്സ്‌ ബസ് പോകുന്നത് ഡിഗ്ലിപൂർ എന്ന സ്ഥലത്തേക്കാണ്. ഞാനും ചുരുക്കം ചിലയാളുകളും ബരടാംഗിൽ ഇറങ്ങി. ഗ്രാമ പഞ്ചായത്ത് നിലമ്പൂർ എന്നൊരു വലിയ ഫ്ലെക്സ് ബോർഡാണ് എന്നെ ആദ്യം ആകർഷിച്ചത്. വളരെ കൗതുകത്തോടെ ബോർഡിൽ കുറച്ചു സമയം നോക്കി നിന്നു. പിന്നെയൊരു ഫോട്ടോയെടുത്തു. മലയാളികളാണത്രേ ഈ സ്ഥലത്തിന് നിലമ്പൂർ എന്ന പേര് നൽകിയത്! ഞാനവിടെ പരതി നോക്കിയെങ്കിലും മലയാളികളെ ആരെയും കണ്ടില്ല. പക്ഷേ, രണ്ട് മൂന്ന് തമിഴ്‌ നാട്ടുകാരുമായി സംസാരിച്ചു. ആന്തമാനിലുള്ള നിലമ്പൂർ ഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥലമാണ് ബരടാംഗ്. അവിടെയെത്തിയപ്പോൾ അനേകം സഞ്ചരികളെ കണ്ടു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നവർ. മടങ്ങി പോകേണ്ട ബസിന് മൂന്നര മണിക്കൂർ കാത്തിരിക്കണം. തട്ടുകടയിൽ കയറി ഒരു ചായയും പരിപ്പ് വടയും കഴിച്ചു. കുറച്ചു നേരം കറങ്ങി നടന്നും ഫോട്ടോയെടുത്തും സമയം നീക്കി. പിന്നെ മടുത്തപ്പോൾ ഒരു മരത്തണലിൽ അഭയം തേടി. പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ലൈം സ്റ്റോൺ ഗുഹയിലേക്ക് ടിക്കറ്റ് കൊടുക്കുന്ന കൗണ്ടർ കണ്ടു. അവിടെ ചെന്ന് ബരടാംഗിനെ കുറിച്ച് എന്തെങ്കിലും പുസ്തകമോ കുറിപ്പുകളോ കിട്ടുമോയെന്ന് ഉദ്യോഗസ്ഥരോട് തിരക്കിയപ്പോൾ “ആന്തമാൻ നിക്കോബാർ’ ദ്വീപുകളിലെ വംശനാശം സംഭവിക്കുന്ന പക്ഷികളെ കുറിച്ചുള്ള ഒരു ബ്രൗഷർ കിട്ടി. കൂടുതൽ വിവരങ്ങൾക്ക് പോർട്ട്‌ ബ്ലയറിലെ ടൂറിസം വകുപ്പിനെ ബന്ധപ്പെടാൻ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest