ഫീച്ചർ
ഹിജ്റ വഴിയിൽ...
മക്കയിൽ നിന്നും മദീനയിലേക്കുള്ള തിരുനബി (സ) യുടെ പലായനത്തിന്റെ ചരിത്രം സദൃശ്യം വിവരിക്കുന്ന "ഹിജ്റ എക്സ്പെഡിഷൻ' മലയാളത്തിന്റെ വേറിട്ട നബിയനുഭവങ്ങളെ പുതുക്കിപ്പണിയുകയാണ്.
സ്ക്രീനിൽ തെളിയുന്ന ദൃശ്യവിരുന്നിലൂടെയും കാതിൽ മുഴങ്ങുന്ന ശബ്ദവീചികളിലൂടെയും, ആദ്യം തിരുറസൂലിനും നിങ്ങൾക്കുമിടയിൽ മഹബ്ബത്തിന്റെ ഒരു നൂൽപ്പാലം പണിയപ്പെടുന്നു. ആ നൂൽപ്പാലത്തിലൂടെ മൂന്ന് മണിക്കൂർ നേരം കണ്ണിമ ചിമ്മാതെ, മനസ്സിനെ ആലസ്യത്തിന് വിട്ടുകൊടുക്കാതെ നിങ്ങൾ പ്രവാചകരോടൊപ്പം മദീനയിലേക്ക് നടക്കുന്നു. മുത്ത്നബി(സ) ഒളിച്ചിരുന്ന സൗർ ഗുഹയിലെ നിശ്വാസങ്ങൾ നിങ്ങളുടെ കാതുകളിൽ മുഴങ്ങുന്നു.
തിരുനബി (സ) ക്ക് പാൽ ചുരത്തി നൽകിയ ആട്ടിൻപറ്റങ്ങളോട് നിങ്ങൾ സല്ലപിക്കുന്നു. അമ്പുമായി തിരുനബി (സ) യെ പിന്തുടർന്ന സുറാഖയുടെ കുതിരക്കുളമ്പടി കേട്ട് നിങ്ങൾ വിറകൊള്ളുന്നു. പ്രവാചകന് തണലിട്ട പാറക്കൂട്ടങ്ങളോട് നിങ്ങൾ സലാം പറയുന്നു. തിരുപാദങ്ങളെ തഴുകിത്തലോടിയ ഓളപ്പരപ്പിൽ നിങ്ങളുടെ ഹൃദയങ്ങൾ നനയുന്നു. സൈകതപ്പരപ്പിലെ ചുടുകാറ്റ് നിങ്ങളെ പൊള്ളിക്കുന്നു. വിജനത നിങ്ങളെ ഭയപ്പെടുത്തുന്നു. പുറത്തൊരു ലോകമുണ്ടെന്ന് തോന്നാത്ത വിധം, ഒടുവിൽ നിങ്ങൾ നിങ്ങളറിയാതെ തന്നെ ഒരു മുഹാജിറായി മാറുന്നു.
മക്കയിൽ നിന്നും മദീനയിലേക്കുള്ള തിരുനബി (സ) യുടെ പലായനത്തിന്റെ ചരിത്രം സദൃശ്യം വിവരിക്കുന്ന “ഹിജ്റ എക്സ്പെഡിഷൻ’ മലയാളത്തിന്റെ നബിയനുഭവങ്ങളെ പുതുക്കിപ്പണിയുകയാണ്. പ്രഭാഷണവേദികളെ പുതിയ കാലത്തിന്റെ ഭാവുകത്വത്തിലേക്ക് എങ്ങനെ കൈപിടിച്ചു കൊണ്ടുവരും എന്ന ചിന്തയുടെ കൂടി പ്രതിഫലനമാണ് ഹിജ്റ ദൃശ്യാവതരണം. യുവപണ്ഡിതനും പ്രഭാഷകനുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയാണ്, ഈ നബിചരിത്രപഠനത്തിന്റെ പുതിയ വാതിൽ മലയാളിക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നത്. നവംനവങ്ങളായ മാധ്യമ സങ്കേതങ്ങളെ എങ്ങനെ മതപ്രബോധനത്തിന്റെ പ്രതലമാക്കുമെന്ന് അദ്ദേഹം നിരന്തരം ഉണർത്തിക്കാണ്ടിരിക്കുന്നു. അതിന്റെ ഉദാഹരണമായിരുന്നല്ലോ 1500 ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം തുടങ്ങിവെച്ച മഹബ്ബ ടീറ്റുകൾ. ഇന്നും ഒരു ദിവസം പോലും ഇടവിടാതെ അദ്ദേഹം പ്രവാചക ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതിക്കൊണ്ടിരിക്കുന്നു.
2025 ജൂൺ 28ന് (കഴിഞ്ഞ മുഹർറം) അബൂദബിയിലെ പ്രസിദ്ധമായ ഫോക്ലോർ തിയേറ്ററിൽ വെച്ചായിരുന്നു പ്രഥമ ഹിജ്റ എക്സ്പെഡിഷൻ അരങ്ങേറിയത്. നവസങ്കേതങ്ങളുടെ സാധ്യതകൾ തേടുന്ന ഈ അവതരണം ഒരു വർഷം കൊണ്ട് ഒരു ലക്ഷം ഓഫ് ലൈൻ പ്രേക്ഷകരിലേക്ക് പടരുകയായിരുന്നു. നാല് ജി സി സി രാഷ്ട്രങ്ങളിലും കേരളത്തിലും കർണാടകയിലുമായി 40 ലേറെ വേദികളിലെ അനേകം മനുഷ്യരിൽ പലായനത്തിന്റെ കഥ നിറഞ്ഞുപെയ്തു. പിറന്ന നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വരുന്നതിന്റെ നോവും നനവും വിശ്വാസിഹൃദയങ്ങളിൽ തിമിർത്തു പെയ്തു. ഹിജ്റയുടെ നേരനുഭവങ്ങളിലേക്ക് നടന്നുകയറാൻ മലയാളികൾ, എക്സ്പെഡിഷൻ വേദികളിലേക്ക് ആവേശത്തോടെ ഒഴുകിയെത്തി.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ തൂലികയിൽ നിന്ന് പിറവിയെടുത്ത “ഹിജ്റയുടെ കാൽപ്പാടുകൾ തേടി’ എന്ന പേരിലുള്ള യാത്രാവിവരണവും വായനാലോകം ഏറ്റെടുത്തു. ഒരുവർഷംകൊണ്ട് അഞ്ച് മലയാളം പതിപ്പുകളും ഇംഗ്ലീഷ്, ഉറുദു, കന്നട എഡിഷനുകളും പുറത്തിറങ്ങി.
പലായനത്തിന്റെ വേളയിൽ തിരുനബി(സ)യും സഹയാത്രികനായ അബൂബക്ർ സിദ്ദീഖും (റ) 15 ദിനങ്ങളെടുത്ത് കടന്നുപോയ 40 ലേറെ ചരിത്രസ്ഥലികളിലൂടെ അത്ര തന്നെ ദിനങ്ങളെടുത്ത് ഡോ. ഫാറൂഖ് ബുഖാരിയും സംഘവും നടത്തിയ പഠന-പര്യവേഷണ യാത്രയാണ്, മലയാളിയെ പലായനത്തിന്റെ മണലാരണ്യത്തിലേക്ക് ആനയിച്ച ഹിജ്റ എക്സ്പെഡിഷനായി ആവിഷ്കരിക്കപ്പെട്ടത്.
2024 സെപ്തംബർ മാസത്തിലായിരുന്നു ഡോ. ഫാറൂഖ് ബുഖാരിയും സംഘവും ഹിജ്റ വഴിയിൽ സഞ്ചരിച്ചത്. 1447 വർഷങ്ങൾക്കു മുമ്പുള്ള യഥാർഥ ഹിജ്റയും ഒരു സെപ്തംബർ മാസത്തിലായിരുന്നു. പ്രബലാഭിപ്രായ പ്രകാരം പ്രവാചകൻ സ്വഫർ 29ന് മക്കയിൽ നിന്ന് പുറപ്പെടുകയും റബീഉൽ അവ്വൽ 4 വരെ സൗർ ഗുഹയിൽ കഴിച്ചുകൂട്ടുകയും ചെയ്തു എന്നാണ്. ഈ യാത്രയിൽ തിരുനബി (സ) ചെന്നെത്തിയ ഓരോ പോയിന്റുകളിലും അതേ ദിനം തന്നെ എത്താനാണ് ഫാറൂഖ് ബുഖാരിയുടെ സംഘം ശ്രമിച്ചത്. സ്വഫർ 29 ന് വൈകുന്നേരമാണ് മക്കയിൽ നിന്ന് സൗർ ഗുഹ ലക്ഷ്യം വെച്ച് അവർ യാത്രയാരംഭിക്കുന്നത്. ഗുഹയിലെത്തിയപ്പോഴേക്ക്, ഒരു നിയോഗം പോലെ റബീഉൽ അവ്വൽ പിറന്നു. അഥവാ യഥാർഥ ഹിജ്റ സംഭവിച്ച അതേ ദിനം. തുടർന്ന് ഓരോ സ്ഥലങ്ങളെയും ചരിത്രപരമായ സവിശേഷതകൾ വെച്ച് ഐഡന്റിഫൈ ചെയ്യുന്നതോടൊപ്പം അവിടെ നടന്ന ചരിത്രസംഭവങ്ങളും സംഭാഷണങ്ങളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കൃത്യമായി വിശദീകരിക്കുക കൂടി ചെയ്തുകൊണ്ടാണ് എക്സ്പെഡിഷൻ മുന്നോട്ടുപോകുന്നത്.
മരുഭൂമി കേവലം മണൽക്കൂനകൾ മാത്രമല്ലല്ലോ, ഓരോ മലകൾക്കും താഴ്്വരകൾക്കും കൃത്യമായ വിലാസവും പേരുകളുമുണ്ട്. മരുഭൂമിയെ മനസ്സിലാക്കാൻ വാദി, മദ്്ലജ, മർജഹ്, അസ്വാ, സനിയ്യത്ത് തുടങ്ങിയ അനേകം ടെർമിനോളജികളുണ്ട്. ഇതെല്ലാം കൃത്യമായ വിശദീകരിക്കുന്നതിലൂടെ പ്രേക്ഷകന് ഹിജ്റയുടെ സമഗ്രമായൊരു ചിത്രം സമ്മാനിക്കാൻ ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരിക്ക് സാധിക്കുന്നു. മലയാളി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ക്ലാസ്സ്മുറി കൂടിയായി ഹിജ്റ എക്സ്പെഡിഷൻ മാറുന്നത് അതുകൊണ്ടാണ്.
ഹിജ്റയുടെ സന്ദർഭത്തിൽ 400 കി. മീറ്ററിലേറെ ദൂരമാണ് തിരുനബി(സ)യും സഹയാത്രികരും സഞ്ചരിച്ചത്. ഇവയിൽ അധികവും “ഖസ് വാഅ്’ എന്ന ഒട്ടകത്തിന്റെ പുറത്തായിരുന്നു. എന്നാൽ ചില ദുർഘടമായ സ്ഥലങ്ങളിൽ അവിടുന്ന് കാൽനടയായാണ് സഞ്ചരിച്ചത്. സൗർ മലയുടെ മുകളിലുള്ള സൗർ ഗുഹയിലേക്ക് കയറുമ്പോൾ ഖസ് വാഅ് ഒട്ടകം കൂടെയുണ്ടായിരുന്നില്ല. അതുകൊണ്ട് തിരുനബി(സ)യും അബൂബക്കർ സിദ്ദീഖും(റ) നടന്നാണ് ആ മല കയറിയത്. മിജാഹ്, റകൂബ തുടങ്ങിയ ചില കുന്നുകളും പിന്നീട് അവിടുന്ന് നടന്നുകയറുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ഡോ. ഫാറൂഖ് ബുഖാരിയും സംഘവും നടന്നുതന്നെ കയറിയ അനുഭവവും അവതരണവും ഏറെ ഹൃദ്യമാണ്.
ഗവേഷകരും ഗ്രന്ഥകർത്താക്കളുമായ രണ്ട് അറബ് പണ്ഡിതരായിരുന്നു ഫാറൂഖ് ബുഖാരിയുടെ സംഘത്തിന് ദിശ കാണിച്ചത്. അതോടൊപ്പം ഹിജ്റയെക്കുറിച്ച് പ്രതിപാദിക്കുന്ന ആധുനികവും പൗരാണികവുമായ അനേകം ഗ്രന്ഥങ്ങളും അവർ ആശ്രയിച്ചു. സഊദിയിലെ മതപണ്ഡിതനും സൈനിക ഉദ്യോഗസ്ഥനുമായ ഡോ.അബ്ദുല്ല ഹുസൈൻ അൽ ഖാളിയുടെ Makkah to Madenah; A photographic journey of Hijrah route എന്ന ആൽബവും അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഹിജ്റ പഠന ഗ്രന്ഥവും അതിൽ വലിയ പ്രാധാന്യമർഹിക്കുന്നു. ഹിജ്റ വഴിയിൽ 60 ലേറെ തവണ ഒരു പഠിതാവിന്റെ കൗതുകത്തോടെ സഞ്ചരിച്ച അബ്ദുല്ല അൽ ഖാളിയുടെ ഇരുപതു വർഷം നീണ്ടുനിന്ന ഫീൽഡ് വർക്കുകളുടെയും ജിയോഗ്രഫിക്കൽ ഗവേഷണങ്ങളുടെയും ഫലമാണ് ഈ ഗ്രന്ഥങ്ങൾ. 2014ൽ ഈ ഗ്രന്ഥം പുറത്തിറങ്ങിയതോടുകൂടിയാണ് മക്കയിൽ നിന്നും മദീന വരെ നീളുന്ന ഹിജ്റ റൂട്ട് നേരത്തെയുള്ളതിനേക്കാൾ പതിന്മടങ്ങ് മനുഷ്യരുടെ ശ്രദ്ധയിൽ ഇടം പിടിക്കുന്നത്.
അബ്ദുല്ല അൽ ഖാളിയുടെ ഗവേഷണ സംഘത്തിലെ പ്രധാനിയായ മുഹൻദിസ് ജമാൽ അൽ ശവാലിയായിരുന്നു ഡോ.ഫാറൂഖ് ബുഖാരിയുടെ സംഘത്തിൻ്റെ ഗൈഡുമാരിൽ ഒരാൾ. മുഹൻദിസ് ജമാൽ ഹിജ്റ വഴിയിൽ 100 ലേറെ തവണ സഞ്ചരിച്ചിട്ടുണ്ട്. ഹിജ്റ വഴിയിലെ പാറക്കല്ലുകളും മലകളും മണൽക്കൂനകളും വരെ അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. ഹിജ്റ മാത്രമല്ല, ഉംറത്തുൽ ഖളാഅ്, ഹജ്ജത്തുൽ വദാഅ്, മക്ക ഫത്ഹ് തുടങ്ങിയ ഒന്നിലേറെ സന്ദർഭങ്ങളിൽ പ്രവാചകൻ ഈ വഴിയിലൂടെ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പും ശൈഖ് ജമാലിന് ഒറ്റ ശ്വാസത്തിൽ വിവരിക്കാൻ കഴിയും. സഊദി ഗവൺമെന്റിന്റെ ജിയോളജി വിഭാഗം പുറത്തിറക്കിയ ഹിജ്റ വഴിയുടെ അറ്റ്്ലലസ് തയ്യാറാക്കിയത് അദ്ദേഹമടങ്ങുന്ന മൂന്നംഗ സംഘമാണ്. മറ്റൊരു ഗൈഡ് ഡോ. നിസാർ മഹ്മൂദ് ഖാസിം എന്ന ഗവേഷക പണ്ഡിതനാണ്. നബിചരിത്രത്തിൽ 10 ലധികം ഗ്രന്ഥങ്ങളെഴുതിയ ഡോ. നിസാർ ഓരോ ചരിത്രസ്ഥലികളുടെയും ലൊക്കേഷൻ ക്യൂആർ കോഡ് അടക്കം ചേർത്ത് പുറത്തിറക്കിയ “നസാഇമുൽ മആലിം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് കൂടിയാണ്.
2024 സെപ്തംബറിൽ ഫാറൂഖ് ബുഖാരിയും സംഘവും യാത്ര നടത്തുന്ന സമയത്ത് ഹിജ്റയുടെ ചരിത്രപ്രധാനമായ സ്ഥലങ്ങളെല്ലാം അധികം നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കാത്ത തനിമയാർന്ന മരുഭൂപ്രദേശങ്ങളായിരുന്നു. എന്നാൽ ഹിജ്‌റ യാത്രയുടെ പാത പുനഃസൃഷ്ടിക്കുന്ന ഒരു വിപുലമായ പദ്ധതി സഊദി ഗവൺമെന്റ് വിഷൻ 2030ന്റെ ഭാഗമായി ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഏകദേശം 470 കിലോമീറ്റർ വരുന്ന പാതയിലെ സുപ്രധാനമായ 41 ചരിത്രസ്ഥലികളെ അടയാളപ്പെടുത്തുകയും അഞ്ച് കേന്ദ്രങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യയും ഓഗ്‌മെന്റഡ് റിയാലിറ്റിയും (AR) ഉപയോഗിച്ച് യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, ആവശ്യമായ സാധനങ്ങൾ ലഭ്യമാകുന്ന കടകൾ എന്നിവ റൂട്ടിലുടനീളം സജ്ജീകരിച്ചിട്ടുണ്ട്.
യാത്രയുടെ പ്രാധാന്യവും ചരിത്രവും നേരിട്ടറിയാൻ ഒരു പ്രത്യേക മ്യൂസിയവും പദ്ധതിയുടെ ഭാഗമായുണ്ട്. വിനോദസഞ്ചാരത്തെയും മതതീർഥാടനത്തെയും ചരിത്രപഠനവുമായി സംയോജിപ്പിക്കുക എന്നതാണ് പുതിയ സഊദി ഗവൺമെന്റിന്റെ നയം. 2030 ഓടെ പ്രതിവർഷം അഞ്ച് ദശലക്ഷം സന്ദർശകരെ ഈ പാതയിലൂടെ എത്തിക്കുകയാണ് ലക്ഷ്യം. തിരുനബി(സ)യുടെ ഹിജ്റ വഴിയിലൂടെ ഇനിയും അനേകം മനുഷ്യർ പലായനത്തിന്റെ ഓർമ പുതുക്കും. ആ ഓർമകൾ തലമുറകളെ വഴി നടത്തും.
Content Highlights:
The Hijrah Expedition is a visual narrative chronicling Prophet Muhammad’s journey from Makkah to Madinah, created by Dr. Muhammad Farooq Na’eemi Al Bukhari. Reaching over 100,000 viewers across Kerala and GCC, it brings key historical locations to life through research and modern storytelling.





