Connect with us

Kerala

സ്‌കൂളിലെ ഹിജാബ് വിവാദം: വര്‍ഗീയവാദികള്‍ക്ക് ഇടമുണ്ടാക്കി കൊടുക്കില്ല, സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കാന്‍ തയ്യാറെന്ന് കുട്ടിയുടെ പിതാവ്

സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ കുട്ടി തയ്യാറാണ്. കുട്ടി നാളെ സ്‌കൂളിലെത്തും.

Published

|

Last Updated

കൊച്ചി | എറണാകുളം പള്ളുരുത്തി എം എല്‍ എ റോഡിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയില്‍ സമവായം. സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കാന്‍ തയ്യാറാണെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയതോടെയാണിത്. ഹൈബി ഈഡന്‍ എം പി, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ മധ്യസ്ഥതയില്‍ സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുമായ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് പിതാവ് അനസ് തീരുമാനം അറിയിച്ചത്. സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ കുട്ടി തയ്യാറാണ്. കുട്ടി നാളെ സ്‌കൂളിലെത്തും. വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാതിരിക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ ഇടപെട്ട് ബി ജെ പി-ആര്‍ എസ് എസ് ശക്തികള്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും വര്‍ഗീയ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡന്‍ എം പി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അവരുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.

പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ ക്ലാസ്സില്‍ കയറ്റാതിരുന്നത്. ഈ വര്‍ഷമാണ് കുട്ടി സ്‌കൂളില്‍ പ്രവേശനം നേടിയത്. സ്‌കൂളില്‍ മുസ്ലിം കുട്ടികള്‍ തട്ടം ധരിച്ചെത്താന്‍ പാടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിയെ പുറത്ത് നിര്‍ത്തുകയും അഹങ്കാരിയെന്ന് വിളിക്കുകയും മറ്റ് കുട്ടികളുടെ മുന്നില്‍ പരിഹസിക്കുകയും ചെയ്തുവരുന്നതായി പിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് തുടര്‍ന്ന സാഹചര്യത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും നിങ്ങള്‍ക്ക് വേണമെങ്കില്‍ ടി സി വാങ്ങിപ്പോകാമെന്ന മറുപടിയാണ് ലഭിച്ചത്. പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായതായും രക്ഷിതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ കുട്ടിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് പിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സ്‌കൂളിലെ യൂനിഫോം കോഡ് എല്ലാവര്‍ക്കും ബാധകമാണെന്നും ഇക്കാര്യം പ്രവേശന സമയത്ത് തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതാണെന്നും സ്‌കൂള്‍ അധികൃതരും പി ടി എയും വ്യക്തമാക്കി.

 

 

 

Latest