Connect with us

Kerala

കെ എസ് ആര്‍ ടി സിക്കായി കോന്നിയിൽ ഏറ്റെടുത്ത  ഭൂമി തിരികെ നല്‍കണമെന്ന് ഹൈക്കോടതി

കെ എസ് ആര്‍ ടി സിയും കൈയൊഴിഞ്ഞു

Published

|

Last Updated

പത്തനംതിട്ട | ഭുഉടമയുടെ ഹരജിയില്‍ ഹൈക്കോടതി ഇടപെട്ടതോടെ കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ നാളുകളിനിയും കാത്തിരിക്കേണ്ടി വരും. സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപ്പെട്ടതാണ് പുതിയ പ്രതിസന്ധികള്‍ക്ക് കാരണം. ഭൂവില സംബന്ധിച്ച തര്‍ക്കവുമായി രവി നായര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ പഞ്ചായത്തിന് നല്‍കിയ ഭൂമി അളന്ന് തിരിച്ചുനല്‍കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.

പദ്ധതിക്കായി കരാറില്ലാതെ ഭൂമി കൈവശമാക്കിയതിനാല്‍ ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ അളവ് രേഖപ്പെടുത്തുകയും ഉടമക്ക് തിരികെ നല്‍കിയിട്ടുണ്ട്. 2011ല്‍ കോന്നി ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശിച്ച 2.41 ഏക്കര്‍ തരിശ് പാടശേഖരം ഡിപ്പോയുടെ നിര്‍മാണത്തിനായി തിരഞ്ഞെടുത്തിരുന്നു. വാക്കാലുള്ള കരാറുകളിലൂടെ 2013ല്‍ ഈ ഭൂമി കരഭൂമിയാക്കി സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഭൂ ഉടമകള്‍ക്ക് അന്നത്തെ നിരക്കില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ സ്ഥലം വിട്ടുനല്‍കിയ അഞ്ച്  ഭൂ ഉടമകളും പദ്ധതിക്ക് അനുകൂല നിലപാടിലായിരുന്നു.

മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്ന കയര്‍ മേളയിലൂടെയുണ്ടായ 25 ലക്ഷം രൂപ ഉള്‍പ്പെടെ പഞ്ചായത്ത് മൊത്തം 45 ലക്ഷം രൂപ നാല് ഭൂ ഉടമകള്‍ക്ക് നല്‍കിയിരുന്നു. പ്രധാനമായും ഒരു ഏക്കര്‍ 10 സെന്റ് വരുന്ന ഭൂഭാഗമാണ് ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്. രവി നായരാണ്  ഈ ഭൂമിയുടെ ഉടമ.  ഈ ഭൂമിക്ക് 18 ലക്ഷം രൂപ നല്‍കാന്‍ പഞ്ചായത്ത് തയ്യാറായിരുന്നുവെങ്കിലും,  അര്‍ഹിക്കുന്ന പൂര്‍ണവില ലഭിക്കണമെന്നാവശ്യപ്പെട്ട് രവി നായര്‍ പഞ്ചായത്ത് വാഗ്ദാനം ചെയ്ത തുക നിരസിക്കുകയായിരുന്നു. സ്വന്തമായി കരം അടയ്ക്കുന്ന ഭൂമിക്ക് നിയമപരമായി ന്യായമായ വില വേണമെന്ന് മാത്രമാണ് രവിനായരുടെ ആവശ്യം. ഇതിന് വേണ്ടിയുള്ളചര്‍ച്ചകള്‍ക്കൊരുക്കമുള്ളതാണെങ്കിലും, നടപടി സ്വീകരിക്കാതെ ആശ്വാസവാക്കുകളിലൊതുങ്ങുകയാണ് അധികാരികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.2023വരെ കരം സ്വീകരിച്ചിരുന്ന ഭൂമിക്ക് 2024ല്‍ കരം സ്വീകരിക്കാന്‍ പറ്റില്ലയെന്ന് വില്ലേജ് അധികൃതര്‍ വ്യക്തമാക്കിയതോടെ കോടതിയെ വീണ്ടും സമീപിച്ചു. ഹൈക്കോടതി ഇടപെട്ട ശേഷം മാത്രമാണ് കരം സ്വീകരിക്കാന്‍ അനുമതി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കെ എസ് ആര്‍ ടി സി ഭൂമിയുടെ ഉടമാവകാശം ഉറപ്പിക്കാന്‍ ശ്രമിച്ചതായും രവി നായര്‍ ആരോപിക്കുന്നു. നിലവില്‍ ആറ് കോടിയോളം രൂപയയാണ് ഡിപ്പോ നിര്‍മ്മാണത്തിനായി ഇതുവരെ ചെലവിട്ടത്. മുന്‍ എം എല്‍ എ അടൂര്‍ പ്രകാശും നിലവിലെ എം എല്‍ എ കെ യു ജനീഷ് കുമാറും ആറു കോടിയോളം രൂപയാണ് ഇവിടെ ചെവിട്ടത്. ഇപ്പോള്‍ രവി നായര്‍ ആവശ്യപ്പെടുന്ന നിലയില്‍ ഭൂവില നല്‍കാന്‍ പഞ്ചായത്ത് ആവശ്യമായ പത്തു കോടി രൂപ കണ്ടെത്തേണ്ടിവരും. അതിനുള്ള സാധ്യത കുറവാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.നിലവില്‍, ഡിപ്പോയുടെ ഓഫീസും ഗ്യാരേജും പാര്‍ക്കിംഗും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഭൂമിയുടെ വില സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പോയി കണ്ടിരുന്നതായി രവി നായര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് നടപടി എടുക്കാന്‍ വകുപ്പിന് കഴിയില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്. സ്ഥലം എം എല്‍ എയോടും മന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയതിയും രവി നായര്‍ പറഞ്ഞു.