Connect with us

From the print

സമ്മർദത്തിനൊടുവിൽ ഹൈക്കമാൻഡ് അനുമതി; കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും

അനിശ്ചിതത്വം തുടരുന്നതിനിടെ സുധാകരന്റെ കടുത്ത സമ്മർദത്തിന് പിന്നാലെ ഹൈക്കമാൻഡ് ഇടപെടുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറി നിന്ന കെ സുധാകരൻ കെ പി സി സി പ്രസിഡന്റ്സ്ഥാനത്ത് ഇന്ന് തിരിച്ചെത്തും. വോട്ടെടുപ്പിന് ശേഷം തിരികെ ചുമതലയേൽക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ സുധാകരന്റെ കടുത്ത സമ്മർദത്തിന് പിന്നാലെ ഹൈക്കമാൻഡ് ഇടപെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ വേണ്ടിയാണ് ചുമതല ഏൽക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുധാകരൻ കണ്ണൂരിലെ സ്ഥാനാർഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലക്ക് മുതിർന്ന നേതാവ് എം എം ഹസന് ആക്ടിംഗ് പ്രസിഡന്റായി ചുമതല നൽകിയത്.

എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം സുധാകരന് തിരികെ ചുമതല നൽകിയിരുന്നില്ല. ഇതേച്ചൊല്ലി പാർട്ടിയിൽ തർക്കം ഉടലെടുത്തു. വിഷയം പാർട്ടിയിൽ കൂടുതൽ ഭിന്നതക്കും ഗ്രൂപ്പിസത്തിനും വഴിവെക്കുമെന്ന നിഗമനത്തെ തുടർന്നാണ് സുധാകരൻ തന്നെ തുടരാൻ ഹൈക്കമാൻഡിന്റെ തീരുമാനം. അധ്യക്ഷ പദവി ഉടൻ ഏറ്റെടുക്കുമെന്നും പദവിയെ ചൊല്ലി ഒരു തർക്കവുമില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഇതിനുപിന്നാലെയാണ് പാർട്ടി തീരുമാനം പുറത്തുവിട്ടത്.
പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പല പ്രസ്താവനകളും നടത്തിയ സുധാകരനെ മാറ്റണമെന്ന വികാരം പാർട്ടിക്കുള്ളിലുണ്ട്. ഇതിന് അവസരമൊരുങ്ങുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കെ സുധാകരൻ കടുത്ത സമ്മർദം ചെലുത്തിയത്. ഇതാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. അതേസമയം, കെ പി സി സി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് ഏറ്റെടുക്കാവുന്നതേ ഉള്ളൂവെന്നുമാണ് സുധാകരൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടിക്കുള്ളിൽ തനിക്കെതിരെ ആരും ഒരു തന്ത്രവും മെനയുന്നില്ലെന്നും തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest