Connect with us

Uae

ദേര മാർക്കറ്റുകളിൽ പൈതൃക പാതകൾ തുറന്നു

പൂർത്തിയാക്കിയത് 1.7 കി. മീ. ദൈർഘ്യമുള്ള മൂന്ന് ടൂറിസ്റ്റ് പാത

Published

|

Last Updated

ദുബൈ|ദേരയിലെ മാർക്കറ്റുകളിൽ 9.5 മില്യൺ ദിർഹത്തിന്റെ പൈതൃക വികസന പദ്ധതി ദുബൈ മുനിസിപ്പാലിറ്റി പൂർത്തിയാക്കി. 1,784 മീറ്റർ നീളമുള്ള മൂന്ന് പൈതൃക പാതകളാണ് ഇവിടെ തുറന്നത്. ദേരയിലെ ഗ്രാൻഡ് സൂക്കിലെ 500-ൽ അധികം കടകളെ പിന്തുണക്കുന്നതിനും മാർക്കറ്റുകളുടെ ചരിത്രപരമായ സ്വഭാവം സംരക്ഷിക്കുന്നതിനും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിനും ഈ പാതകൾ സഹായിക്കും.

ഗോൾഡ് സൂഖ് ട്രെയിൽ (995 മീറ്റർ), അൽ അഹ്‌മദിയ സ്‌കൂൾ ഹെറിറ്റേജ് ആക്‌സിസ് (430 മീറ്റർ), സ്‌പൈസ് സൂഖ് ആക്‌സിസ് (359 മീറ്റർ) എന്നിവയാണ് മൂന്ന് പാതകൾ. ഗോൾഡ് സൂഖ്, ഹെർബ്‌സ് മാർക്കറ്റ്, സ്‌പൈസ് സൂഖ്, പാത്ര സൂഖ്, പെർഫ്യൂം മാർക്കറ്റ്, കാർപെറ്റ് മാർക്കറ്റ്, ടെക്‌സ്‌റ്റൈൽസ് സൂഖ്, ഹൗസ്‌ഹോൾഡ് മാർക്കറ്റ് എന്നിവയുൾപ്പെടെ ഏഴ് പരമ്പരാഗത വിപണികളെയും അൽ അഹ്‌മദിയ പ്രദേശത്തെയും ഈ പാതകൾ ബന്ധിപ്പിക്കുന്നു.

ദുബൈയുടെ പൈതൃക സ്ഥല സംരക്ഷണ പരിപാടിക്കും ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിനും അനുസൃതമായാണ് ഈ പദ്ധതി. നവീകരിച്ച പൊതു ഇടങ്ങൾ, 210 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ തുണികൊണ്ടുള്ള ഷേഡിംഗ് ഘടനകൾ, ബിൻ നഈം പള്ളിക്ക് പിന്നിൽ 200 ചതുരശ്ര മീറ്റർ മേലാപ്പ് എന്നിവ മെച്ചപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു. ഷോപ്പ് ലൈറ്റിംഗ് നവീകരിക്കുകയും 38 സൈൻബോർഡുകളും 154 ഫ്‌ലോർ മാർക്കിംഗുകളും സ്ഥാപിക്കുകയും 770 ചതുരശ്ര മീറ്റർ നടപ്പാതകൾ മെച്ചപ്പെടുത്തുകയും ചെയ്തു.

സന്ദർശക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി മൂന്ന് പൊതു സ്‌ക്വയറുകൾ പുതിയ ഇരിപ്പിടങ്ങളും മെച്ചപ്പെട്ട സൗകര്യങ്ങളും വികസിപ്പിച്ചു. ദേരയിലെ പൈതൃക വിപണികൾ ദുബൈയുടെ സാംസ്‌കാരികവും ചരിത്രപരവുമായ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസിയുടെ സി ഇ ഒ ബദർ അൻവാഹി പറഞ്ഞു. സാംസ്‌കാരികവും ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ആഗോള നിലനിൽപ്പിനെ ഇത് ശക്തിപ്പെടുത്തുന്നു. പുതിയ നവീകരണം സാമ്പത്തിക വളർച വർധിപ്പിക്കുകയും വ്യാപാരികളെയും നിക്ഷേപകരെയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest