Kerala
മുരാരി ബാബുവിന്റെ ആഡംബര വീട് നിര്‍മാണവും സംശയ നിഴലില്‍
രണ്ടു കോടി രൂപ ചെലവഴിച്ച് കോട്ടയം പെരുന്നയിലാണ് 2019ല്‍ വീട് നിര്‍മിച്ചത്
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായ മുരാരി ബാബുവിന്റെ ആഡംബര വീട് നിര്‍മാണവും സംശയ നിഴലില്‍. രണ്ടു കോടി രൂപ ചെലവഴിച്ച് കോട്ടയം പെരുന്നയിലാണ് 2019ല്‍ വീട് നിര്‍മിച്ചത്. പെരുന്നയില്‍ പോലീസ് പരിശോധന നടത്തി. മുരാരി ബാബുവിന്റെ സാമ്പത്തിക സ്രോതസ്സ് എസ് ഐ ടി അന്വേഷിക്കും. കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു.
ക്ഷേത്രാവശ്യങ്ങള്‍ക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് മുരാരി ബാബു വീടുപണിക്കുള്ള തേക്കുതടികള്‍ വാങ്ങിയതെന്നും സൂചനയുണ്ട്. തിരുനക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികള്‍ക്കായി തേക്കുതടികള്‍ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്.
അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയില്‍നിന്ന് ഏര്‍പ്പാടാക്കാന്‍ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയില്‍നിന്നു നല്‍കി. തിരുനക്കരയിലും ഏറ്റുമാനൂരിലും ഈ സമയത്ത് ഇത്രയധികം തടിപ്പണികള്‍ നടന്നിട്ടില്ലെന്നു ദേവസ്വം മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറേനടയിലെ കട്ടിള മാറാനായി പാഴ്ത്തടിയാണ് എത്തിച്ചത്. ഉപദേശകസമിതി എതിര്‍ത്തതിനാല്‍ പണി നടത്തിയില്ല. പെരുന്നയില്‍ രണ്ടു നിലകളുള്ള കൊട്ടാര സതൃശമായ വീട് ഒന്നരവര്‍ഷം കൊണ്ടു പണിതീര്‍ത്തു. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന നടത്തി. മുന്തിയ തടി ഉരുപ്പടികള്‍ പാകിയ വീടിന് വീടിനു മാത്രം രണ്ടു കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കുന്നു. ഈ വീട്ടില്‍നിന്നാണു ബുധനാഴ്ച രാത്രി മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കൊള്ളക്കേസില്‍മുരാരി ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുരാരി ബാബുവിന്റെ പ്രവൃത്തി ശബരിമലയുടെ പ്രശസ്തിക്ക് കോട്ടം തട്ടാന്‍ കാരണമായെന്നും മുരാരി ബാബു സ്വര്‍ണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് മനഃപൂര്‍വമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 1994 ല്‍ മുരാരി ബാബു പോലീസ് ജോലി ഉപേക്ഷിച്ചതും അന്വേഷണ പരിധിയിലുണ്ട്.
1998ല്‍ ഈ പാളികള്‍ സ്വര്‍ണം പൂശിയതാണെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും സ്വര്‍ണപ്പാളികളെ ചെമ്പുപാളികളെന്ന് ബോധപൂര്‍വം രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇയാള്‍ ഗൂഢാലോചന നടത്തിയതായും വിശദാംശങ്ങള്‍ പുറത്തുവരണമെങ്കില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് ഇദ്ദേഹം.


