Kerala
പി എം ശ്രീ: അസാധാരണ തിടുക്കത്തോടെ ഒപ്പുവയ്ക്കാന്‍ എന്ത് സമ്മര്‍ദമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍
സി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചു
കൊച്ചി | മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ എന്ത് സമ്മര്‍ദമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. കേരളത്തെ മുഴുവന്‍ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചെന്ന് വിഡി സതീശന്‍ പറഞ്ഞു. തീയതിയും മറ്റ് കാര്യങ്ങളും കാണുമ്പോള്‍ തീര്‍ച്ചയായും ഗൂഢാലോചനയും ദുരൂഹതയും ഇതിന് പിന്നിലുണ്ടെന്ന് അദേഹം ആരോപിച്ചു. എന്തിനാണ് മന്ത്രിസഭ. സി പി ഐ മന്ത്രിമാരും മറ്റ് മന്ത്രിമാരും രാജിവെച്ച് പോകുന്നതാണ് നല്ലതെന്നും വി ഡി സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ നിലപാടില്‍ ഇപ്പോള്‍ മലക്കം മറിയാനുള്ള കാരണമാണ് അറിയേണ്ടത്. എന്തുകൊണ്ടാണ് പത്താം തീയതിയിലെ പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടായ മലക്കം മറിച്ചിലെന്ന് അദ്ദേഹം ചോദിച്ചു. ഒരു കൂടിയലോചനകളും ഇല്ലാതെ ഒപ്പുവെച്ചു. ഇതിന് മറുപടി പറയണം. ബിനോയ് വിശ്വം ചോദിച്ചതിന് മറുപടി പറയുന്നില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. 16ന് ഒപ്പുവച്ചിട്ടാണ് മന്ത്രിസഭാ അംഗങ്ങളെയടക്കം കബളിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി പറയുന്നു.
വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്തു പ്രതിസന്ധിയാണ് ഉള്ളതെന്ന് വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്ന് അദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.



