Education
ഹാദി ബിരുദ ദാനം: ജാമിഅതുൽ ഹിന്ദ് അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസ് രജിസ്ട്രേഷൻ നാളെ അവസാനിക്കും
ഈജിപ്തിലെ റാബിത്വത്തുൽ ജാമിആത്തിൽ ഇസ്ലാമിയ്യയുമായി സഹകരിച്ചാണ് അക്കാദമിക് കോൺഫറൻസ് നടത്തുന്നത്
കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ അഞ്ചാം ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസിനുള്ള അപേക്ഷ സ്വീകരിക്കൽ നാളെ അവസാനിക്കും. ജാമിഅതുൽ ഹിന്ദിന്റെ കീഴിൽ ഡിഗ്രി, പി ജി, ഗവേഷണ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം. വിദ്യാർഥികൾ നിലവിൽ പഠിക്കുന്ന സ്ഥാപന പരിധിയിലെ ദാഇറ കമ്മിറ്റികൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
അമ്പതിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന കോൺഫറൻസിന് അടുത്ത മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കുറ്റ്യാടി സിറാജുൽ ഹുദയാണ് ആതിഥ്യമരുളുന്നത്.
ഈജിപ്തിലെ കൈറോ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കൂട്ടായ്മ റാബിത്വത്തുൽ ജാമിആത്തിൽ ഇസ്‌ലാമിയ്യ (ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ്) യുമായി സഹകരിച്ചാണ് ജാമിഅതുൽ ഹിന്ദ് അക്കാദമിക് കോൺഫറൻസ് നടത്തുന്നത്. ഈജിപ്ത്, ജോർദാൻ, അൾജീരിയ, ചാഡ് തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള യൂനിവേഴ്‌സിറ്റി തലവന്മാരും അക്കാദമിക് വിദഗ്ധരുമാണ് കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റി പ്രതിനിധികളും പേപ്പറുകൾ അവതരിപ്പിക്കും. അൽ അസ്ഹർ യൂനിവേഴ്‌സിറ്റി, സൈതൂന യൂനിവേഴ്‌സിറ്റി തുടങ്ങിയ ലോക പ്രശസ്ത ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രതിനിധികളുടെയും മറ്റും കീ നോട്ട് പ്രഭാഷണങ്ങളുമുണ്ടാകും.
ശാസ്ത്രീയ ഗവേഷണങ്ങൾ, മനുഷ്യന്റെ ബോധങ്ങൾ എന്ന വിഷയത്തിലാണ് കോൺഫറൻസ്.
ശാസ്ത്രം, തത്ത്വചിന്ത, സാമൂഹിക വികസനം തുടങ്ങിയവയെല്ലാം ചർച്ചക്ക് വരുന്ന കോൺഫറൻസിൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ് കേന്ദ്രീകരിച്ചുള്ള ശാസ്ത്ര സങ്കൽപ്പങ്ങളും കണ്ടുപിടിത്തങ്ങളും ചർച്ച ചെയ്യും. നവഭാരത നിർമിതിക്കായുള്ള ശാസ്ത്ര മുന്നേറ്റങ്ങളും പ്രത്യേകം വിശകലനം ചെയ്യും.


